കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ മികച്ച വില്പനയുമായി മാരുതി സുസുക്കി ഇപ്പോഴും ഒന്നാം സ്ഥാനം നിലനിറുത്തുന്നു. സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെ പിന്തുണയിൽ അനവധി വിദേശ ബ്രാൻഡുകൾ വിപണിയിലെത്തിയെങ്കിലും ഉപഭോക്താക്കളുടെ മനസ് ഇപ്പോഴും മാരുതി സുസുക്കിയ്ക്ക് ഒപ്പമാണ്. കഴിഞ്ഞ മാസവും മാരുതിയുടെ വിവിധ മോഡൽ വാഹനങ്ങളാണ് വിപണി കീഴടക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പത്ത് ബ്രാൻഡുകളിൽ ഏഴും മാരുതി സുസുക്കി വാഹനങ്ങളാണ്. ടാറ്റയുടെയും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ മോഡലുകളും മികച്ച വില്പന നേടിയ നേടിയ പത്ത് ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി.
ഒന്നാമൻ സ്വിഫ്റ്റ് തന്നെ
ഇന്ത്യയിലെ കാർ വില്പനയിൽ കഴിഞ്ഞ മാസവും ഒന്നാം സ്ഥാനം മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് നിലനിറുത്തി. മേയിൽ സ്വിഫ്റ്റിന്റെ 19,393 യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്. താങ്ങാവുന്ന വിലയും മികച്ച ഫാമിലി കാറെന്ന ബ്രാൻഡ് മൂല്യവും സ്വിഫ്റ്റിന് വിപണിയിൽ അനുകൂലമായി.
രണ്ടാമത് ടാറ്റ പഞ്ച്
ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്ക് മോഡലായ പഞ്ചാണ് കഴിഞ്ഞ മാസം വില്പനയിൽ രണ്ടാം സ്ഥാനത്ത്. ഇടത്തരക്കാരുടെ സ്വന്തം കാറെന്ന ഖ്യാതിയാണ് ടാറ്റ പഞ്ചിന് ആരാധകരെ വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 18,949 യൂണിറ്റ് പഞ്ച് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്.
ഡിസയറിനും ആരാധകർ ഏറെ
മാരുതി സുസുക്കിയുടെ സെഡാൻ മോഡലായ സ്വിഫ്റ്റ് ഡിസയറിന് മികച്ച വാങ്ങൽ താത്പര്യമാണ് കഴിഞ്ഞ മാസം ലഭിച്ചത്. ചെറുകാറുകളിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരുടെ പ്രധാന ആകർഷണം ഡിസയറാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസം 16,061 യൂണിറ്റ് ഡിസയറുകളാണ് മാരുതി ഇന്ത്യയിൽ വിറ്റഴിച്ചത്.
ക്രെറ്റ മത്സരം ശക്തമാക്കുന്നു
സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിരയിൽ ഉപഭോക്താക്കളുടെ എൻട്രി കാറായ ഹ്യുണ്ടായുടെ ക്രെറ്റ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം 14,662 ക്രെറ്റ വാഹനങ്ങളാണ് ്ഹ്യുണ്ടായ് ഇന്ത്യയിൽ വിറ്റഴിച്ചത്. എസ്.യു.വി സെഗ്‌മെന്റിൽ മത്സരം രൂക്ഷമാണെങ്കിലും ക്രെറ്റ മികച്ച വാങ്ങൽ താത്പര്യവുമായി മുൻനിരയിൽ തുടരുകയാണ്.
നിരത്ത് കീഴടക്കി മാരുതി വാഹനങ്ങൾ
ഇന്ത്യൻ നിരത്തുകളിലെ പ്രധാന വില്പന ബ്രാൻഡുകളെന്ന പദവി കഴിഞ്ഞ മാസവും മാരുതി കാറുകൾ നിലനിറുത്തി. അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ വാഗണർ, ബ്രെസ. എർട്ടിഗ, ബലോന, ഫ്രോൻക്സ് എന്നിവ വെല്ലുവിളികളില്ലാതെ തുടരുകയാണ്. മഹീന്ദ്ര സ്കോർപ്പിയോ മാത്രമാണ് 13,717 യൂണിറ്റ് വാഹനങ്ങളുടെ വില്പനയുമായി ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുള്ള പ്രധാന ബ്രാൻഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |