
പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തിന് മുൻ പേഴ്സണൽ അസിസ്റ്റന്റിനെ ഒഴിവാക്കി സി പി എം. പാലക്കാട് മുണ്ടൂരിൽ പാർട്ടി അനുഭാവികൾ സംഘടിപ്പിക്കുന്ന 'നൂറിന്റെ നിറവിൽ വി എസ്' എന്ന പരിപാടിയിലാണ് സന്തത സഹചാരിയായിരുന്ന എ സുരേഷിനെ ഒഴിവാക്കിയത്.
സുരേഷിന്റെ പേരില്ലാത്ത പോസ്റ്റർ ഇറക്കിയിട്ടുണ്ട്. മുമ്പ് വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. ഈ മാസം ഇരുപതിനാണ് വി എസിന്റെ പിറന്നാൾ ദിനം. പാർട്ടി അനുഭാവികളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നേരത്തെ സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. എ പ്രഭാകരൻ എം എൽ എ അടക്കം സി പി എമ്മുകാരാണ് അതിഥികളെല്ലാം.
എന്നാൽ സുരേഷിനെ ക്ഷണിച്ചത് ചില നേതാക്കൾക്ക് പിടിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. സുരേഷ് മറ്റ് പാർട്ടികളിലൊന്നും ചേർന്നില്ലെന്നും സി പി എമ്മിലേക്ക് മടങ്ങിവരാൻ അപ്പീൽ നൽകി കാത്തിരിക്കുകയാണെന്ന് സംഘാടകർ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |