തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവരാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതികള്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. തൃശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബന്ധുവിന്റെ വീട്ടിലെത്തിച്ചശേഷം മദ്യം നൽകിയശേഷം അരുൺ പീഡിപ്പിക്കുകയായിരുന്നു. ഷർമിള ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. മണ്ണുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം,ക്ഷേത്രത്തിൽ അർച്ചന നടത്താനെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം സുഭാഷ് നഗർ കൃഷ്ണ സ്വാമിക്ഷേത്രത്തിലെ മുൻ പൂജാരിയെ കോടതി എട്ട് വർഷം കഠിന തടവിനും 35,000 പിഴയ്ക്കും ശിക്ഷിച്ചു. ബാലരാമപുരം കല്ലുംമൂട് ലളിതാഭവൻ സ്വദേശിയും ഇപ്പോൾ പെരിങ്ങമല കാർത്തിക ഭവനിൽ താമസക്കാരനുമായ മണിയപ്പൻ പിളളയെയാണ് (55) പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് മുൻപായാണ് കുട്ടിയും അമ്മയും ക്ഷേത്രത്തിൽ അർച്ചനയ്ക്കെത്തിയത്. അന്ന് അമ്പലം അടച്ചതിനാൽ അർച്ചന നടത്താനായില്ല. പിറ്റേന്ന് കുട്ടി മാത്രമാണ് അമ്പലത്തിലെത്തിയത്. ജാതകം പരിശോധിക്കാമെന്ന് പറഞ്ഞ് മറ്റ് ഭക്തർ അമ്പലത്തിൽ നിന്ന് പോകുന്നത് വരെ കുട്ടിയെ പിടിച്ചിരുത്തി.
ശേഷം കുട്ടിയെ അമ്പലത്തിലുള്ള തന്റെ മുറിയിൽ കൂട്ടികൊണ്ട് പോയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്ന് നിലവിളിച്ച് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
2020ലായിരുന്നു സംഭവം. വിശ്വാസത്തോടെ അമ്പലത്തിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി മാപ്പ് അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |