കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതിയും സംഘം സെക്രട്ടറിയുമായ രതീഷും (38) കൂട്ടാളി കണ്ണൂർ സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ ജബ്ബാറും (42) അറസ്റ്റിൽ. തമിഴ്നാട്ടിലെ നാമക്കല്ലിൽ വെച്ചാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തലവൻ ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമനിക്കും ആദൂർ എസ്.ഐ അനുരൂപും സംഘവുമാണ് ഇരുവരെയും പിടികൂടിയത്.
മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതികൾ ബംഗ്ളൂരു, ഷിമോഗ, ഹാസൻ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നു. പൊലീസ് പിന്തുടർന്നതോടെ ഇവിടെ നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. നാമക്കല്ലിൽ എത്തിയതിനിടെയാണ് ഇവർ പിടിയിലായത്. ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതികളെ പിടികൂടാൻ മറ്റൊരു സംഘത്തെ കൂടി നിയോഗിക്കുകയായിരുന്നു.
മുഖ്യപ്രതി അറസ്റ്റിലായതോടെ 4.76 കോടി തട്ടിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് സെക്രട്ടറി അടങ്ങിയ സംഘം സൊസൈറ്റിയിലെ പണവും സ്വർണവും ഉപയോഗപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |