ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം വിക്ഷേപിക്കാനിരിക്കെ ഇന്നലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഐ എസ് ആർ ഒയിലെ ശാസ്‌ത്രജ്ഞർ ദർശനം നടത്തിയിരുന്നു. അതിൽ ചന്ദ്രയാൻ 3ന്റെ ചെറിയ മാതൃകയുമായെത്തിയ ഋതു കരിദാറിനെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഈ ചാന്ദ്രദൗത്യത്തിന് ഒരു പ്രധാന പങ്ക് വഹിച്ച ഐ എസ് ആർ ഒയിലെ വനിതാ ശാസ്‌ത്രജ്ഞയാണ് ഋതു കരിദാൽ ശ്രീവാസ്‌തവ. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഡയറക്ടറായ ഋതു ലക്നൗ സ്വദേശിയാണ്. ഇന്ത്യയുടെ റോക്കറ്റ് വുമൺ എന്നും അറിയപ്പെടുന്നു.
1997 നവംബറിലാണ് ഋതു ഐ എസ് ആർ ഒയിലെ ജോലിയിൽ പ്രവേശിച്ചത്. ഐ എസ് ആർ ഒയുടെ മംഗൾയാൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഋതു ചൊവ്വാ ദൗത്യത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കൂടാതെ നിരവധി അഭിമാനകരമായ ദൗത്യങ്ങളിൽ ഋതു കരിദാൽ പ്രവർത്തിച്ചുട്ടുണ്ട്. കൂടാതെ ചില ദൗത്യങ്ങളിൽ ഓപ്പറേഷൻ ഡയറക്ടറായും പ്രവർത്തിച്ചു. എയ്‌റോസ്‌പേസ് വിദഗ്‌ദ്ധയാണ്.
കുട്ടിക്കാലം മുതൽ ബഹിരാകാശ പര്യവേക്ഷണത്തിൽ ഏറെ താൽപ്പര്യം ഉള്ള ആളായിരുന്നു ഋതു. ഐ എസ് ആർ ഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്നത് ഒരു ഹോബിയാക്കിയിരുന്നു. 1998ൽ ലക്നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എംടെക്കും നേടിയിട്ടുണ്ട്. ലക്നൗ സർവകലാശാലയിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിയായിരുന്നു ഋതുവെന്നാണ് അവിടത്തെ അദ്ധ്യാപകർ പറഞ്ഞത്. അന്താരാഷ്ട്ര ജേണലുകളിലടക്കം ഋതു 20ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യംഗ് സയന്റിസ്റ്റ് അവാർഡ്, ഐഎസ്ആർഒ ടീം അവാർഡ്, എഎസ്‌ഐ ടീം അവാർഡ്, എയ്‌റോസ്‌പേസ് വുമൺ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഋതു കരിദാലിന് ലഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. ഐ എസ് ആർ ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എൽ.വി.മാർക്ക് 3 എന്ന എൽ വി എം 3 ആണ് ചന്ദ്രയാനെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ആഗസ്റ്റ് 24ന് പുലർച്ചെ ചന്ദ്രയാനിലെ റോവർ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ.
എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 45 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തും. ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ നിരീക്ഷണം നടത്തും. വിജയിച്ചാൽ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |