
തൃശൂർ: സ്വർണവില വർദ്ധിക്കുമ്പോൾ, ആഭരണ നിർമ്മാതാക്കൾ നിരവധിയുള്ള തൃശൂരിലെ പണിശാലകളിൽ നിന്നും ഉരുപ്പടികളുമായി പോകുന്ന കാരിയർമാരെയും ലക്ഷ്യമിട്ട് കവർച്ചാസംഘം. കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന സംഭവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരിയർമാരെ കവർച്ചാ സംഘങ്ങൾ ലക്ഷ്യമിടുന്നത് വർദ്ധിച്ചതോടെ കൊറിയർ, ലോജിസ്റ്റിക്‌സ് വഴിയാണ് ആഭരണ നിർമ്മാതാക്കളിൽ പലരും റീട്ടെയിൽ ജ്വല്ലറികളിലേക്ക് സ്വർണം എത്തിക്കുന്നത്. സ്വർണവില കൂടുകയും പുതുതലമുറയ്ക്ക് ആഭരണപ്രിയം കുറയുകയും ചെയ്യുന്നതിനിടെ കവർച്ചാസംഘങ്ങളും പെരുകുന്നത് മേഖലയ്ക്ക് വൻതിരിച്ചടിയാണ്.
കാരിയറെ കവർന്നു, സ്വർണമില്ല
പുത്തൻ പള്ളിക്ക് സമീപമുള്ള സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണം റീട്ടെയിൽ ജ്വല്ലറികളിലെത്തിക്കുന്നയാളെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏപ്രിൽ ഏഴിന് വൈകിട്ട് ഏഴിന്. കാരിയറെ പിന്തുടർന്ന് മൂന്നംഗ സംഘം തൃശൂർ റെയിൽവേ സ്റ്റേഷൻ വരെയെത്തി. പാർസൽ സർവീസ് ഏരിയയുടെ അടുത്തെത്തിയ കാരിയറെ ബലമായി കാറിലേക്ക് കയറ്റി. പിടിവലിക്കിടെ കാരിയറുടെ കാൽ ഡോറിന് പുറത്തായി. ബഹളം വയ്ക്കാൻ തുടങ്ങിയതോടെ 500 മീറ്റർ അകലെ ദിവാൻജി മൂലയിൽ ഇറക്കിവിട്ട് തടിതപ്പി.
യഥാർത്ഥത്തിൽ കോഴിക്കോട് സ്വദേശിയായ കാരിയറുടെ കൈയിൽ ആഭരണമുണ്ടായിരുന്നില്ല. വീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഇയാൾ. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലീസിനെടുത്ത കാർ ഉപയോഗിച്ച്, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സി.സി.സി.ടി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ്, കാറിന്റെ ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും പ്രതികളിൽ ഒരാളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
എം.ഡി.എം.എ കേസിൽ ഉൾപ്പെടെ പ്രതിയായ പൊന്നാനി സ്വദേശി ജഷീർ (25), സഹോദരൻ സബീർ (29) എന്നിവരാണ് കൃത്യത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. തൊട്ടടുത്ത ദിവസം അറസ്റ്റിലായ സബീറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ സഹോദരൻ ജഷീറിനും കൃത്യത്തിൽ പങ്കെടുത്ത മൂന്നാമനുമായി പൊലീസ് തെരച്ചിലിലാണ്. ഇതിനിടെ കവർച്ചാ സംഘത്തിന് കാരിയറെ കുറിച്ച് വിവരം കൈമാറിയ ജ്വല്ലറിയിലെ ആഭരണ നിർമ്മാണ തൊഴിലാളി നിസാമുദ്ദീനും (19) അറസ്റ്റിലായി. ഞായറാഴ്ച ഇയാളെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |