കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ നേരെന്തെന്നറിയാൻ നാല് വകുപ്പ് തല അന്വേഷണങ്ങൾ ഊർജിതം. സബ് കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ഫിഷറീസ് വകുപ്പ്, കുഫോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. സബ് കളക്ടർ പ്രാഥമിക റിപ്പോർട്ട് ഇന്ന് കൈമാറും. വൈകാതെ അന്തിമ റിപ്പോർട്ട് കൈമാറും.
ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തിൽ മത്സ്യകർഷകരിൽ നിന്ന് തെളിവെടുത്തു. നാശനഷ്ടത്തിന്റെ കണക്ക് അടക്കമുള്ളവ ചോദിച്ചറിഞ്ഞു. വെള്ളത്തിൽ രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്നലെയും വ്യവസായ സ്ഥാപനങ്ങൾ പരിശോധിച്ചു. കുഫോസിന്റെയടക്കം പഠന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്താണ് കാരണമെന്ന് അറിയാൻ സാധിക്കൂവെന്ന് പി.സി.ബി അധികൃതർ പറഞ്ഞു. അടുത്ത ദിവസം കുഫോസ് റിപ്പോർട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറും.
അതേസമയം, ചത്ത മത്സ്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുന്ന കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കടമക്കുടി പഞ്ചായത്ത് മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകമോർച്ച ജില്ലാ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പങ്കില്ലെന്ന് ചെറുവ്യവസായികൾ
മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവത്തിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പങ്കില്ലെന്ന് എടയാർ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരുവാൻ സർക്കാർ നടപടി സ്വീകരിക്കണം.
തെളിവുകളില്ലാതെ അടച്ചൂപൂട്ടൽ നോട്ടീസ് നൽകരുത്. നോട്ടീസ് ലഭിച്ച സ്ഥാപനം രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം പുഴയിൽ അടിഞ്ഞ മാലിന്യങ്ങൾ പെരിയാറിൽ സ്ഥാപിച്ച റഗുലേറ്ററി കം ബ്രിഡ്ജിന് സമീപം അടിഞ്ഞുകിടക്കുകയാണ്. മാർക്കറ്റ്, ആശുപത്രി മാലിന്യങ്ങളും വൻകിട ഫാക്ടറികളിൽ നിന്നുളള രാസമാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. ഇതുമൂലം വെള്ളത്തിന്റെ ഓക്‌സിജൻ അളവ് കുറയുമെന്നതിനാൽ ഷട്ടറുകൾ ദിവസവും വേലിയിറക്കസമയത്ത് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദ്ദേശമനുസരിച്ച് തുറക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സർക്കാർ നിസംഗർ
പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാർ നിസംഗരാണ്. പാതാളം ബണ്ട് തുറന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് പറയുന്നത് ശ്രദ്ധതിരിക്കലാണ്. ചത്ത മത്സ്യം മാർക്കറ്റിൽ വിറ്റിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ചില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായിട്ടില്ല. ഡാം തുറന്നപ്പോഴുണ്ടായ ഓക്‌സിജന്റെ കുറവിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ ആരെയോ രക്ഷിക്കാനാണ്.
വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |