കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച് സംസാരിച്ചതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആരോപിച്ച സതിയമ്മയ്ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃഗാശുപത്രിയിൽ വ്യാജരേഖ ചമച്ച് ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സതിയമ്മ തനിക്ക് അർഹതപ്പെട്ട ജോലി ആൾമാറാട്ടം നടത്തി അപഹരിച്ചതായി അയൽവാസിയായ ലിജിമോൾ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
സതിയമ്മയെ കൂടാതെ ഐശ്യര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി ഫീൽഡ് ഓഫീസർ ബിനു എന്നിവരും കേസിൽ പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പർ ജോലിയായിരുന്നു പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ ചെയ്‌തിരുന്നത്. ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് ചാനൽ റിപ്പോർട്ടറോട് സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ അയൽവാസിയായ ലിജിമോൾക്ക് അർഹമായ ജോലിയാണ് സതിയമ്മ ചെയ്തുവന്നിരുന്നതെന്നും ഇക്കാരണത്താലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
ഇരുവരും ഒരേ കുടുംബശ്രീ യൂണിറ്റിലാണ് പ്രവർത്തിച്ചിരുന്നതെന്നും ലിജിമോൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അവരുടെ സമ്മതത്തെടെയാണ് മൃഗാശുപത്രിയിലെ ജോലിയിൽ പ്രവേശിച്ചതെന്ന് സതിയമ്മയും അറിയിച്ചു. എന്നാൽ സതിയമ്മയുടെ അവകാശവാദങ്ങൾ തള്ളിയ ലിജിമോൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും രേഖകളിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ലിജി മോൾ പറഞ്ഞു. "ഐശ്വര്യ" കുടുംബശ്രീയിൽ അംഗമല്ല. സതിയമ്മ തന്റെ പേരിൽ ജോലി ചെയ്തതും ശമ്പളം വാങ്ങിയതുമൊക്കെ സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞതെന്നും ലിജി മോൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |