ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്ന സർക്കാരാണ് നമ്മുടേത്. കൊട്ടാരക്കരയിൽ വന്ദന എന്ന ഹൗസ് സർജൻ, പൊലീസ് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് മരണമടഞ്ഞ സംഭവമാണ് ഇത്തരം അക്രമങ്ങൾ തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളും കൂടുതൽ ശിക്ഷയും അടങ്ങുന്ന നിയമം നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ആശുപത്രികളുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ചികിത്സാ പിഴവുകളും ചികിത്സ വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്. ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്തല്ല ഇതിനൊന്നും പരിഹാരം കണ്ടെത്തേണ്ടത്. പരിമിതമായ സൗകര്യങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെയാണ് സർക്കാർ ആശുപത്രികളിൽ നിന്ന് ജനങ്ങൾക്കു ലഭിക്കുന്നത് എന്നത് ആർക്കും നിഷേധിക്കാനാവില്ല. ജനങ്ങളുമായി എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകേണ്ടതും ആവശ്യമാണ്.
ആരോഗ്യപ്രവർത്തകരെ രോഗികളും കൂടെ വരുന്നവരും ആക്രമിക്കാൻ പാടില്ല എന്നതുപോലെ തന്നെ പ്രധാനമാണ് ആശുപത്രികളിലെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയെത്തുന്നവരെയും ആക്രമിക്കാൻ പാടില്ല എന്നത്. രാഷ്ട്രീയ സ്വാധീനത്തിലൂടെ സെക്യൂരിറ്റിയായി കരാർ നിയമനം നേടുന്ന ചിലർ ആശുപത്രി വളപ്പു തന്നെ മറ്റു പല ഇടപാടുകൾക്കും വേദിയാക്കി മാറ്റുകയും ജനങ്ങളോട് തീരെ മര്യാദകെട്ട രീതിയിൽ പെരുമാറുകയും ചെയ്യുന്നതു സംബന്ധിച്ച് നിരവധി പരാതികൾ പലവട്ടം ഉയർന്നിട്ടുള്ളതാണെങ്കിലും ഇത് തടയാൻ ബന്ധപ്പെട്ട അധികാരികൾ ഒരു നടപടിയും സ്വീകരിക്കാറില്ല. ഇതു കാരണം ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്കും മെഡിക്കൽ കോളേജിലെ ഒരു സീനിയർ ഉദ്യോഗസ്ഥനും അവിടത്തെ സുരക്ഷാജീവനക്കാരുടെ മർദ്ദനമേൽക്കുകയുണ്ടായി. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒരാൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദ്ദനമേറ്റയാൾ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ സെക്യൂരിറ്റി ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ കേസിലെ പ്രതിയെ സെക്യൂരിറ്റിക്കാർക്ക് മർദ്ദിക്കാമെന്ന് ഒരു നിയമപുസ്‌തകത്തിലും പറയുന്നില്ല. അങ്ങനെ അക്രമത്തിന് മുതിരുന്നവരെ കീഴടക്കി പൊലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് പലപ്പോഴും മെഡിക്കൽ കോളേജ് വളപ്പിൽ നടക്കാറില്ല. അവിടെ നടക്കുന്ന സംഘർഷങ്ങളും അടിപിടിയും സംബന്ധിച്ച് പൊലീസിൽ പരാതി പോലും എത്താറില്ല. ഉന്നതരും മറ്റും ഇടപെട്ട് ഒതുക്കിത്തീർക്കുന്നതാണ് പതിവ്.
കൊവിഡ് കാലത്ത് ആശുപത്രിയിൽ ഏർപ്പെടുത്തിയ സന്ദർശക വിലക്കിനു പിന്നാലെ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ ഇവിടെ സുരക്ഷാ ഉദ്യഗസ്ഥരായി നിയമിച്ചിരുന്നു. സുരക്ഷാ ജീവനക്കാരെന്ന പേരിൽ രാഷ്ട്രീയസ്വാധീനമുള്ള പലരും കരാർ നിയമനം നേടുകയും ചെയ്തിരുന്നു. ഇവരിൽ ചിലരാണ് നിസാര കാര്യങ്ങൾക്കു പോലും അക്രമാസക്തമായി പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്. മര്യാദകെട്ട രീതിയിൽ പെരുമാറുന്നവരെ സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ വസ്‌തുതയുണ്ടെന്ന് കണ്ടെത്തിയാൽ ഇവരെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. ആർക്കും ഗുണ്ടായിസം കാണിക്കാനുള്ള സ്ഥലമല്ല സർക്കാർ ആശുപത്രികൾ. അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകനെ മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാർ മർദ്ദിച്ച സംഭവവും നേരത്തേ ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചില്ല. അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം അലംഭാവങ്ങളാണ് സെക്യൂരിറ്റിക്കാരുടെ അഴിഞ്ഞാട്ടങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |