ലൂസാക്ക : ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ രണ്ട് സിംഹങ്ങളെ അധികൃതർ കൊന്നു. പടിഞ്ഞാറൻ സാംബസി മേഖലയിലാണ് സംഭവം. ഇവിടുത്തെ കഫ്യൂ നാഷണൽ പാർക്കിൽ നിന്ന് പുറത്തുചാടിയ രണ്ട് സിംഹങ്ങളെയാണ് വകവരുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവ 16 വളർത്തുപശുക്കളെ കൊന്ന് ഭക്ഷിച്ചു. സിംഹങ്ങളെ പേടിച്ച് ചിലർ വീടുകൾ വിട്ട് പലായനം ചെയ്യാൻ ഒരുങ്ങിയിരുന്നു. മേഖലയിലെ സ്കൂളുകൾ അടയ്ക്കാനും അധികൃതർ തീരുമാനിച്ചിരുന്നു. അതേ സമയം, സിംഹങ്ങൾ മനുഷ്യരെ ആക്രമിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. സിംഹങ്ങളുടെ ജീവനറ്റ ശരീരത്തിന്റെ ദൃശ്യങ്ങൾ ദേശീയ ചാനലിൽ സംപ്രേക്ഷണം ചെയ്തു. അതേ സമയം, വന്യ മൃഗങ്ങളും ജനങ്ങളും തമ്മിലെ സംഘർഷം സാംബിയയിൽ പതിവാണ്. പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും സമീപമാണ് ഇത് ഏറ്റവും കൂടുതൽ. കടുത്ത വേനൽ മൂലം ജലാശയങ്ങൾ വറ്റിയതോടെ ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങുന്ന ജീവികളുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |