
ജയ്പൂർ: ഐപിഎല്‍ 2026 സീസണിലെ അവിശ്വസനീയ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവംശി. ക്രിക്കറ്റിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൻ വൈഭവ് പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കിയിരുന്നു. പഠനത്തിൽ മിടുക്കനാണെങ്കിലും കായികരംഗത്തെ തിരക്കുകൾ കാരണം സ്കൂളിൽ സ്ഥിരമായി പോകാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാരണങ്ങൾ ചൂണ്ടികാട്ടി വൈഭവ് സൂര്യവംശിക്കെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള ആക്ടിവിസ്റ്റ് ജഗദീഷ്.
15 വയസ്സുകാരനായ വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്നും ജഗദീഷ് ഭീഷണിപ്പെടുത്തിയ തരത്തിലുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൈഭവ് പഠിക്കേണ്ട സമയമാണ് ഇതെന്നും ഇക്കാര്യത്തിൽ ലേബർ കമ്മീഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജഗദീഷ് വീഡിയോയിൽ ആവശ്യപ്പെടുന്നു. അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങൾ എത്രത്തോളം ഗൗരവത്തിലുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
2026 സീസണിൽ പത്ത് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 404 റൺസാണ് അടിച്ചു കൂട്ടിയത്. ഐപിഎല്ലിൽ ഒരു സീസണിന് 1.10 കോടി രൂപയാണ് വൈഭവിനു ലഭിക്കുന്ന പ്രതിഫലം. ഐപിഎൽ ലേലത്തിൽ വിറ്റു പോയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും വൈഭവിന് സ്വന്തമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ബീഹാറിന് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |