SignIn
Kerala Kaumudi Online
Monday, 18 May 2026 2.06 AM IST

മനം നിറയെ മകം തൊഴുത് പതിനായിരങ്ങൾ

makam-

ചോറ്റാനിക്കര: അഭീഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മയെ മകംതൊഴുത് പതിനായിരക്കണക്കിന് ഭക്തർ ദർശനപുണ്യം നേടി. ഉത്സവത്തിന്റെ ഏഴാംദിവസമായ ഇന്നലെയായിരുന്നു പ്രസിദ്ധമായ മകം തൊഴൽ. പുലർച്ചെ മുതൽ ക്ഷേത്രപരിസരം ഭക്തജനത്തിരക്കിൽ നിറഞ്ഞു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് മകം തൊഴലിനായി തന്ത്രി പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി നടുവം കൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ ശ്രീകോവിൽ തുറന്നതോടെ “അമ്മേ നാരായണ, ദേവീ നാരായണ” നാമജപം മുഴങ്ങി. മണിനാദവും വാദ്യമേളങ്ങളും കതിനാവെടികളും മുഴങ്ങി. പുഷ്പാലങ്കാര ഭംഗിയോടെ ശ്രീകോവിലിൽ നിറയെ നെയ്‌വിളക്കുകൾ തെളിഞ്ഞുനിന്നത് അപൂർവ ദർശനമൊരുക്കി.

അഭയവരദമുദ്രകളോടെ പ്രത്യേക തങ്കഗോളകം ചാർത്തി സർവാഭരണവിഭൂഷിതയായ ദേവീരൂപമാണ് ഭക്തർക്ക് ദർശനപുണ്യമേകിയത്. രത്നങ്ങൾ പതിച്ച സ്വർണക്കിരീടം, സ്വർണത്തിന്റെ അഞ്ചുതാലി, മുല്ലമൊട്ടുമാല, അഷ്ടലക്ഷ്മിമാല, കാശുമാല, നെക്ലസ്, ആയുധമാല, സഹസ്രനാമമാല, രുദ്രാക്ഷമാല, സ്വർണഒഡ്യാണം തുടങ്ങി വിശേഷാഭരണങ്ങൾ അണിയിച്ച ദേവിയെ ചെത്തി, തുളസി, താമര എന്നിവയാൽ കേശാദിപാദം പൂമാലകൾ അലങ്കരിച്ചിരുന്നു.

രാവിലെ ദേവിയേയും ശാസ്താവിനേയും ഓണക്കുറ്റിച്ചിറയിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു. ആറാട്ട് കഴിഞ്ഞ് പറയെടുപ്പും അഞ്ച് ഗജവീരന്മാരെ അണിനിരത്തി മേളത്തോടുകൂടി മകം എഴുന്നള്ളിപ്പും നടന്നു. തന്ത്രി പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകൾക്കുശേഷമാണ് അലങ്കാരത്തിനായി നടഅടച്ചത്.

ഉച്ചയ്ക്ക് ആരംഭിച്ച മകംതൊഴൽ രാത്രി 9.30വരെ നീണ്ടുനിന്നു. തുടർന്ന് ദേവിയേയും ശാസ്താവിനേയും മങ്ങാട്ട് മനയിലേക്ക് ആനപ്പുറത്തേറ്റി എഴുന്നള്ളിച്ച് അവിടെ പൂജനടത്തി. പറയെടുപ്പിനുശേഷം തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയപ്പോൾ മകം വിളക്കിനെഴുന്നള്ളിപ്പും നടന്നു.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ വനിതാ പോലീസടക്കം 800ലധികം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിച്ചിരുന്നു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്കായി ലഘുഭക്ഷണവും ദാഹജലവും വിതരണംചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, DEVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL