SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

ജില്ലയിൽ 1200 ലേറെ സ്‌കൂളുകൾ കായികാദ്ധ്യാപകർ 180 ...! കിതച്ച് കിതച്ച് കായിക പരിശീലനം

തൃശൂർ : ജില്ലയിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ 1200 ലേറെ സ്‌കൂളുകൾ. കായിക അദ്ധ്യാപകരുള്ളത് വെറും 180 ൽ താഴെ. സർക്കാർ സ്‌കൂളുകളിൽ 35ൽ താഴെ മാത്രം കായിക അദ്ധ്യാപകർ. ഇവരിൽ നാലു പേർ ഈ വർഷം വിരമിക്കുന്നതോടെ അംഗസംഖ്യ ഇനിയും കുറയും. 250 കുട്ടികൾക്ക് ഒരു കായിക അദ്ധ്യാപകൻ വേണമെന്നാണ് കേന്ദ്ര നിർദ്ദേശം.എന്നാൽ കേരളത്തിലെ ഒരു സ്‌കൂളിൽ പോലും ഈ നിർദ്ദേശം പാലിക്കപ്പെടുന്നില്ല. 80 ശതമാനം സ്‌കൂളുകളിലും നിലവിൽ കായിക അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ്. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വലിയ സ്‌കൂളുകളിൽ പോലും പരമാവധി രണ്ട് അദ്ധ്യാപകർ മാത്രമാണുള്ളത്. മറ്റ് വിഷയങ്ങൾക്ക് കൃത്യമായ മാനദണ്ഡം പാലിച്ച് അദ്ധ്യാപകരെ നിയമിക്കുമ്പോഴാണ് കായിക മേഖലയോടുള്ള ഈ അവഗണന. നിയമനം നടക്കാത്തത് മൂലം നൂറുക്കണക്കിന് കായിക ഉദ്യോഗാർത്ഥികളാണ് പുറത്തുനിൽക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള കായിക പിരീഡുകൾ പോലും ഭൂരിഭാഗം എയ്ഡഡ് സ്‌കൂളുകളിലും മറ്റ് വിഷയങ്ങൾ പഠിപ്പിക്കാനായി മാറ്റിവയ്ക്കുകയാണ്.


ഹയർ സെക്കഡറിയിൽ വട്ടം പൂജ്യം ...

സർക്കാർ തലത്തിൽ ഹയർ സെക്കൻഡറി മേഖലയിൽ കായിക അദ്ധ്യാപകരുടെ എണ്ണം വട്ടപൂജ്യമാണ്. ഹൈസ്‌കൂൾ അദ്ധ്യാപകർ സമയം കണ്ടെത്തി നൽകുന്ന പരിശീലനമാണ് ഇവരുടെ ആശ്രയം.
ദേശീയതലത്തിൽ 17, 19 വയസ്സിന് താഴെയുള്ളവർക്കാണ് പ്രധാന മത്സരങ്ങൾ. ഹയർ സെക്കൻഡറി തലത്തിൽ മികച്ച പരിശീലനം ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മതിയായ പരിശീലകരുടെ അഭാവം മൂലം സംസ്ഥാന തലത്തിൽ വിജയിക്കുന്ന ഭൂരിഭാഗം പേരും ആയിരക്കണക്കിന് രൂപ ചെലവഴിച്ച് സ്വകാര്യ അക്കാഡമികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കഴിവുള്ള നിരവധി താരങ്ങൾ സ്‌കൂൾതലങ്ങളിൽ ഉണ്ടെങ്കിലും മികച്ച പരിശീലനം ഇവർക്ക് ലഭിക്കുന്നില്ല. പല പഞ്ചായത്തുകൾക്കും സ്വന്തമായി ഗ്രൗണ്ടുകളില്ല. സ്‌കൂൾ മുറ്റത്തെ പരിമിത സൗകര്യങ്ങളിലാണ് പരിശീലനം.


പാഠപുസ്തകങ്ങൾ
അവഗണിക്കുന്നു

കുട്ടികളിൽ കായിക ശേഷി വികാസം, മാനസികാരോഗ്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ വളർത്താനായി എട്ടാം ക്ലാസ് വരെ സൗജന്യമായി നൽകുന്ന 'ആരോഗ്യകായിക വിദ്യാഭ്യാസ പുസ്തകം' മറിച്ചുനോക്കാൻ പോലും സ്‌കൂൾ അധികൃതർ തയ്യാറാകുന്നില്ല.
സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ കായികമേളകളിൽ പങ്കെടുക്കാൻ പോലും സ്വകാര്യ അക്കാഡമികളെ ആശ്രയിക്കേണ്ടി വരുന്നത് ഭാവിയിലെ കായിക താരങ്ങളെ പ്രതിസന്ധിയിലാക്കുന്നെന്ന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാണിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL