ദേശാഭിമാനി ടി.കെ. മാധവന്റെ 138 -ാം ജന്മവാർഷികദിനം ഇന്ന്. അസാമാന്യ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു ദേശാഭിമാനി ടി.കെ. മാധവൻ. പിന്നാക്കക്കാരായതിനാൽ വഴിനടക്കാനും സ്‌കൂൾ പഠനത്തിനും ക്ഷേത്രാരാധനയ്‌ക്കും അവകാശം നിഷേധിക്കപ്പെട്ട വലിയൊരു ജനസമൂഹത്തെ മുഖ്യധാരയിലേക്കുയർത്താൻ ടി.കെ.മാധവന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസികസമരം തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ടു.
20 -ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അയിത്തത്തിന്റെയും അസ്‌പൃശ്യതയുടെയും വിളനിലമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതിൽ പ്രഥമസ്ഥാനീയനായ ടി.കെ.മാധവൻ ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യസംഘാടകനായിരുന്നു. തിരുവിതാംകൂറിലെ ആകെ ജനസംഖ്യയുടെ ഭൂരിപക്ഷമായ ഈഴവർക്ക് പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു അദ്ദേഹം പൗരസമത്വവാദം ആരംഭിച്ചത്. 1903ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭയിൽ അംഗമായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഈഴവ പ്രതിനിധിയായി ആണ് ടി.കെ.മാധവനെ തിരഞ്ഞെടുത്തത്. പൗരസമത്വത്തിനായി അദ്ദേഹം സഭയിൽ ശക്തിയായി വാദിച്ചിരുന്നു.
1912 ൽ ശിവഗിരിയിൽ നടത്തപ്പെട്ട ശാരദാ പ്രതിഷ്ഠയിലും ടി.കെ പങ്കെടുത്തു. 1915 ൽ 'ദേശാഭിമാനി' പത്രം ആരംഭിച്ചത് മാധവന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. പൊതുജന സേവനപരമായ തന്റെ ആദർശങ്ങളും ഈഴവ സമുദായത്തിന്റെ ശക്തിയും വിളിച്ചറിയിക്കാനുള്ള ഉപാധിയായാണ് മാധവൻ പത്രത്തെ കണ്ടത്. 1916 ൽ കൊൽക്കത്തയിൽ ആനി ബസന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 32 -ാമത് ഭാരത മഹാസഭാ സമ്മേളനത്തിൽ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി പ്രമേയം പാസ്സാക്കപ്പെട്ടതിനു പിന്നിൽ ടി.കെ മാധവന്റെ നിരന്തര പരിശ്രമമുണ്ടായിരുന്നു. അടുത്തവർഷം മുംബെയിൽ അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു.
അക്കാലത്ത് വൈക്കം മഹാദേവർ ക്ഷേത്രത്തിനു പുറത്തെ ചുറ്റിവളഞ്ഞ ദീർഘമായ പാതയിലൂടെ വേണമായിരുന്നു അവർണർ സഞ്ചരിക്കേണ്ടിയിരുന്നത്. ശ്രീനാരായണഗുരുവിന്റെ ആത്മീയതയിലൂന്നിയ ദാർശനിക സാന്നിദ്ധ്യവും ടി.കെയെന്ന സമരനേതാവിന് ഗുരു നൽകിയ അനുഗ്രഹവുമാണ് വൈക്കം സത്യഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ചത്. 1921 ൽ വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽ പലക മറികടന്ന് ടി.കെ രണ്ടുതവണ നടന്നു. ആദ്യം ഒറ്റയ്ക്കും പിന്നീട് സഹോദരൻ അയ്യപ്പൻ,സ്വാമി സത്യവ്രതൻ, കെ.കെ.മാധവൻ എന്നിവരോടൊപ്പവും. അതേവർഷം തിരുനെൽവേലിയിൽ ടി.കെ. മാധവൻ ഗാന്ധിജിയെ കാണുകയും 1923 ലെ കാക്കിനാട കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു. മഹാത്മാഗാന്ധി കേരളം സന്ദർശിക്കാനും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാടെടുക്കാനും കൂടിക്കാഴ്ച നിമിത്തമായി. കാക്കിനാടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംബന്ധിച്ച് മൗലാനാ മുഹമ്മദ് അലി, സി.ആർ.ദാസ്, സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. 1924 ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിച്ചു.
ഗുരുവിനെ വിലക്കിയത്
വഴിത്തിരിവായി
കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയിലെ ഏക അവർണനും തിരുവിതാംകൂറുകാരനും ടി.കെ.മാധവനായതിനാൽ സത്യഗ്രഹസ്ഥലം തീരുമാനിക്കേണ്ടതും അദ്ദേഹമായിരുന്നു. വൈക്കം ക്ഷേത്രറോഡിലൂടെ സഞ്ചരിച്ച ശ്രീനാരായണഗുരുവിനെ സവർണ പ്രമാണി വിലക്കിയ സംഭവം ടി.കെ.മാധവന്റെ മനസിനെ മുറിവേൽപ്പിച്ചു.1924 സെപ്തംബർ 24 ന് ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ചു. നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടണമെന്നും അടിച്ചാൽ തിരിച്ചടിക്കരുതെന്നും ഗുരു നിർദ്ദേശിച്ചു. 'മുന്നിൽ മതിലുണ്ടെങ്കിൽ ചാടിക്കടക്കുക, ക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക, പന്തിഭോജനത്തിൽ ഏവർക്കുമൊപ്പം ഇരിക്കുക'- ഗുരു നിർദ്ദേശിച്ചു. സത്യഗ്രഹികൾക്കു കൊടിയ മർദ്ദനവും പീഡനങ്ങളും നേരിടേണ്ടിവന്നു. പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരെ കൈകാലുകളിൽ ചങ്ങല ബന്ധിച്ച് ജയിലിലടച്ചു. ആമച്ചാടി തേവൻ,രാമൻ ഇളയത് എന്നീ സത്യഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പ് തേച്ചു. ഇതറിഞ്ഞ ഗുരു ഇനിയവർ ' വെടിവയ്ക്കും പറന്നുപോകരുത് 'എന്നരുൾ ചെയ്തു.
ഗുരു നേരിട്ട് പങ്കെടുക്കാതെ വൈക്കം സത്യഗ്രഹത്തിന് എല്ലാവിധ അനുഗ്രഹാശിസുകളും സഹായങ്ങളും നൽകി. 1924 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അയിത്തോച്ചാടന കമ്മിറ്റി രൂപീകരിച്ച് പ്രചാരണം ആരംഭിച്ചു. ടി.കെ മാധവൻ മുഖ്യസംഘാടകനായ സമരത്തിൽ കെ.പി. കേശവമേനോൻ, കെ.കേളപ്പൻ, മന്നത്ത് പദ്മനാഭൻ തുടങ്ങിയവരൊക്കെ പങ്കാളികളായി. ആ വർഷം മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1925 മാർച്ച് ഒൻപതിന് മഹാത്മാഗാന്ധി വൈക്കത്ത് എത്തിയതോടെ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള മൂന്ന് വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തതോടെ 603 ദിവസം നീണ്ട സത്യഗ്രഹത്തിന് അവസാനമായി. കിഴക്കെ നടയിലുള്ള വഴി അവർണർക്കായി തുറന്നുകിട്ടാൻ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാക്കേണ്ടിവന്നു. 20 മാസത്തോളം നീണ്ട സമരം 1925 നവംബർ 23 നാണ് അവസാനിച്ചത്. ക്ഷേത്രവീഥികളിൽ നടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രത്തിലെ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം. ഇതിനായി വൈക്കം, തിരുവാർപ്പ്, കണ്ണൻകുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ അദ്ദേഹം പങ്കെടുത്തു. അമ്പലപ്പുഴ ക്ഷേത്രം അവർണർക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ.യുണ്ടായിരുന്നു.
സമർത്ഥനായ
സംഘടനാസെക്രട്ടറി
1927ൽ ടി.കെ.മാധവൻ എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായി. ഒരുവർഷം കൊണ്ട് അരലക്ഷത്തിലേറെ അംഗങ്ങളെ പുതുതായി ചേർത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനുകളും അദ്ദേഹം സംഘടിപ്പിച്ചു. ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഈഴവ മെമ്മോറിയലിനുള്ള ഒപ്പുശേഖരണവും ഇക്കാലത്താണ് നടന്നത്. ഹൃദ്രോഗവും പനിയും ബാധിച്ച അദ്ദേഹം രോഗത്തെ അവഗണിച്ചാണ് പ്രവർത്തനങ്ങളിൽ മുഴുകിയത്. 1930 ഏപ്രിൽ 27 ന് 44 -ാം വയസിൽ അദ്ദേഹം അന്തരിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പിന്നാക്കം നിന്ന വലിയൊരു വിഭാഗത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം ദേശീയതലത്തിൽത്തന്നെ സംജാതമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ടി.കെ.മാധവനുള്ളതാണ്.
ടി.കെ.മാധവൻ ലക്ഷ്യമിട്ട അധഃകൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ല. പഴയകാലത്തെപ്പോലെ പരസ്യമായി തീണ്ടലും തൊട്ടുകൂടായ്മയും ഇല്ലെങ്കിലും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളോടുള്ള നീരസവും അസ്‌പൃശ്യതയും പ്രകടമാണ്. അയിത്തത്തിനും വിദ്വേഷത്തിനുമെതിരായ സന്ധിയില്ലാ സമരങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |