സംസ്ഥാനത്തെ 5.50 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. ആനന്ദിക്കണോ ദുഃഖിക്കണോ എന്നറിയാത്ത അവസ്ഥ. കാരണം മറ്റൊന്നുമല്ല, സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ജീവാനന്ദം എന്ന പേരിലുള്ള നിക്ഷേപ പദ്ധതിയാണ് ജീവനക്കാരെ ചെകുത്താനും കടലിനും നടുക്കാക്കിയിരിക്കുന്നത്. പദ്ധതി സിംപിളാണ്. വിരമിക്കുമ്പോൾ നിങ്ങൾക്ക് ജീവിതം ആനന്ദമാക്കാൻ പെൻഷൻ പദ്ധതിയൊക്കെ പോലെ ഒരു നിക്ഷേപ പദ്ധതി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കി വിരമിച്ച ശേഷം മാസം തോറും പലിശയും ചേർന്ന് ആജീവനാന്തം തിരികെ നൽകുന്നതാണ് പദ്ധതി. എന്നാൽ പെൻഷൻ പദ്ധതിയാണോയെന്ന് ചോദിച്ചാൽ അല്ലേയല്ല. ഇൻഷ്വറൻസ് പദ്ധതിയാണെന്നാണ് ധനവകുപ്പ് പറയുന്നത്. ഇക്കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് പദ്ധതി. പേര് ആന്വറ്രി പദ്ധതി എന്നായിരുന്നു. ജീവനക്കാരുടെ മനസിൽ കയറിപ്പറ്റാൻ ജീവാനന്ദം എന്ന പേര് നൽകിയതോടെ പദ്ധതി കളറാവുമെന്നാണ് സർക്കാരും ധനമന്ത്രി കെ.എൻ.ബാലഗോപാലും കരുതിയത്. പക്ഷേ, കളറാവുന്നതിനെക്കാൾ ഇപ്പോൾ നിറംകെടുകയാണ് ചെയ്തത്.
പൊളിച്ചടുക്കി
മാദ്ധ്യമങ്ങൾ...
മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിന്റെ ആശയമാണ് പദ്ധതി. ഇതിലൂടെ പ്രതിമാസം 500 കോടിയെന്ന കണക്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വർഷം 6000 കോടി കിട്ടുമെന്ന് സർക്കാരും മനക്കോട്ട കെട്ടി. പക്ഷേ, നക്കിത്തിന്നാൻ നല്ലുപ്പില്ലാതിരിക്കുന്ന സമയത്ത് ഖജനാവ് നിറയ്ക്കാൻ സർക്കാർ കണ്ടെത്തിയ കുറുക്കുവഴിയാണെന്ന് പറഞ്ഞ് ജീവാനന്ദത്തെ മാദ്ധ്യമങ്ങൾ എടുത്തിട്ട് അലക്കിയതോടെ സർക്കാർ പെട്ടു. അല്ലേലും ഈ മാദ്ധ്യമങ്ങൾക്ക് കുറച്ച് കൂടുതലാണല്ലോ. എത്ര കിട്ടിയാലും എന്തുകിട്ടിയാലും മതിയാകില്ല. അലക്കി വെളുപ്പിക്കേം ചെയ്യും പൊതിഞ്ഞുരഹസ്യമാക്കി വയ്ക്കുകകയും ചെയ്യും. ഇതോടെ പദ്ധതിയുടെ ഉപജ്ഞാതാവായ എബ്രഹാം സാർ ഇടഞ്ഞു. ബഡ്ജറ്റിൽ ധനസമാഹരണത്തിനുള്ള പ്ലാൻ ബി ആണ് മാദ്ധ്യമങ്ങൾ പൊളിച്ചടുക്കി കൈയിൽ കൊടുത്തത്. പ്രതിമാസം 500 കോടിയെന്ന കണക്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വർഷം 6000 കോടിയാണ് സർക്കാർ പദ്ധതിയിലൂടെ പ്രതീക്ഷിച്ചിരുന്നത്. എല്ലാം പോയല്ലോ എന്നോർത്ത് വിലപിക്കുകയാണ് സർക്കാരിപ്പോൾ.
പിന്തുണയ്ക്കാതെ
സംഘടനകൾ
പ്രതിപക്ഷ സംഘടനകൾ രൂക്ഷവിമർശനം ഉയർത്തിയപ്പോൾ ഭരണപക്ഷ സംഘടനകൾ മനഃപൂർവം മൗനം പാലിച്ചതും സർക്കാരിന് തിരിച്ചടിയായി. ഭരണക്കാരെങ്കിലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച സർക്കാരിന് ഇത് ഇരട്ടി പ്രഹരവുമായി. സംഭവം വിവാദമായതോടെ മന്ത്രി നേരെ യൂ ടേണടിച്ചു. ഈ പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും നിർബന്ധിതമാക്കുന്ന നിലയിലല്ല നടപ്പാക്കുന്നതെന്നും ജീവനക്കാർക്ക് ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്നതിനും അതിലൂടെ വിരമിച്ചശേഷം ഒരു സ്ഥിര വരുമാനം ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പൂർണമായും ഒരു ഇൻഷുറൻസ് പദ്ധതിയാണ്. ഇതിന് പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള പെൻഷൻ പദ്ധതികളുമായി ഒരു ബന്ധവുമില്ല. മറ്റ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആന്വിറ്റി പോളിസികളിൽനിന്ന് വ്യത്യസ്തമായി ജീവാനന്ദം പദ്ധതി നിലവിലുള്ള വിപണി മൂല്യത്തിനെക്കാൾ ഉയർന്നതും സ്ഥിരമായതുമായ പലിശ ഉറപ്പു വരുത്തും, ഒപ്പം തവണ വ്യവസ്ഥയിൽ പണം ഒടുക്കുവാനുള്ള സൗകര്യവുമുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ കോലാലാഹലം കെട്ടടങ്ങിയിട്ടില്ല. ജീവനക്കാരുടെ ആശങ്കകളും.
എട്ടുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാർക്ക് അപരിഹാര്യമായ ഒട്ടേറെ നഷ്ടങ്ങൾ സംഭവിച്ചു. ഡി.എ, ഡി.എ കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശ്ശിക, ലീവ് സറണ്ടർ എന്നിങ്ങനെ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെന്നാണ് പരാതി. ഡി.എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിന്റെ 19 ശതമാനം നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ഇപ്പോൾ ലക്ഷ്യമിടുന്ന തുക. 2013ന് ശേഷം സർവീസിലുള്ളവർക്ക് ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവാനന്ദം പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാക്കാനാണ് തീരുമാനം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിറുത്തലാക്കുന്നതിന്റെ മുന്നോടിയാണിതെന്നാണ് ജീവനക്കാർ പറയുന്നത്. ഇൻഷ്വറൻസ് പദ്ധതിയെന്ന് പറഞ്ഞ് നടപ്പാക്കിയ ശേഷം പെൻഷൻ പദ്ധതിയാക്കാമെന്നും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
കൊടുക്കാൻ
48,000 കോടി
കാലാകാലങ്ങളായി മാറിമാറിവന്ന സർക്കാരുകൾ ജീവനക്കാർക്ക് നൽകാനുള്ളത് 48,000 കോടിയുടെ ആനുകൂല്യങ്ങളാണ്. സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ തന്നെ 19 ശതമാനം (ആറ് ഗഡു) ക്ഷാമബത്ത കുടിശികയാണ്. ഇതുമാത്രം വരും 30,000 കോടി എന്നാണ് കണക്ക്. ഇതൊന്നും തരാതിരിക്കുമ്പോഴാണ് പുതിയ പദ്ധതിയിലൂടെ ശമ്പളം വിഴുങ്ങാനുള്ള സർക്കാരിന്റെ ശ്രമം. 2013ന് മുമ്പ് സർവീസിൽ പ്രവേശിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനും അതിനുശേഷം സർവീസിൽ വന്നവർക്ക് പങ്കാളിത്ത പെൻഷനും ഉണ്ടായിരിക്കേ, പുതിയ പദ്ധതി എന്തിനെന്നാണ് ജീവനക്കാരുടെ ചോദ്യം. ജീവനക്കാർക്ക് നിലവിൽ നാല് നിർബന്ധിത ഇൻഷ്വറൻസ് പദ്ധതികൾ നിലവിലുണ്ട്. മെഡിസെപ്, സ്‌റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പദ്ധതി (എസ്.എൽ.ഐ), ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി (ജി.ഐ.എസ്), ജീവൻരക്ഷാ പദ്ധതി (ജി.പി.എ.ഐ.എസ്) എന്നിവയാണ് അവ. ഇൻഷ്വറൻസ് പദ്ധതിയാണെങ്കിൽ ഇനി ഒരു പദ്ധതികൂടി എന്തിനാണെന്നും ജീവനക്കാർ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |