കേരളത്തിൽ ഏറ്റവും പാളിയ മദ്യനയം നടപ്പാക്കിയത് യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന സമയത്താണ്. കോൺഗ്രസ്സിലെ രണ്ട് പ്രമുഖ നേതാക്കളുടെ ഈഗോ ക്ലാഷിൽ തട്ടി സംസ്ഥാനത്തെ ഭൂരിപക്ഷം ബാർ ഹോട്ടലുകളും അടഞ്ഞുകിടന്നു. പോസ്റ്റിന്റെ മറവിൽ നിന്നും കാറിലിരുന്നും സെമിത്തേരിയിൽ കടന്നു കയറിയും മറ്റും ചുരുങ്ങിയ സമയത്തിനുള്ള കൂടിയ അളവ് മദ്യം അകത്താക്കാൻ സാധാരണക്കാരെ പഠിപ്പിച്ച സർക്കാരാണത്. അന്ന് ബാർ ഹോട്ടലുകൾ അടഞ്ഞുകിടന്ന അവസരം ശരിക്കും മുതലെടുത്തത് രാസലഹരികൾ വിൽക്കുന്ന ലോബിയാണ്. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ എം.ഡി.എം.എ മയക്കുമരുന്നിന്റെയും മറ്റും കച്ചവടത്തിന് വ്യാപകമായി വേരുറച്ചത് അക്കാലയളവിലാണ്. അതുപോലെ തന്നെ യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിലാണ് ചാരായം നിരോധിച്ചത്. പകരം വില കുറഞ്ഞ് അന്ന് കിട്ടുമായിരുന്ന വിദേശ മദ്യത്തിന്റെ വില ഇരട്ടിയായി. ചാരായം കുടിച്ച് പണം നഷ്ടമാക്കുന്ന കൂലിപ്പണിക്കാർ ചാരായം നിരോധിച്ചതിനാൽ ആ പണം വീട്ടിൽ കൊടുക്കുമെന്ന തിരുമണ്ടൻ ന്യായമാണ് അന്നത്തെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ കൂലിപ്പണിക്കാർ വിദേശമദ്യം വാങ്ങി കുടിക്കാൻ തുടങ്ങിയതോടെ നേരത്തേ വീട്ടുചെലവിന് കൊടുത്തിരുന്ന പണം പോലും വീട്ടിൽ കൊടുക്കാതായി എന്നതാണ് യാഥാർത്ഥ്യം.
ഒരു ബാർ ഹോട്ടൽ അധികമായി വന്നാൽ കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കൂടുമെന്ന് പറയുന്നത് തികച്ചും അശാസ്ത്രീയമാണ്. മദ്യം നിരോധിച്ചിട്ടില്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. മദ്യം വേണമെന്നുള്ളവർ സർക്കാർ വിൽക്കുന്ന മദ്യക്കടകളിൽ പോയി വാങ്ങി ഉപയോഗിച്ചുകൊള്ളും. കേരളത്തിലെ ബാർ ഹോട്ടലുകളും എണ്ണം കൂടുന്നതും കുറയുന്നതും അനുസരിച്ചല്ല ആളുകളുടെ മദ്യപാന ശീലം നിലനിൽക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോക്ഷ നികുതി നൽകുന്നവരാണ് മദ്യം വാങ്ങി ഉപയോഗിക്കുന്നവർ. അവരെ തീരെ പരിഗണിക്കാത്ത വിധത്തിലായിരുന്നു നേരത്തെ ബിവറേജസ് കടകളിൽ ഭൂരിപക്ഷവും സ്ഥാപിച്ചിരുന്നത്. അവസാനം ഹൈക്കോടതി വിമർശിച്ചതോടെയാണ് പ്രിമീയം കൗണ്ടറുകളും മറ്റും ഏർപ്പെടുത്തി ക്യൂ സിസ്റ്റം ഏതാണ്ട് ഇല്ലാതാക്കിയത്. നിലവിലുള്ള മദ്യനയത്തിൽ ഏതു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചാലും പിന്നിൽ കോഴ നൽകി എന്ന ആരോപണം ഇവിടെ ഉയർന്നുവരും. അതോടെ ഒരു മാറ്റവും വരുത്താതെ പേടിച്ച് സർക്കാർ പിന്നോട്ട് പോകുകയും ചെയ്യും.
ഡ്രൈ ഡേ ഏർപ്പെടുത്തിയതിന് ന്യായമായി പറഞ്ഞിരുന്നത് ഒന്നാം തീയതി ശമ്പളം കിട്ടുന്ന ദിവസമായതിനാൽ ആ പണം നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് മദ്യക്കടകൾ അടച്ചിടുന്നത് എന്നാണ്. ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് തന്നെ ഒന്നാം തീയതി ശമ്പളം കിട്ടാറില്ല. ഇങ്ങനെ അടച്ചിട്ടതുകൊണ്ട് ഒന്നാം തീയതി കേരളത്തിൽ ആരും കുടിക്കുന്നില്ല എന്ന് ആർക്ക് പറയാൻ കഴിയും. ഇത്തരം കള്ളക്കച്ചവടങ്ങൾക്ക് വഴിവയ്ക്കുന്നത് യഥാർത്ഥത്തിൽ സർക്കാരിന്റെ വികലമായ മദ്യ നയമാണ്. ലോകത്തിൽ എവിടെയും ടൂറിസ്റ്റുകൾ വരുന്ന ബീച്ചുകളിൽ ബിയറും മറ്റ് മദ്യങ്ങളും സുലഭമായി ലഭിക്കും. ഇന്ത്യയിൽ തന്നെ ഗോവയിലും മറ്റും ബീച്ചിൽ ഇരിക്കുന്നവർ ആവശ്യപ്പെട്ടാൽ ബിയറും മറ്റും കിട്ടാൻ യാതൊരു പ്രയാസവുമില്ല. അതിന്റെ പേരിൽ ക്രമസമാധാന പ്രശ്നങ്ങൾ വർദ്ധിച്ചതായി ഒരു റിപ്പോർട്ടിലും പറഞ്ഞിട്ടില്ല. കോഴ വാങ്ങിയാൽ ഇന്നല്ലെങ്കിൽ നാളെ അതു പുറത്തുവരും. അതിന്റെ പേരിൽ അന്വേഷണവും വന്നേക്കാം. അത് മറ്റൊരു വശം. അതിന്റെ പേരിൽ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന യാഥാർത്ഥ്യ ബോധമുള്ള മദ്യനയം നടപ്പാക്കുന്നതിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ പിന്നാക്കം പോകരുത്. ആവശ്യമായ ഇളവുകളോടുകൂടി പുതിയ മദ്യനയം നടപ്പാക്കാനാണ് സർക്കാർ തയാറാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |