കാലവർഷം എത്തിയതും സ്കൂൾ തുറന്നതുമൊക്കെ രാവിലെയും വൈകിട്ടും റോഡിലെ വാഹനങ്ങളുടെ തിരക്ക് കൂട്ടുകയാണ്. കുരുന്നു കുട്ടികളടക്കം വാഹനങ്ങളിലും കാൽനടയായുമൊക്കെ സ്‌കൂളിലേക്ക് സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കിടയാക്കും. റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അർത്ഥം. സ്‌കൂൾ തുറക്കലിന് മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്‌കൂൾ വാഹനങ്ങളുടെയും പരിശോധന മോട്ടോർവാഹന വകുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും സ്‌കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമടക്കം വാഹന പരിശോധന തുടരുന്നുണ്ട്. സ്‌കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾ സ്‌കൂൾ ബസുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങൾ എടുത്തുനൽകാനും വാഹനത്തിന്റെ പുറകിലൂടെ റോഡ് കുറുകെ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം. സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റ്സും തിരിച്ചറിയൽ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളിൽ ഡ്രൈവർ കാക്കി നിറത്തിലെ യൂണിഫോം ധരിക്കണം. സുസജ്ജമായ പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്‌കൂൾ വാഹനത്തിലുമുണ്ടെന്ന് സ്‌കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരുടെ രീതികൾ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാൽ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച് ഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ആയമാർ എല്ലാ സ്‌കൂൾ ബസിലും വേണം. വാതിലുകൾക്ക് പൂട്ടുകളും ജനലുകൾക്ക് ഷട്ടറുകളും വേണം. ജനലുകളിൽ താഴെ നീളത്തിൽ കമ്പികൾ ഘടിപ്പിച്ചിരിക്കണം. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. പിറകിൽ ചൈൽഡ് ലൈൻ, പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരുടെ നമ്പറുകളും വേണം. സീറ്റിംഗ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്തുവെന്നും വാതിൽ അടച്ചുവെന്നും ഉറപ്പാക്കിയ ശേഷമേ വാഹനം മുമ്പോട്ട് പോകാവൂ.
നടക്കുന്ന കുട്ടികളെയും കരുതണം
സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട്. അവരുടെ സുരക്ഷയ്ക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അദ്ധ്യാപകരും രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു. കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണം. അദ്ധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം. റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണെന്ന് ബോദ്ധ്യപ്പെടുത്തണം. റോഡിൽ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക. കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേയറ്റം നടത്തുക. കുട്ടികൾ നമ്മുടെ കൈയിൽ പിടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കൈയിൽ പിടിച്ച് നടത്തുന്നത്. കൊച്ചു കുട്ടികളാണെങ്കിൽ നമ്മുടെ പെരുവിരൽ കുട്ടിയ്ക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾ കൊണ്ട് നാം കുട്ടിയുടെ കൈ ചേർത്ത് പിടിക്കുകയും ചെയ്യണം. അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്‌റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്‌റ്റ് വാഗ്ദ്ധാനം ചെയ്താൽ നിരസിക്കണമെന്നും ബോദ്ധ്യപ്പെടുത്തണം.
സ്കൂൾ ബസിന്റെ വിവരം വീട്ടിലിരുന്നറിയാം
സ്‌കൂൾ ബസ് വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ രക്ഷകർത്താക്കൾക്ക് ആധിയാണ്. പിന്നെ കുട്ടികൾ വീട്ടിലെത്തിയാലേ അത് മാറൂ. എന്നാൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് വിദ്യാവാഹൻ എന്ന ഒരു ആപ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. റജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാവാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതരാണ്. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം. ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. വാഹനം ഓടുകയാണോയെന്നും വാഹനത്തിന്റെ ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എം.വി.ഡി/ സ്‌കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്‌കൂൾ അധികാരി എന്നിവരെ ഫോൺ വഴി വിളിക്കാം. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
കുരുക്ക് പരിഹരിക്കാനുള്ള പദ്ധതി നടപ്പായില്ല
ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പദ്ധതിയ്ക്ക് ഇതുവരെ അനുകൂല തീരുമാനമായില്ല. ആദ്യഘട്ടത്തിൽ തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് സർക്കാരിന് പദ്ധതി നിർദേശം നൽകിയത്. സർക്കാർ അംഗീകാരം നൽകിയാൽ വിശദമായ ഡി.പി.ആർ തയ്യാറാക്കി നൽകി പദ്ധതി പ്രാവർത്തികമാക്കാം. എന്നാൽ സർക്കാരിനു മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദേശത്തിന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷമാണ് രണ്ടാം ഘട്ടമായി പദ്ധതിയുടെ പ്രാരംഭ നിർദേശം സമർപ്പിച്ചത്. കുരുക്ക് ഒഴിവാക്കുന്നതിനായി ഫ്ളൈഓവർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. മൂന്നാർ ടൗണിൽ നടപ്പാക്കുന്ന പദ്ധതിക്കായി അഞ്ചു കോടി, തൊടുപുഴ മോർ ജംഗ്ഷനായി അഞ്ചു കോടി ഉൾപ്പെടെ 10 കോടിയുടെ പദ്ധതിയാണ് സർക്കാർ അനുമതിയ്ക്കായി നൽകിയത്. ഇതിനു പുറമെ കിഫ്ബിയ്ക്കും പ്രപ്പോസൽ കൈമാറിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ജില്ലാ പൊതുമരാമത്ത് വകുപ്പ് അധികൃതരും മൂന്നാർ ടൗണിനു വേണ്ടി പ്ലാൻ തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളം സ്‌പെഷ്യൽ യൂണിറ്റുമാണ്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന മൂന്നാർ ടൗണിലും ഇത്തരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. സീസൺ സമയത്ത് ഇവിടെ തിരക്ക് നിയന്ത്രണാതീതമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |