തിരുവനന്തപുരം: മൂടിയില്ലാത്ത ഓടകളും മരണക്കുരുക്കായ കേബിളുകളും യാത്രക്കാരുടെ ജീവനെടുക്കുന്നത് ആവർത്തിച്ചിട്ടും കണ്ണടച്ച് അധികൃതർ. റോഡ് സുരക്ഷയുടെ പേരിൽ ലിറ്ററിന് ഒരു രൂപയാണ് ഇന്ധന സെസ് പിരിക്കുന്നത്.
റോഡു സുരക്ഷയ്ക്ക് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 68 കോടി രൂപയിൽ മുക്കാൽ ഭാഗവും പൊലീസ് - മോട്ടോർ വാഹന വകുപ്പുകൾക്ക് എൻഫോഴ്സ്മെന്റ് വാഹനങ്ങളും കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങി ധൂർത്തടിക്കുകയായിരുന്നു.
ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും റോഡുകൾ സുരക്ഷിതമാക്കാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ കാര്യക്ഷമമായി ഇടപെടുന്നില്ല. തിങ്കളാഴ്ച രാത്രി കായംകുളം ഇടശേരി ജംഗ്ഷനിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിൾ കഴുത്തിൽ കുരുങ്ങി കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയുടെ ജീവൻ പൊലിഞ്ഞത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്വകാര്യ കമ്പനിയുടെ കേബിൾ താഴ്ന്ന് കിടക്കുന്നത് കണ്ട് വിജയൻ പെട്ടെന്ന് തലകുനിച്ചെങ്കിലും ഉഷയുടെ കഴുത്തിൽ കേബിൾ കുടുങ്ങി വീഴുകയായിരുന്നു.
എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയ ശേഷം മടങ്ങുകയായിരുന്നു.
ഇതിന്റെ നടുക്കം മാറുംമുമ്പേ, ഇന്നലെ, കൊടുങ്ങല്ലൂരിൽ പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതി കാനയിൽ വീണു. സമീപത്തെ കച്ചവടക്കാരാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.
ദേശീയ പാത ആറുവരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലും മതിയായ സുരക്ഷയില്ല. പലിടത്തും വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാൻ ഇടയാക്കുന്നവിധം തുറസായി കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ വാട്ട്സ് ആപ് , ടോൾ ഫ്രീ നമ്പരുകളിൽ കഴിഞ്ഞ മാസം അപകടകരമായ റോഡുകളെ സംബന്ധിച്ച് നൂറോളം പരാതികളാണ് ലഭിച്ചത്.
ബ്ളാക്ക് സ്പോട്ടുകൾ സുരക്ഷിതമാക്കാനുള്ള നടപടികൾക്ക് പുറമേ ജില്ലാറോഡ് സുരക്ഷാ അതോറിട്ടികളുടെ ശുപാർശപ്രകാരമുള്ള സൈൻ ബോർഡ് ,സിഗ്നൽ ലൈറ്റ് സ്ഥാപിക്കലുൾപ്പെടെ ചില പദ്ധതികൾ മാത്രമാണ് പേരിനെങ്കിലും സാധാരണക്കാരുടെ സുരക്ഷയ്ക്കായുള്ളത്.
കേബിൾ അപകടങ്ങൾ
2022ഡിസംബർ: എറണാകുളം ലായം റോഡിൽ കേബിൾ കുരുങ്ങി സ്കൂട്ടറിൽ നിന്ന് വീണ് സാബുവിനും ഭാര്യ സിന്ധുവിനും പരിക്ക്
2023 ജനുവരി 9 -കളമശേരി തേവയ്ക്കൽ മണലിമുക്ക് റോഡിൽ കേബിൾ കുരുങ്ങി ഇരുചക്രവാഹനയാത്രക്കാരൻ ശ്രീനിയ്‌ക്കും മകനും പരിക്ക്
ജനുവരി 13-തിരുവനന്തപുരം പൂജപ്പുരയ്ക്ക് സമീപം തിരുമലയിൽ കേബിൾ കഴുത്തിൽ കുരുങ്ങി പ്രഭാകരന് പരിക്ക്
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് മരിച്ചവർ
2022 ജൂൺ: തൃപ്പുണ്ണിത്തുറ മാർക്കറ്റ് റോഡിൽ ഏരൂർ സ്വദേശി വിഷ്ണു
2022 ജൂലായ്: തൃശൂർ പഴഞ്ഞി അരുവായ് സനു.സി.ജെയിംസ്
സെപ്തംബർ: -ആലുവ - പെരുമ്പാവൂർ റോഡിൽ കുഞ്ഞുമുഹമ്മദ്
2023 ഫെബ്രുവരി 2- പൈപ്പിടാൻ തുരന്ന കുഴിയിൽ വീണ് ഇടപ്പള്ളി കങ്ങരപ്പടി സ്വദേശി ശ്യാം
ഇരുചക്രവാഹന അപകടം
2022
അപകടങ്ങൾ- 28746
മരണം- 1651
കളക്ടറുടെറിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി: പൈപ്പിടാൻ ജലഅതോറിറ്റി റോഡ്കുഴിച്ചശേഷമുള്ള മൺകൂനയിൽ ബൈക്ക് ഇടിച്ച് എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമിൽ ജേക്കബ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഉടൻ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശം.
നേരത്തേ പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതിയുടെ മുൻ ഉത്തരവുകളുണ്ടെങ്കിലും സ്ഥിതിയിൽ മാറ്റമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.എം.ജി റോഡിലെ തുറന്നിരിക്കുന്ന കാന അടയ്ക്കാൻ പോലും നടപടിയുണ്ടായില്ല. ഇത്തരം അപകടങ്ങളുണ്ടായാൽ മറ്റു രാജ്യങ്ങളിൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |