ഒട്ടാവ: ഇറാന്റെ സായുധ സൈനിക വിഭാഗങ്ങളിൽ ഒന്നായ ഇസ്ലാമിക് റെവലൂഷനറി ഗാർഡിനെ ഭീകര സംഘടനയുടെ പട്ടികയിൽപ്പെടുത്തി കാനഡ. രാജ്യത്ത് താമസിക്കുന്ന മുൻ ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇറാനിലുള്ള കനേഡിയൻ പൗരന്മാർ ഉടൻ രാജ്യംവിടണമെന്നും ലെബ്ലാങ്ക് നിർദ്ദേശിച്ചു.
വളരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കമെന്നും റെവലൂഷനറി ഗാർഡിന്റെ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ സാദ്ധ്യമായ മാർഗ്ഗങ്ങളെല്ലാം പ്രയോഗിക്കുമെന്നും ലെബ്ലാങ്ക് വ്യക്തമാക്കി. അതേ സമയം, കാനഡയുടെ നടപടി വിവേക ശൂന്യവും തികച്ചും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2019ൽ യു.എസും റെവലൂഷനറി ഗാർഡിനെ ഭീകര സംഘടനയുടെ ലിസ്റ്റിൽ ചേർത്തിരുന്നു. റെവലൂഷനറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിനെ കാനഡ നേരത്തെ തന്നെ തീവ്രവാദ ഗ്രൂപ്പുകളുടെ ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം 2012ൽ കാനഡ വിച്ഛേദിച്ചിരുന്നു.
1,25,000 അംഗങ്ങൾ
വിദേശ ഇടപെടൽ തടയുക, ആർമിയുടെ അട്ടിമറി നീക്കങ്ങൾ ഇല്ലാതാക്കുക, ഇസ്ലാമിക വിപ്ലവത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്കെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക തുടങ്ങിയവയാണ് ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ 1979ൽ സ്ഥാപിക്കപ്പെട്ട റെവലൂഷനറി ഗാർഡിന്റെ ചുമതലകൾ. ബഹ്‌റൈൻ, സൗദി അറേബ്യ, സ്വീഡൻ എന്നീ രാജ്യങ്ങളും 1,25,000ത്തിലേറെ അംഗങ്ങളുള്ള റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |