ഡി ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണം എന്നിവ ആസ്വദിച്ച് കൊച്ചി കായലിൽ അഞ്ചര മണിക്കൂർ വെറും മൂവായിരം രൂപയ്ക്ക് യാത്ര ചെയ്യാം, അതും കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പലിൽ. വാടകയ്ക്കെടുത്ത ബോട്ടുമായി കായൽ ടൂറിസത്തിലേയ്ക്ക് ചുവടുവച്ച കൊച്ചിക്കാരൻ നിഷ്‌ജിത്ത് കെ ജോൺ രണ്ടു വർഷംകൊണ്ട് നിർമ്മിച്ച ഉല്ലാസക്കപ്പലാണ് ക്ലാസിക് ഇംപീരിയൽ.
കഴിഞ്ഞ ദിവസം കപ്പിൽ നീറ്റിലിറങ്ങിയിരുന്നു. കോടികൾ മുടക്കിയാണ് നിഷ്‌ജിത്ത് കപ്പൽ നിർമ്മിച്ചത്. കൊച്ചി കായലിലെ രാമൻതുരുത്തിലാണ് ക്ളാസിക് ഇംപീരിയലിന്റെ നീറ്റിലിറക്കൽ നടന്നത്.
കായലിൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറുകപ്പലും നിഷ്‌ജിത്തിന് നിലവിൽ സ്വന്തമായുണ്ട്. മറൈൻ ഡ്രൈവിലെ സ്വന്തം ജെട്ടിയിൽ നിന്നാണ് കപ്പൽ സർവീസ് നടത്തുന്നത്. ഇതിനായി ഒമ്പതു മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിംഗ് ജെട്ടി നിർമ്മിച്ചു. 12 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ഉരുളൻ എയർബാഗുകൾക്ക് മുകളിലൂടെയാണ് കപ്പൽ നീറ്റിലിറക്കിയത്. ഇതിനുമാത്രം ലക്ഷങ്ങൾ ചെലവ് വരും. രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ഇംപീരിയൽ ക്ളാസിക്കിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സൊനോവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.
വാച്ച് കമ്പനി പ്രതിനിധിയിൽ നിന്നാണ് കപ്പൽ ഉടമയെന്ന നിലയിൽ നിഷ്‌ജിത്ത് വളർന്നത്. വല്ലാർപാടത്തിനടുത്തുള്ള രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1,20,000 രൂപ മാസവാട നൽകി എടുത്ത് നിർമ്മാണകേന്ദ്രം ഒരുക്കി. 2002ലാണ് ബോട്ട് വാടകയ്‌ക്കെടുത്ത് നിഷ്ജിത്തും സുഹൃത്തും കായൽ ടൂറിസത്തിലേയ്ക്ക് ഇറങ്ങിയത്. ആദിത്യ ബോട്ട് ക്രൂസ് ആൻഡ് ടൂർസ് ഓപ്പറേറ്റേഴ്‌സ് എന്നായിരുന്നു രണ്ടു ബോട്ടുള്ള ആദ്യ കമ്പനിയുടെ പേര്. പിന്നീട് സ്വന്തമായി രൂപം നൽകിയ നിയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസ് നാല് ബോട്ടുകൾ നിർമ്മിച്ചു. ജെൻസി ഫിലിപ്പാണ് നിഷ്‌ജിത്തിന്റെ ഭാര്യ. മക്കൾ: നീരജ്, നിജിൽ.
ഡി ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണശാല, ഫീഡിംഗ് റൂം എന്നിവ ക്ലാസിക് ഇംപീരിയൽ കപ്പലിലുണ്ട്. കപ്പലിൽ 150 പേർക്കാണ് ഒരുസമയം യാത്ര ചെയ്യാനാവുക. ഭക്ഷണമുൾപ്പെടെ ഒരാൾക്ക് മൂന്ന് മണിക്കൂർ യാത്ര ചെയ്യാൻ 1,500 രൂപയാണ് നിരക്ക്. 3000 രൂപയ്ക്ക് സൺസെറ്റ് ക്രൂസ് ആസ്വദിക്കാം. അത്താഴം, ഹൈടീ എന്നിവ ഉൾപ്പെടെ അഞ്ചര മണിക്കൂർ യാത്രയ്ക്കാണ് ഈ നിരക്ക്.
മറൈൻ ഡ്രൈവിലെ പുറംകടലിലൂടെയാണ് കപ്പൽ യാത്ര ചെയ്യുന്നത്.
50 മീറ്റർനീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമാണ് കപ്പലിനുള്ളത്. 2020 മാർച്ച് അഞ്ചിന് നിർമ്മാണം തുടങ്ങി. 50 മീറ്ററാണ് ക്ളാസിക് ഇംപീരിയലിന്റെ വലിപ്പം. (47മീറ്ററുള്ള കെ.എസ്.ഐ.എൻ.സിയുടെ നെഫർടിറ്റി ക്രൂസാണ് നിലവിൽ കേരളത്തിൽ ഏറ്റവും വലുത്). ഇംപീരിയൽ ക്ശാസിക് സ്വപ്‌ന സാക്ഷാത്കാരമാണെന്നും ഇനിയും ഇത്തരം ഉദ്യമം ഏറ്റെടുക്കാനുള്ള കരുത്ത് നൽകുന്നുവെന്നും നിഷ്‌ജിത്ത് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |