കോട്ടയം: ആഭ്യന്തര റബർ വില ഉയരങ്ങളിലേക്ക് കുതിക്കുന്നു. 12 വർഷത്തിന് ശേഷം ആഭ്യന്തര റബർ വില ബാങ്കോക്ക് വിലയായ 202 രൂപയും കടന്ന് 203 രൂപയിലെത്തി. ഏറെക്കാലത്തിന് ശേഷമാണ് അന്താരാഷ്ട്ര വില ആഭ്യന്തര വിപണി മറികടക്കുന്നത്. വില കുറയ്ക്കാൻ ടയർലോബി ശ്രമിച്ചെങ്കിലും ആവശ്യത്തിന് ഷീറ്റില്ലാതെ ഡിമാൻഡ് കൂടിയതോടെ ടയർ കമ്പനികൾ ഉയർന്ന വിലയ്ക്ക് റബർ വാങ്ങാൻ നിർബന്ധിതരായി.
മഴയ്‌ക്കു മുൻപ് റെയിൻഗാർഡ് ഘടിപ്പിക്കാതിരുന്നതിനാൽ സാധാരണ കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിക്കുന്നില്ല. റെയിൻഗാർഡ് ഘടിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധനസഹായം നൽകാൻ റബർ ബോർഡ് തയ്യാറായതിന്റെ ആശ്വാസത്തിലാണ് ചെറുകിട കർഷകരെങ്കിലും ടാപ്പിംഗ് പുനരാരംഭിക്കുമ്പോൾ ഉത്പാദനം ഉയരുന്നതോടെ വില താഴുമോയെന്ന ഭീതി ശക്തമാണ്.
സഹായം കാത്ത് കർഷകർ
റെയിൻ ഗാർഡിനും മരുന്നുതളിക്കുന്നതിനും ഹെക്ടറിന് 4000 രൂപ വീതമാണ് ആർ.പി.എസുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് ഹെക്ടർ വരെയുള്ള കർഷകർക്ക് ലഭിക്കുക. പുതിയ അപേക്ഷ രജിസ്റ്റർ ചെയ്തു ബോർഡ് ഓഫീസിൽ നൽകി പരിശോധനയും കഴിഞ്ഞു പണം ലഭിക്കാൻ കാലതാമസമെടുക്കും. കേന്ദ്രസർക്കാറിന്റെ ബഡ് ജറ്റ് പ്രഖ്യാപനം നടപ്പാക്കുന്ന തീരുമാനമെടുക്കാൻ ബോർഡ് മൂന്ന് മാസമെടുത്തിരുന്നു. മഴ മാറി വെയിൽ ആകുമ്പോൾ റെയിൻഗാർഡിനുള്ള പണം കിട്ടിയിട്ട് പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |