നമ്മൾ എന്തുകൊണ്ട് തോറ്റുവെന്ന് സിമ്പിളായി പറഞ്ഞാലെന്താ ?' വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'സന്ദേശം' സിനിമയിലെ ഉത്തമൻ എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗാണിപ്പോൾ എങ്ങും സംസാരവിഷയം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് സി.പി.എമ്മിലും സി.പി.ഐ യിലും താത്വികമായ അവലോകനങ്ങൾ നടന്നുവരികയാണ്. സി.പി.എമ്മിന്റെ അഞ്ചുദിവസം നീണ്ടുനിന്ന നേതൃയോഗത്തിനൊടുവിലും ഉത്തമന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താനായില്ലെങ്കിലും സി.പി.ഐ ജില്ലാ കൗൺസിലുകളിൽ ഉയരുന്ന ചോദ്യങ്ങൾ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ യുടെ വിവിധ ജില്ലാ കൗൺസിലുകളിൽ ഉയരുന്നത് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായ ശക്തമായ വികാരമാണ്. ഒപ്പം സി.പി.ഐ ഇടതുമുന്നണി വിടണമെന്ന വികാരവും ശക്തമാകുന്നു. പിണറായി വിജയനെ തക്കസമയത്ത് തിരുത്താൻ ശ്രമിക്കാതിരുന്ന സി.പി.ഐ നേതൃത്വത്തിനെതിരെയും വിമർശനമുയരുന്നുണ്ട്. സി.പി.ഐ ഇടതുമുന്നണി വിടണമെന്ന് ചില ജില്ലാകൗൺസിലുകളിൽ ശക്തമായ വികാരം അലയടിക്കുന്നുവെങ്കിലും പാർട്ടി നേതൃത്വം അതിനോട് പ്രതികരിച്ചിട്ടില്ല. ഒരു രാജ്യസഭാസീറ്റ് ലഭിച്ചതിന്റെ സന്തോഷത്തിൽ എല്ലാം മറന്നുവെന്ന പ്രതീതിയിലാണ് നേതൃത്വം. സി.പി.ഐ ഇടതുമുന്നണി വിടുമോ എന്ന ചോദ്യം രാഷ്ട്രീയതലങ്ങളിൽ ചർച്ചയാകമ്പോഴും ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ മൗനവും ശ്രദ്ധേയമാകുന്നുണ്ട്. സി.പി.ഐ ഇടതുമുന്നണിയിൽ ഇങ്ങനെ തുടർന്നാൽ പാർട്ടി തന്നെ ബാക്കിയുണ്ടാകില്ലെന്ന ഉത്ക്കണ്ഠയാണ് നേതാക്കളും അണികളും പങ്ക് വയ്ക്കുന്നത്. സി.പി.ഐ മത്സരിച്ച 4 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ ദയനീയമായ തോൽവിയാണ് ഏറ്റുവാങ്ങിയത്.
സി.പി.ഐയുടെ
രൂക്ഷവിമർശനം
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയി. മാവേലിക്കരയിൽ മാത്രമാണ് വലിയ പരിക്കേൽക്കാത്ത തോൽവിയുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് ഇത്രയും ദയനീയമായ തോൽവിയിലേക്ക് നയിച്ചതെന്ന വികാരമാണ് സി.പി.ഐയുടെ വിവിധ ജില്ലാ കൗൺസിൽ യോഗങ്ങളിൽ ഉയർന്നത്. ഇടുക്കി ജില്ലാ നേതൃത്വം ഇക്കാര്യം പരസ്യമായി തുറന്നടിച്ചപ്പോൾ മറ്റുജില്ലാ കൗൺസിൽ യോഗങ്ങളിൽ മാത്രമായി വിമർശനം ഒതുങ്ങി നിന്നു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സി.പി.ഐ യുടെ വിവിധ ജില്ലാകൗൺസിലുകൾ ചേർന്നപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയാണ് അതിരൂക്ഷമായ വിമർശനമുയർന്നത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാരിന്റെ തലപ്പത്ത് തന്നെ മാറ്റം വേണമെന്ന കൊല്ലം ജില്ലാ കൗൺസിലിൽ ഉയർന്ന ആവശ്യം പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. 'വിഗ്രഹം ഉടച്ചു വാർത്ത് തലമാറ്റി വയ്ക്കണ'മെന്ന കടുത്ത പരാമർശത്തിനു പുറമെ, ഭരണ നേതൃമാറ്റത്തിന് സി.പി.എം തയ്യാറാകുന്നില്ലെങ്കിൽ സി.പി.ഐ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യവും ഉയർന്നു. 7 മണിക്കൂറോളം നീണ്ട ചർച്ചയിൽ പങ്കെടുത്ത 29 അംഗങ്ങളിൽ ഭൂരിഭാഗവും ഊന്നിപ്പറഞ്ഞത് പിണറായി വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമെന്നാണ്. എക്സാലോജിക് മുതൽ കരിമണൽ മാസപ്പടി വിവാദം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയും കുടുംബവും സംശയ നിഴലിലാണ്. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി ആവർത്തിച്ച് നടത്തിയ 'രക്ഷാപ്രവർത്തനം' എന്ന പ്രയോഗം തെറ്റായസന്ദേശമാണ് നൽകിയത്. സി.പി.ഐ നേതൃത്വം തക്കസമയത്ത് ഇടപെട്ട് അത് നിയന്ത്രിക്കണമായിരുന്നുവെന്നും അഭിപ്രായം ഉയർന്നു.
കൊള്ളാവുന്ന മന്ത്രിമാരില്ല
പ്രതിപക്ഷം പോലും ഉന്നയിക്കാത്തത്ര ശക്തവും രൂക്ഷവുമായ വിമർശനമാണ് കൊല്ലം ജില്ലാ കൗൺസിലിൽ ഉയർന്നത്. പിണറായി മന്ത്രിസഭയിൽ കൊള്ളാവുന്ന ഒരു മന്ത്രിപോലും ഇല്ലെന്ന വിമർശനം സി.പി.ഐ മന്ത്രിമാരെപ്പോലും പ്രതിക്കൂട്ടിലാക്കിയായിരുന്നു. ആഭ്യന്തരം, ധനം, വിദ്യാഭ്യാസം, ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പുകൾ പരാജയമാണ്. സപ്ളൈക്കോ വിൽപ്പനശാലകൾ നോക്കുകുത്തികളായിട്ടും വകുപ്പിന് ഒന്നും ചെയ്യാനാകുന്നില്ല. സപ്ളൈക്കോയിലെ ഇല്ലാത്ത സാധനങ്ങൾക്ക് വിലവർദ്ധിപ്പിച്ച സർക്കാരാണിത്. ഇനിയും തോറ്റേ മതിയാകൂ എന്ന് മന്ത്രിമാർ വാശിപിടിക്കും പോലെയാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെയും യോഗങ്ങളിൽ പ്രതിഷേധം ഉയർന്നു. ജയരാജൻ കൺവീനറായി തുടരുന്നതിൽ യാതൊരർത്ഥവുമില്ല. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തിയ സമരങ്ങളും പാലസ്തീൻ അനുകൂല സമ്മേളനങ്ങളും ഒരു പ്രയോജനവും ചെയ്തില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് നടത്തിയ പരിപാടികളെല്ലാം വിപരീത ഫലമാണുണ്ടാക്കിയതെന്നും വിമർശനം ഉയർന്നു. അമേരിക്കൻ പ്രസിഡന്റിനു പോലുമില്ലാത്ത സുരക്ഷ മുഖ്യമന്ത്രി പിണറായി വിജയനെന്തിനെന്നാണ് കൊല്ലം ജില്ലാ കൗൺസിലിൽ ഉയർന്ന മറ്റൊരു ചോദ്യം. കറുത്ത കാർതന്നെ വേണമെന്ന് എന്താണിത്ര നിർബ്ബന്ധം ? മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ 5 ലക്ഷം രൂപയുടെ സ്റ്റേജ് എന്തിനാണ് ? കൊല്ലത്തെ എൽ.ഡി.എഫ് പരാജയ കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയാണെന്ന് ചിലർ തുറന്നടിച്ചു. ഇടത് മുന്നണി സ്ഥാനാർത്ഥി എം. മുകേഷിന് അവരുടെ പാർട്ടിയുടെയോ മുന്നണിയുടെയോ പ്രധാന നേതാക്കളെപ്പോലും അറിയില്ലായിരുന്നുവെന്നാണ് ഒരു നേതാവ് പറഞ്ഞത്.
മുന്നണി വിടണം,
മുഖ്യമന്ത്രിക്ക് ധാർഷ്ഠ്യം
സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് കോട്ടയം ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നു. ദേശീയതലത്തിൽ ഇന്ത്യമുന്നണിയുടെ ഭാഗമായി കോൺഗ്രസിനൊപ്പം നിൽക്കാമെങ്കിൽ കേരളത്തിലും എന്തുകൊണ്ട് ആയിക്കൂട എന്നും ഇടുക്കിയിലെ യോഗത്തിൽ ചോദ്യം ഉയർന്നു. മൈക്കിനോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയും ചർച്ചയായി. മുഖ്യമന്ത്രി മൈക്ക് തട്ടിത്തെറിപ്പിക്കുകയും മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറുകയും ചെയ്യുന്ന കാഴ്ച കാണുന്ന അതേ ജനം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചുകുട്ടിക്ക് മൈക്ക് വച്ചു നീട്ടുന്നതും കാണുന്നത്. എല്ലാ ജില്ലാ കൗൺസിലുകളിലും സി.പി.ഐ മന്ത്രിമാർ നിശിതമായ വിമർശനത്തിനിരയായി. മന്ത്രിമാർ ഒന്നുകിൽ മന്ത്രിസഭയിൽ നിന്നോ അല്ലെങ്കിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നോ മാറണം. പ്രശ്നങ്ങളിൽ സി.പി.ഐ സംസ്ഥാന നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ല. പാർട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് പി.പി സുനീറിന് നൽകിയതിനെതിരെയും വിമർശനമുയർന്നു. കെ. പ്രകാശ്ബാബുവിനാണ് നൽകേണ്ടിയിരുന്നതെന്നും ആനിരാജയ്ക്കാണ് നൽകേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയർന്നു. കേരളകോൺഗ്രസ് എമ്മിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെങ്കിലും അവർക്ക് അമിതപ്രാധാന്യം നൽകുന്ന സി.പി.എം നിലപാട് ശരിയല്ല. ബിഷപ്പ് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗം പദവിക്ക് ചേരാത്തതായിരുന്നുവെന്ന വിമർശനം കോട്ടയത്ത് ഉയർന്നു.
പാർട്ടിയുടെ
സുവർണകാലം
കോൺഗ്രസിനൊപ്പം നിന്നത് സി.പി.ഐ യുടെ സുവർണകാലമായിരുന്നുവെന്നാണ് ഇടുക്കി ജില്ലാകൗൺസിലിൽ അഭിപ്രായം ഉയർന്നത്. 1970 മുതൽ 1977 വരെ സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുസ്മരിച്ചാണ് ഈ അഭിപ്രായം ഉയർന്നതെന്ന് വ്യക്തം. അന്ന് സി.പി.ഐയും കോൺഗ്രസും ഒരേമുന്നണിയിലായിരുന്നു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയും കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയും. അടിയന്തിരാവസ്ഥയ്ക്ക് ശേഷം പി.കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെയാണ് ഇടത് മുന്നണി രൂപീകരണത്തിനായി കോൺഗ്രസ് സഖ്യം വിട്ട് സി.പി.എമ്മിനൊപ്പം സി.പി.ഐ ചേർന്നത്. പിന്നീട് ഇക്കാലം വരെ സി.പി.എമ്മിനൊപ്പം നിൽക്കുന്ന സി.പി.ഐക്ക് രാഷ്ട്രീയമായി ഭാവിയിൽ നഷ്ടക്കച്ചവടം ആയിരിക്കുമെന്ന തിരിച്ചറിവാണ് വിവിധ ജില്ലാ കൗൺസിലുകളിൽ നിന്നുയരുന്ന വികാരം. എന്നാൽ പഴയകാലത്തെപ്പോലെ വിപ്ളവകരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പാകത്തിലുള്ളൊരു നേതൃത്വമല്ല ഇന്ന് സി.പി.ഐക്കുള്ളതെന്നതും നേതാക്കൾ തിരിച്ചറിയുന്നുണ്ട്. ബിനോയ് വിശ്വത്തെപ്പോലൊരു നേതാവിന് സി.പി.ഐ യിലെ എല്ലാവിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കാൻ കഴിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. ദേശീയതലത്തിൽ ഇപ്പോൾ ഇടത്കക്ഷികളും കോൺഗ്രസും ഒരേ മുന്നണിയിൽ സഹകരിച്ച് പ്രവർത്തിക്കുമ്പോൾ കോൺഗ്രസിനോട് എന്തിന് അയിത്തം കാട്ടണമെന്ന ചോദ്യം സ്വാഭാവികം. സി.പി.ഐ ക്ക് തനതായ വ്യക്തിത്വം നിലനിർത്തണമെങ്കിൽ യു.ഡി.എഫിലേക്ക് പോകണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ പിന്തുണ ഏറിവരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |