കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്ബാളിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭയാണ് കഴിഞ്ഞദിവസം കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ടി.കെ ചാത്തുണ്ണി. തൃശൂർ ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഫുട്ബാളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച അസാമാന്യ ധിഷണാശാലി. കേരളത്തിനുമപ്പുറത്ത് ഫുട്ബാൾ ഒരു മതമായിപ്പോലും കൊണ്ടാടപ്പെടുന്ന ബംഗാളിലെയും ഗോവയിലെയും മൈതാനങ്ങൾ ചാത്തുണ്ണി എന്ന പരിശീലകനുവേണ്ടി കരഘോഷങ്ങൾ മുഴക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മലയാളി കോച്ചിനെ കൊത്തിപ്പറക്കാൻ വമ്പൻ ക്ളബുകൾ വട്ടമിട്ടു പറന്നകാലം.
ചെന്നിടത്തെല്ലാം വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞതു മാത്രമല്ല ചാത്തുണ്ണി എന്ന കോച്ചിനെ വ്യത്യസ്തനാക്കുന്നത്. പ്രായം 80 കടന്നിട്ടും ജീവശ്വാസത്തിൽ അലിഞ്ഞുചേർന്ന ഫുട്ബാൾ എന്ന ഗെയിമിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കാൻ ആ മനസ് തുടിച്ചു എന്നതാണ്.
മഹാരഥന്മാരായ കളിക്കാരൊക്കെയും ശിഷ്യന്മാരായുണ്ടെങ്കിലും ഏത് കൊച്ചുകുട്ടിയേയും പന്തുതട്ടാൻ പഠിപ്പിക്കാൻ, അവർക്കു കളിക്കാൻ ഒരു മൈതാനമുണ്ടായിക്കാണാൻ രോഗം കലശലാകുന്നതുവരെ ചാത്തുണ്ണി ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ഇന്ത്യ ലോകഫുട്ബാളിൽ മുന്നിലെത്തുന്ന ദിനമാണ് തന്റെ ഏറ്റവും മികച്ച സ്വപ്നമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ചാലക്കുടി തുമ്പരത്തിയിൽ കണ്ടുണ്ണിയുടെയും പാർവതിയുടെയും മകൻ ചാത്തുണ്ണി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബാൾ കളി തുടങ്ങിയത്. സ്കൂൾ ടീമിൽ അംഗമായിരുന്നു. കൗമാരം വിടുമ്പോഴേയ്ക്കും പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സർവീസസ് ടീമിലൂടെയാണ് ചാത്തുണ്ണിയെന്ന ഫുട്ബാളർ ഇന്ത്യ കണ്ട മികച്ച സ്റ്റോപ്പർ ബാക്കായി വളർന്നത്. സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി ബൂട്ടുകെട്ടി. 1970-ൽ സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം പരിശീലന വഴിയിലേക്കു തിരിഞ്ഞു.
കേരള പൊലീസ്, മോഹൻ ബഗാൻ, ചർച്ചിൽ ഗോവ, സാൽഗോക്കർ, ഡെംപോ ഗോവ, എഫ്.സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രെഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ തുടങ്ങിയ ടീമുകളെയൊക്കെ പരിശീലിപ്പിച്ചു. 1990-ലെ ഫെഡറേഷൻ കപ്പിൽ കേരള പൊലീസിനെ ജേതാക്കളാക്കിയത് വഴിത്തിരിവായി. ഐ.എം. വിജയൻ, വി.പി സത്യൻ, പാപ്പച്ചൻ, ജോ പോൾ അഞ്ചേരി, ബ്രൂണോ കുടീന്യോ,ഡെൻസൺ ദേവദാസ് തുടങ്ങിയ വലിയ ശിഷ്യസമ്പത്തിനുടമയായി. കളിക്കാർക്ക് സ്നേഹം നൽകാനും കൂടെ നിറുത്താനും ഒരു മടിയുമില്ലാത്ത ചാത്തുണ്ണി തെറ്റുകണ്ടാൽ കർശനമായി ശാസിക്കുകയും ചെയ്തിട്ടുണ്ട്. ആ സ്നേഹവും പേടിയും ബഹുമാനവും അദ്ദേഹത്തിന്റെ ശിഷ്യരിലെല്ലാമുണ്ട്. തന്റെ പ്രിയ ശിഷ്യൻ ധൻരാജ് കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ചപ്പോൾ ആ കുടുംബത്തിന് കൈത്താങ്ങാകാൻ ശിഷ്യരെക്കൂട്ടി ചാരിറ്റി മാച്ച് നടത്താൻ മുന്നിട്ടിറങ്ങിയത് ചാത്തുണ്ണിയായിരുന്നു. വലിയ ക്ളബുകളെ പരിശീലിപ്പിച്ച ശേഷം ചെറിയ ക്ളബുകളിലേക്ക് മാറിയപ്പോഴും ഒരു വ്യത്യാസവുമില്ലാതെ സന്തോഷത്തോടെയാണ് ജോലി നോക്കിയത്.
ചാലക്കുടിയിലെ സ്കൂൾ ഗ്രൗണ്ട് റോഡിനു വേണ്ടി എടുത്തപ്പോൾ പുതിയ ഗ്രൗണ്ടിനായി റോഡരികിൽ സത്യഗ്രഹമിരിക്കാനും തയ്യാറായി. തനിക്കു ശേഷം പ്രളയമെന്ന് ചിന്തിച്ച കോച്ചായിരുന്നില്ല അദ്ദേഹം. പുതുതലമുറയിലെ കളിക്കാരെയും പരിശീലകരെയും അവരുടെ നേട്ടങ്ങളിൽ ഓടിയെത്തി അഭിനന്ദിക്കാനും ചേർത്തുപിടിക്കാനും എന്നും ചാത്തുണ്ണി മുന്നിലുണ്ടായിരുന്നു. അവസാന ശ്വാസം വരെ ഫുട്ബാളിനെ സ്നേഹിച്ച ചാത്തുണ്ണിയെ കായിക കേരളം പലപ്പോഴും അവഗണിച്ചിട്ടേയുള്ളൂ. കേരള പൊലീസിനെ ഇന്ത്യയിലെ എണ്ണം പറഞ്ഞ ടീമാക്കിയ, നിരവധി പ്രതിഭകളെ തേച്ചുമിനുക്കിയെടുത്ത ചാത്തുണ്ണിക്ക് ഒരുവട്ടംപോലും മികച്ച പരിശീലകനുള്ള ഒരു പുരസ്കാരം നൽകാൻ നമ്മുടെ സ്പോർട്സ് കൗൺസിലിനു കഴിഞ്ഞില്ല. ഒടുവിൽ ആജീവനാന്തപുരസ്കാരം സമർപ്പിച്ച് മുഖംരക്ഷിക്കുകയായിരുന്നു. അതെന്തുതന്നെയായാലും ടി.കെ ചാത്തുണ്ണി ഇന്ത്യൻ ഫുട്ബാളിനു നൽകിയ സംഭാവനകൾ വരുംതലമുറകൾക്ക് പ്രചോദനം പകരുകതന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |