കുഴിനഖത്തിന് ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സർജനെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ ജില്ലാ കളക്ടറുടെ നടപടി വിവാദമായിരിക്കുകയാണ്. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെ പരസ്യമായി വിമർശിച്ചു വരുന്നുണ്ട്. കളക്ടറെ വിമർശിച്ച സംഘടനാ നേതാവിനോട് വിശദീകരണം ചോദിച്ച് റവന്യു സെക്രട്ടറി എരിതീയിൽ എണ്ണയൊഴിച്ചു കഴിഞ്ഞു. അധികാര സ്ഥാനത്തിരിക്കുന്നവർ കാണിക്കുന്ന അല്പത്തരങ്ങൾ സാക്ഷര കേരളം കാണാതെ പോകരുത്.
ഇതേ കളക്ടർ ഇതിനു മുമ്പ് പേരൂർക്കട ആശുപത്രിയിൽ നിന്ന് ഡോക്ടറെ വിളിച്ചുവരുത്തിയിരുന്നത്രെ! അടുത്ത വിളി ഒരുപക്ഷേ മെഡിക്കൽ കോളേജിലേക്കായിരിക്കാം! അധികാരത്തിന്റെ ശീതളച്ഛായയിൽ എല്ലാ സൗകര്യങ്ങളും വീട്ടുമുറ്റത്ത് ലഭിക്കാൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ആഗ്രഹിക്കുന്നു! രാജഭരണകാലത്തെ മാനസിക സ്ഥിതിയുമായി സിവിൽ സർവീസ് പോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥൻ കാണിക്കുന്ന ഇത്തരം കാര്യങ്ങൾ അല്പത്തമല്ലാതെ മറ്റെന്താണ്?
രാജ്യത്തെ അഞ്ചു ശതമാനം പേർക്കുള്ള കുഴിനഖം മാത്രമേ അദ്ദേഹത്തിനുമുള്ളൂ. ആശുപത്രിയിൽ ചെന്ന് ചികിത്സിക്കാവുന്നതേയുള്ളൂ. മാത്രമല്ല, അദ്ദേഹത്തിന് ഔദ്യോഗിക വാഹനവും ഗൺമാനുമുണ്ട്. കളക്ടർ ആശുപത്രിയിലെത്തിയാൽ നൂറു ശതമാനവും അദ്ദേഹത്തിന് വി.ഐ.പി ചികിത്സ ലഭിക്കുകയും ചെയ്യും. ജനറൽ ആശുപത്രിയിൽ നിർദ്ധനരായ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ, ഇരുന്നൂറോളം രോഗികൾ ക്യൂവിൽ കാത്തുനിൽക്കുമ്പോഴാണ് ജില്ലാ തലവന്റെ കുഴിനഖം ചികിത്സിക്കാൻ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ എത്തേണ്ടിവന്നത്. അത്യാവശ്യ ഗുരുതരാവസ്ഥയിൽ ഡോക്ടറെ വിളിച്ചുവരുത്തുന്നതിൽ തെറ്റില്ല, പക്ഷെ കുഴി നഖത്തിന് അതിന്റെ ആവശ്യമുണ്ടോ? സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന പൊതുസമൂഹം ഇതു കാണുന്നുണ്ടെന്ന് ഇത്തരം വ്യക്തികൾ അറിഞ്ഞിരിക്കണം.
സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ കളക്ടർക്കുള്ള അംഗീകാരം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. വ്യക്തികൾക്കു വേണ്ടത് ലാളിത്യമാണ്; അല്ലാതെ അധികാരത്തിന്റെ ഗർവും കാർക്കശ്യവുമല്ല. കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി പരേതനായ ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് അദ്ദേഹത്തെ കാണാൻ അനുമതി തേടിയ അന്നത്തെ കേരള സർവകലാശാലാ വൈസ് ചാൻസലറോട്, ഞാൻ താങ്കളെ ഓഫീസിൽ വന്നുകാണാമെന്നു പറഞ്ഞ കേരളത്തിലാണ് കുഴിനഖത്തിന്റെ പേരിൽ കളക്ടറുടെ ഉത്തരവ്!
സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ലാളിത്യ സമീപനം മാതൃകയാക്കാൻ അദ്ദേഹവും ശ്രമിക്കണം. ഒരുപക്ഷേ,സിവിൽ സർവീസ് ചട്ടങ്ങളിൽ ചികിത്സയ്ക്കുള്ള മുൻഗണനയുണ്ടെങ്കിലും, അത് പ്രയോഗിക്കാൻ കുഴിനഖം ഒരു ഗുരുതര രോഗാവസ്ഥയായി കാണേണ്ടതുണ്ടോ? ചട്ടങ്ങൾ തലനാരിഴ കീറി വിശകലനം ചെയ്ത് കളക്ടറുടെ നടപടിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ, രോഗസ്ഥിതി വിലയിരുത്താൻ കൂടി തയ്യാറാകണം. ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് വിലയിരുത്തട്ടെ! പ്രസ്തുത വിഷയത്തിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെയും, മറ്റു സർവീസ് സംഘടനകളുടെയും നിലപാട് തീർത്തും സ്വാഗതാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |