കാലത്തിന്റെ തള്ളിച്ചയിൽ വിസ്മൃതിയിലാണ്ടു പോകാത്ത പല പേരുകളും മുഖങ്ങളും വളരെക്കാലം ജീവസോടെ നിലനിൽക്കാറുണ്ട്. മട്ടാഞ്ചേരിക്കാരെയും വൈപ്പിൻകരക്കാരെയും സംബന്ധിച്ച് അത്തരമൊരു പേരും മുഖവുമാണ് സഖാവ് മണ്ണാളി വിശ്വനാഥന്റേത്. പാവപ്പെട്ടവരുടെയും ഭൂരഹിതരുടെയും തൊഴിലാളികളുടെയും ശബ്ദമായി, കേസുകൾ കോടതി ഫീസ് പോലും വാങ്ങാതെ വാദിച്ചു ജയിച്ചിരുന്ന പ്രഗത്ഭനായ അഭിഭാഷകനും സാമൂഹ്യ നീതിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു മണ്ണാളി വിശ്വനാഥൻ.
തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി ദൃഢനിശ്ചയത്തോടെ നിലകൊള്ളുകയും അവരുടെ സ്നേഹാദരവുകൾക്ക് പാത്രമാവുകയും ചെയ്ത 'മണ്ണാളി" എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന മണ്ണാളി വിശ്വനാഥൻ ഒരു കാലഘട്ടത്തിന്റെ ആവേശമായി, ആവശ്യമായി ജീവിച്ചിരുന്ന അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു. മട്ടാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് വിരമിച്ച വിമല ശങ്കുണ്ണിയായിരുന്നു ഭാര്യ. ഡോ. വത്സ മണ്ണാളി, കേണൽ രാജീവ് മണ്ണാളി, അഡ്വ. സാജൻ മണ്ണാളി എന്നിവർ മക്കൾ. അദ്ദേഹം ഓർമ്മയായിട്ട് ഇരുപത് വർഷം തികയുമ്പോൾ മരിക്കാത്ത ഓർമ്മകൾ അദ്ദേഹത്തിന് പ്രിയപ്പെട്ടവർ പങ്കുവയ്ക്കുന്നു.
പിതൃതുല്യനായ
ഗുരുനാഥൻ
ജസ്റ്റിസ്. എം.ബി. സ്നേഹലത
(ശിഷ്യയും ഹൈക്കോടതി ജഡ്ജിയും)
അദ്ദേഹത്തിൽ നിന്ന് ഒരു ഗുരുവിന്റെയും അച്ഛന്റെയും സ്നേഹവും വാത്സല്യവും ഒരുപോലെ ഞാൻ അനുഭവിച്ചിട്ടുണ്ട്. കക്ഷികളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. പണമില്ലാത്ത കക്ഷികൾക്കു വേണ്ടിയും അദ്ദേഹം കേസുകൾ വാദിച്ചു. ഒരു കേസിൽ എത്രയധികം ആത്മാർത്ഥതയോടെ നിലകൊള്ളണമെന്നത് ഞാൻ മനസിലാക്കുന്നത് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോഴാണ്. കേസ് ചെറുതായാലും വലുതായാലും അതിന് തുല്യ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറയുമായിരുന്നു. വളരെ സീനിയർ അഭിഭാഷകനായിട്ടു പോലും ഭൂരഹിതരായ കക്ഷികൾക്കു വേണ്ടി സ്വയം 'ലാൻഡ് ട്രിബ്യൂണലിൽ" അദ്ദേഹം ഹാജരാകുന്നത് ഞാൻ അതിശയത്തോടെയും ആദരവോടെയും ഓർക്കുന്നു. പാവപ്പെട്ടവർക്കും ആശ്രയരഹിതർക്കും അദ്ദേഹം എന്നുമൊരാശ്വാസമായി നിലകൊണ്ടു. തന്റെ ജൂനിയർ അഭിഭാഷകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതിയിരുന്ന സീനിയേഴ്സിൽ ഒരാളായിരുന്നു എന്റെ 'മണ്ണാളി സർ."
അച്ഛന്റെ 'പ്രോബ്ലം
സോൾവിംഗ് ടച്ച് "
ഡോ. വത്സ മണ്ണാളി
(മകൾ)
അച്ഛനെ ഞാൻ പ്രത്യേകിച്ച് അനുസ്മരിക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. കാരണം, മരിച്ചതിനു ശേഷവും അദ്ദേഹം എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്. ഏതു പ്രശ്നത്തെ അഭിമുഖീകരിക്കാനുമുള്ള ധൈര്യം നൽകിയത് അദ്ദേഹമാണ്. സൈക്യാട്രിസ്റ്റായ എനിക്ക് മനുഷ്യമനസുകളെ ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ടി വരുന്ന സങ്കീർണഘട്ടങ്ങളിൽ ഉരുത്തിരിഞ്ഞു വരുന്ന പരിഹാരത്തിന് അച്ഛന്റെ
'പ്രോബ്ലം സോൾവിംഗ് ടച്ച്"ഇപ്പോഴും എനിക്കു തോന്നാറുണ്ട്. ഒരു സുഹൃത്തും വഴികാട്ടിയുമായിരുന്നു അച്ഛൻ.
പ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്ന സഹപ്രവർത്തകർക്കും യൂണിയൻ പ്രതിനിധികൾക്കും പൂമുഖത്തെ ചാരുകസേരയിലിരുന്ന് പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന അച്ഛന്റെ മുഖമാണ് ഓർമ്മവരുന്നത്. ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. അത് കണ്ടുപിടിക്കാൻ മനസിന് കഴിവ് വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് വളരെ ചെറുപ്രായത്തിലേ എനിക്ക് പറഞ്ഞുതരുമായിരുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന് മരണമില്ല. അദ്ദേഹം എന്നിലൂടെ ജീവിക്കുന്നു. അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇരുപത് വർഷങ്ങളായെന്ന് വിശ്വസിക്കാൻ പോലും എനിക്ക് പ്രയാസമാണ്.
അച്ഛൻ, എന്റെ
റോൾ മോഡൽ
കേണൽ രാജീവ് മണ്ണാളി
(മകൻ)
ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ മനുഷ്യസ്നേഹിയായിരുന്നു അച്ഛൻ. ധാർമ്മിക മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത നിയമ വിദഗ്ദ്ധനെന്ന നിലയിൽ അദ്ദേഹം അഭിഭാഷകർക്ക് റോൾ മോഡൽ കൂടിയായിരുന്നു. 1919 ഡിസംബർ എട്ടിന് പള്ളിപ്പുറം ചെറായിയിലെ പ്രശസ്തമായ മണ്ണാളി കുടുംബത്തിൽ കൃഷ്ണൻ- കല്ല്യാണി ദമ്പതികളുടെ മകനായാണ് ജനിച്ചത്. സമ്പത്തിന്റെ മടിത്തട്ടിലായിരുന്നു ബാല്യം. എന്നാൽ ഏഴാം ക്ലാസിലായിരിക്കുമ്പോൾ 1930-കളിലെ സാമ്പത്തിക മാന്ദ്യത്തിൽ കുടുംബത്തിന്റെ സമ്പത്തും പ്രതാപവും നഷ്ടമായി. പിന്നീടങ്ങോട്ട് പഠനം പൂർത്തിയാക്കുന്നതിനും ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറുവാനും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു. സ്കോളർഷിപ്പുകളിലൂടെ പഠനം പൂർത്തീകരിച്ചു.
അദ്ധ്യാപകനായിരുന്ന സഹോദരൻ അഡ്വ. ഗോപാലൻ മണ്ണാളിയാണ് സ്വപരിശ്രമത്തിലൂടെ ജീവിത വിജയം നേടുവാൻ അച്ഛന് പ്രചോദനവും മാർഗദർശിയുമായിരുന്നത്. മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. അക്കാലത്ത് കോളേജ് സ്പോർട്സ് ചാമ്പ്യനും യൂണിയൻ കൗൺസിൽ അംഗവുമായിരുന്നു. ബിരുദം നേടിയശേഷം 'ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ" പ്ലാറ്റൂൺ കമാൻഡറായി അസാമിൽ ഒരു വർഷം സേവനമനുഷ്ഠിച്ചു. അതിനുശേഷം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ വൈസ്രോയീസ് കമ്മിഷൻഡ് ഓഫീസറായി. ജപ്പാനിൽ അധിനിവേശസേനയുടെ ഭാഗമായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതും ഇന്ത്യൻ നാഷണൽ ആർമിയുമായി (ഐ.എൻ.എ) സഹകരിക്കുന്നതും.
സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങളോട് ആകൃഷ്ടനായി അദ്ദേഹം മിലിട്ടറി സേവനം അവസാനിപ്പിക്കുകയായിരുന്നു. പട്ടാള ജീവിതത്തിനിടയിലും ഒരു മികച്ച ടെന്നിസ് താരവും സ്പോർട്സ്മാനുമായി ഖ്യാതി നേടിയിരുന്നു. 1948-ൽ ഇന്ത്യൻ ആർമിയോട് വിട പറഞ്ഞ് മദ്രാസ് ലാ കോളേജിൽ ചേർന്നു. അവസാനവർഷം കോളേജ് യൂണിയൻ ചെയർമാനായിരുന്നു. 1950-ൽ കൊച്ചിയിലെ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചു. തുടക്കത്തിൽ യുവ അഭിഭാഷകനെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഈ അനുഭവസമ്പത്ത് അദ്ദേഹത്തെ പാവപ്പെട്ടവരുടെയും ഭൂരഹിതരുടെയും നേതാവും വക്താവുമാക്കി മാറ്റി. അധികം താമസിയാതെ മട്ടാഞ്ചേരിയിലും വൈപ്പിൻ കരയിലുമായി ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തനം വ്യാപിപ്പിച്ചു.
1950 മുതൽ 1980 വരെ ഇരുപതോളം ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി, ജില്ലാ വികസന കൗൺസിൽ എന്നിവയിലെ അംഗമായും സേവനമനുഷ്ഠിച്ചു. ഓൾ കേരള മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹമായിരുന്നു. 1963-ൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി. 16 വർഷം പ്രവർത്തിച്ചു. ലക്ഷം വീട് പദ്ധതി പ്രകാരം ഏറ്റവും വേഗം വീടുപണി പൂർത്തിയാക്കിയതിന് പഞ്ചായത്തിന് അവാർഡ് ലഭിക്കുകയുണ്ടായി. ടി.വി.തോമസ്, ആർ.സുഗതൻ എന്നിവരായിരുന്നു രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ മാർഗദർശികൾ.
കൊച്ചിൻ ബാർ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം യുവ അഭിഭാഷകർക്കൊരു മാതൃകാ പുരുഷനായി നിലകൊണ്ടു. ചെറായിയിലെ വിദ്യാഭ്യാസ സാമൂഹിക സേവന സംഘടനയായ വി.വി സഭയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരോടൊപ്പം ചേർന്ന് കേരള ഫൈൻ ആർട്സ് സൊസൈറ്റി സ്ഥാപിക്കുവാൻ ഇടയായി. ചെറായിയിലെ ബീച്ച് ഇന്ന് മികച്ച ഹോളിഡേ ഡെസ്റ്റിനേഷൻ ആയതിൽ നിർണായകമായത് അദ്ദേഹത്തിന്റെ കാലത്തെ പ്രവർത്തനങ്ങളാണ്. ബീച്ച്റോഡ് എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. ആ റോഡ് മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ അദ്ദേഹം തുടങ്ങിവച്ചതായിരുന്നു.
1965ൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാറയ്ക്കൽ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു. കേരള ഹിസ്റ്ററി അസോസിയേഷൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, മദ്യ നിരോധന സമിതി, മിശ്ര വിവാഹ സംഘം എന്നിവയ്ക്കും നേതൃത്വം നൽകി. അഴിമതിരഹിതമായി ജീവിതകാലം മുഴുവൻ രാഷ്ട്രീയ വിശുദ്ധിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിലകൊണ്ട അദ്ദേഹം ജീവിതത്തിൽ എന്റെ റോൾ മോഡലാണ്.
വായനാലോകം
തുറന്നു തന്നു
അഡ്വ. സാജൻ മണ്ണാളി
(മകൻ)
വക്കീലാകാൻ പ്രചോദനമായത് അച്ഛനാണ്. പഠിപ്പിന്റെയും വായനയുടെയുമൊക്കെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തിലും അഭിഭാഷക വൃത്തിയിലും അദ്ദേഹത്തിന്റെ ശൈലി തന്നെയാണ് ഞാനും സ്വീകരിച്ചിരുന്നത്. കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹം ഞാൻ കെ.എസ്.യുവിൽ ചേർന്ന് കോൺഗ്രസ് രാഷ്ട്രീയവുമായി മുന്നോട്ടു പോയപ്പോൾ ഒരിക്കൽപ്പോലും അതിന് എതിരുനിന്നിട്ടില്ല. ചെറായി വിജ്ഞാന വർദ്ധിനി സഭയിലെ പ്രസിഡന്റായിരുന്നപ്പോൾ അച്ഛൻ ചെയ്ത കാര്യങ്ങൾ ഇന്നും അവിടത്തുകാർ ഓർമ്മിക്കുന്നു. അച്ഛന്റെ ശ്രമഫലമായി പള്ളിപ്പുറം പഞ്ചായത്തിന് ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. എല്ലാ തിരക്കുകളുടെയും ഇടയിലും കുടുംബത്തിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചു നടത്തിയത് അച്ഛനാണ്. മത്സരപ്പരീക്ഷകളിൽ വിജയിക്കുമ്പോൾ നാഷണൽ ബുക്ക് സ്റ്റാളിലെ പുസ്തകങ്ങൾ സമ്മാനമായി നൽകിയിരുന്നു. അങ്ങനെ വലിയൊരു ലൈബ്രറി തന്നെ എന്റേതായി ഉണ്ടായി. കളിപ്പാട്ടങ്ങളെക്കാൾ സന്തോഷമാണ് പുസ്തകങ്ങൾ എന്ന് പഠിപ്പിച്ചതും അച്ഛന്റെ ആ സമീപനം തന്നെയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനു പുറമേ അദ്ദേഹം തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു.
സഹപ്രവർത്തകരെ, പ്രത്യേകിച്ച് യുവ അഭിഭാഷകരെ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹം സംഗീതത്തിലും തത്പരനായിരുന്നു. ബുൾബുൾ എന്ന വാദ്യോപകരണം വായിക്കാൻ ഇഷ്ടമായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ ഒരു കടുത്ത ആരാധകനായിരുന്നു. നെഹ്റുവിന്റെ 'ഡിസ്കവറി ഒഫ് ഇന്ത്യ"യും 'ഒരച്ഛൻ മകൾക്കയച്ച കത്തുകളു"മെല്ലാം വായിക്കാൻ അദ്ദേഹമായിരുന്നു പ്രചോദനം നൽകിയത്.
മുത്തച്ഛൻ
തന്ന മധുരം
അഡ്വ.ആദിത്യൻ എസ്. മണ്ണാളി
(കൊച്ചുമകൻ)
കൊച്ചിയിൽ വീടും ഓഫീസും ഒരുമിച്ചായിരുന്നു. ചെറുപ്പം മുതൽ കണ്ടുവളർന്നത് കോടതിയിലെ അഭിഭാഷകരെയും സാക്ഷികളെയുമാണ്. ഭരണഘടനയും കോടതിയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങളും നിത്യം കേട്ടുവളർന്നതിനാലാവും വക്കീലാവാൻ മോഹമുദിച്ചത്. അദ്ദേഹം മരിക്കുമ്പോൾ എനിക്ക് 14 വയസായിരുന്നു. ഞാൻ പ്രാക്ടീസ് ചെയ്യുന്നത് കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ല എന്ന ദുഃഖം മാത്രം ബാക്കി. കൊച്ചി കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന അദ്ദേഹം ശിഷ്യർക്ക് നൽകിയിരുന്ന ഉപദേശങ്ങൾ മറ്റുള്ളവരിൽ നിന്ന് ഞാനും കൗതുകപൂർവം കേട്ടിട്ടുണ്ട്.
കോടതിയിൽ നിന്ന് കയ്യിൽ ഒരു ചോക്ലേറ്റുമായി അദ്ദേഹം വരുന്നതും കാത്ത് ഞാൻ വീടിനു മുന്നിൽ നിൽക്കുമായിരുന്നു. അഞ്ചാംക്ലാസ് മുതൽ അദ്ദേഹം എന്നെ പത്രത്തിന്റെ എഡിറ്റോറിയലുകൾ വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. ഒരു വിഷയത്തെ ആധികാരികമായും വിശകലനാത്മകമായും സമീപിക്കാൻ ഇത് സഹായിച്ചു. ഭരണഘടന പലവുരു വായിക്കുമ്പോൾ ഒരുവട്ടം പോലും മടുപ്പ് തോന്നാത്തതും അദ്ദേഹം നൽകിയ പരിശീലനം കൊണ്ടു തന്നെയായിരിക്കാം. കോടതി പദങ്ങളെ നിത്യജീവിതത്തിലെ വാക്കുകളുമായി അദ്ദേഹം ബന്ധിപ്പിക്കുമായിരുന്നു. പ്രമേഹത്തിന് ഇൻസുലിൻ എടുക്കുമ്പോൾ 'ഐ കാൻ സ്റ്റോപ്പ് യുവർ ഗ്രാൻഡ് മദർ ഫ്രം ഡൂയിംഗ് ദിസ് ഇൻജെക്ഷൻ" എന്നു പറഞ്ഞു. 'ഇൻജൻക്ഷൻ" എന്ന കോടതി പദവുമായി ബന്ധിപ്പിക്കുന്നത് ഇന്നും ഞാൻ ഓർക്കുന്നു.
അദ്ദേഹം പഠിച്ച മദ്രാസ് ഗവ. ലാ കോളേജിൽ പഠിക്കാനായതും ഒരു വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. ആദ്യമായിട്ടാവും ഒരു മലയാളി ആ കോളേജിൽ യൂണിയൻ ചെയർമാനാകുന്നത്. അവിടെ ഡയറക്ടറുടെ മുറിയിൽ അദ്ദേഹത്തിന്റെ പേര് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുമായിരുന്നു. കക്ഷികളുമായി ഇടപഴകുമ്പോൾ എന്നെ അടുത്തു നിറുത്തി താലോലിച്ചിരുന്നതും ഒരുപക്ഷേ ഒരു അഭിഭാഷകനാകുന്നതിന് എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്കു മുമ്പിൽ ഞാൻ ശിരസ് നമിക്കുന്നു.
മണ്ണാളി വിശ്വനാഥൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു ദശാബ്ദമായെങ്കിലും അദ്ദേഹത്തിന്റെ കർമ്മ ബലം അദ്ദേഹത്തെ ഇന്നും മനുഷ്യ മനസുകളിൽ ഒരു പ്രചോദനമായി നിലനിറുത്തുന്നു. നല്ലവനായ ആ മനുഷ്യസ്നേഹിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |