തിരുവനന്തപുരം: സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാം.
ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. കുറഞ്ഞ നിരക്കുൾപ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത.
എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. തിരുവനന്തപുരം - എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം - പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം - തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ - മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകൾ.
ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സർവ്വീസുകളും വൻ ലാഭത്തിലാണ്. വന്ദേമെട്രോയ്ക്ക് കേരളത്തെ ആദ്യ ലിസ്റ്റിലുൾപ്പെടുത്താൻ കാരണവുമിതാണ്. 10 കോടിയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.
അടിപൊളി
12 കോച്ച്
മെമുവിനെ വന്ദേഭാരത് മോഡലിൽ പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ
ഭക്ഷണമൊഴിച്ച് വന്ദേഭാരതിലെ സൗകര്യങ്ങൾ മെട്രോയിലുണ്ടാകും
ഓട്ടോമാറ്റിക് വാതിലുകൾ, വലിയ ചില്ല് ജന്നാലകൾ,കോച്ചുകളെ ബന്ധിപ്പിച്ചും വാതിലുകൾ
ഡിജിറ്റൽ റൂട്ട് - സ്റ്റോപ്പ് ഇൻഡിക്കേഷൻ ഡിസ്‌പ്ലേ, മൊബൈൽ ചാർജ്ജിംഗ് സൗകര്യം,ക്യാമറ
ആധുനിക ടോയ്ലെറ്റുകൾ, അപകടമൊഴിവാക്കാൻ കവച് ഡിജിറ്റൽ സെക്യുരിറ്റി സംവിധാനം
ബംഗളൂരു സർവ്വീസ്
അനിശ്ചിതത്വം മാറിയില്ല
കേരളത്തിന് കിട്ടിയ എറണാകുളം- ബംഗളൂരു വന്ദേഭാരത് മൂന്നു മാസമായി കൊല്ലത്ത് ഒതുക്കിയിട്ടിരിക്കയാണ്. കൊച്ചിയിൽ യാർഡിലെന്നും രാത്രി സർവീസിന് അനുമതി ആയിട്ടില്ലെന്നുമൊക്കെയാണ് റെയിൽവേയുടെ ന്യായം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാലേ തീരുമാനമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |