SignIn
Kerala Kaumudi Online
Thursday, 19 February 2026 9.22 AM IST

'റോയിക്കുമേൽ സമ്മർദ്ദം ചെലുത്തിയില്ല, പരിശോധന നിയമപരമായി'; വിശദീകരണവുമായി ആദായ നികുതി വകുപ്പ്

Increase Font Size Decrease Font Size Print Page
c-j-roy

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ പരിശോധന നടത്തിയതിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ്. പരിശോധനകളും നടപടികളുമെല്ലാം നിയമപരമായിരുന്നുവെന്നും റോയിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നുമാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റൊരു സാക്ഷിയുടെ സാന്നിദ്ധ്യത്തിലാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ആദായനികുതി വകുപ്പ് നടത്തിയിട്ടില്ല.

അതേസമയം, റോയ് ജീവനൊടുക്കിയതിനുപിന്നിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് കുടുംബം ആരോപിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ നിരന്തര സമ്മര്‍ദ്ദം കാരണമാണ് റോയ് ജീവനൊടുക്കിയതെന്ന് സഹോദരന്‍ സി ജെ ബാബു ആരോപിച്ചത്. ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തി ബുദ്ധിമുട്ടിച്ചെന്നും ബിസിനസ് പ്രശ്‌നങ്ങളോ വായ്പാ കുടിശ്ശികയോ റോയിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റോയിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ചുമതല കര്‍ണാടക സിഐഡിക്ക് കൈമാറി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ റോയിയുടെ മരണം അതീവ ഗൗരവത്തോടെ അന്വേഷിക്കാന്‍ സിഐഡിക്ക് നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.

ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡിസംബർ 28നാണ് ആദ്യ റെയ്ഡ് നടത്തിയത്.

ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തുകയും രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി. ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുമ്പോൾ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നാണ് വിവരം. മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കാൻ സ്വന്തം ചേംബറിലേക്ക് പോയ റോയ്, തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, INCOME TAX DEPARTMENT, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY