നെടുമ്പാശേരി: അന്താരാഷ്ട്ര അവയവക്കച്ചവടക്കേസിൽ ഇരകളെത്തേടി അന്വേഷണസംഘം കോയമ്പത്തൂരിൽ. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ പൊലീസ് ആരെയും കണ്ടെത്തിയിട്ടില്ല.
പണംവാങ്ങി അവയവം കൈമാറുന്നത് ഇന്ത്യയിൽ കുറ്റമാണ്. നിയമാനുസൃതം അവയവം കൈമാറാമെങ്കിലും നിരവധി കടമ്പകളുണ്ട്. കേസിൽ കുടുങ്ങുമെന്നതിനാൽ ഇരകളും ഫോൺ ഓഫാക്കി മുങ്ങിയിരിക്കുകയാണ്. 18ന് രാത്രി നെടുമ്പാശേരിയിൽ പിടിയിലായ മുഖ്യപ്രതി തൃശൂർ വലപ്പാട് എടമുട്ടം കോരുക്കുളത്തുവീട്ടിൽ സാബിത്ത് നാസർ (30), കഴിഞ്ഞദിവസം പിടിയിലായ കൂട്ടുപ്രതി കളമശേരി ചങ്ങമ്പുഴനഗർ തൈക്കൂട്ടത്തിൽ സജിത്ത് ശ്യാംരാജ് (43) എന്നിവരുടെ മൊഴി പ്രകാരമാണ് പൊലീസ് കോയമ്പത്തൂരിൽ അന്വേഷിക്കുന്നത്.
കോയമ്പത്തൂരിൽ നിന്ന് പലരെയും ഇറാനിലെത്തിച്ച് അവയവക്കച്ചവടം നടത്തിയെന്നാണ് സൂചന. ഉത്തരേന്ത്യക്കാരാണ് ഇരകളെന്നാണ് സാബിത്ത് നാസർ നേരത്തേ മൊഴി നൽകിയതെങ്കിലും സജിത്തിനെ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഇരകളുടെ പേരിൽ കൈപ്പറ്റിയ പണം സജിത്തിന്റെ അക്കൗണ്ടിലൂടെയാണ് വീതിച്ചിരുന്നത്. ഈ അക്കൗണ്ടിൽ നിന്നാണ് ഇരകൾക്ക് പണം നൽകിയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഒരു മലയാളി ഉൾപ്പെടെ 20ലേറെപ്പേരെ അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് കടത്തിയിട്ടുണ്ട്.
സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് ഇരകളെ കണ്ടെത്തുന്നത്. അവയവം ആവശ്യമുള്ളവരിൽ നിന്ന് 60ലക്ഷം രൂപ വരെ കൈപ്പറ്റുന്ന സംഘം ഇരകൾക്ക് നൽകിയിരുന്നത് പരമാവധി ഏഴുലക്ഷംരൂപ വരെയാണ്. ആശുപത്രിച്ചെലവും കഴിച്ച് ബാക്കി പണം സംഘം വീതിച്ചെടുക്കും. സജിത്തിന്റെ അക്കൗണ്ടിലൂടെ ഇത്തരത്തിൽ കോടികൾ വന്നുപോയതായാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ ഒരു വനിത കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് നിഷേധിക്കുകയാണ്.
ഗൗരവമുള്ള കേസായതിനാൽ പൊലീസ് അതീവ രഹസ്യമായാണ് അന്വേഷിക്കുന്നത്. ഇരകളും പ്രതികളാകുമെന്നതിനാൽ തെളിവുകളുമായി ആരും മുന്നോട്ടുവരാത്തതാണ് പൊലീസിന്റെ പ്രധാന വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |