ഭൂമി തരംമാറ്റ നടപടികളിൽ ഏജന്റുമാരുടെ ഇടപെടലുകൾ അനുവദിക്കില്ലെന്നാണ് റവന്യു മന്ത്രി കെ. രാജന്റെ പ്രഖ്യാപനം. തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് താലൂക്കടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വികേന്ദ്രീകരണ സംവിധാനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അടുത്തകാലത്ത് സംസ്ഥാനത്തെ ചെറുകിടക്കാരും പാവങ്ങളുമായ ഭൂ ഉടമകളെ വലച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഭൂമി തരംമാറ്റിക്കിട്ടാനുള്ള കാലതാമസം. തരംമാറ്റ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ തടയാൻ വിജിലൻസ് പരിശോധന കർക്കശമാക്കുമെന്നാണ് മന്ത്രി പറയുന്നത്. ഇതൊക്കെ നല്ല കാര്യം തന്നെ. എന്നാൽ എന്തുകൊണ്ടാണ് തരംമാറ്റ അപേക്ഷയുമായി അപേക്ഷകർ ഏജന്റുമാരെ അന്വേഷിച്ചു പായുന്നതെന്ന് സർക്കാർ മനസിലാക്കണം. അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ നേരിടുന്ന വലിയ കാലതാമസമാണ് കാരണങ്ങളിലൊന്ന്. ഏജന്റുമാർ ആവശ്യപ്പെടുന്ന തുക നൽകിയാൽ സംഗതി എളുപ്പം നടന്നുകിട്ടുമെന്ന് ജനങ്ങൾക്കറിയാം.
റവന്യു ഓഫീസുകളായാലും ആർ.ടി ഓഫീസുകളായാലും സേവനം വേഗത്തിൽ ലഭിക്കാൻ ഇതുപോലുള്ള ഇടനിലക്കാർ വേണ്ടിവരുമെന്ന് നെടുനാളത്തെ അനുഭവംകൊണ്ട് ജനങ്ങൾക്ക് നല്ലപോലെ അറിയാം. സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും അപേക്ഷകൾ തീർപ്പാക്കാൻ കൃത്യമായ കാലഗണന നിശ്ചയിക്കുകയും ചെയ്താൽ മാത്രമേ ഇടനിലക്കാരെ നിയന്ത്രിക്കാനാവൂ. ഭൂമി തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കുകൂടി ഇതിനുള്ള അധികാരം നൽകിയത് നല്ല കാര്യമാണ്. രണ്ടരലക്ഷത്തിലേറെ അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ആർ.ഡി.ഒമാരുടെ മുന്നിൽ കെട്ടിക്കിടക്കുന്നത്. ഡെപ്യൂട്ടി കളക്ടർമാർക്കുകൂടി ചുമതല നൽകിയശേഷവും അപേക്ഷയിൽ തീരുമാനമുണ്ടാകാൻ ആറുമാസം വേണ്ടിവരുമെന്നാണ് പറയുന്നത്. ഇത്തരം കാലതാമസമാണ് ഏജന്റുമാരുടെ പിറവിക്കു പശ്ചാത്തലമൊരുക്കുന്നതെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത് നിലവിലുള്ള നെൽവയലുകളും തണ്ണീർത്തടങ്ങളും നിലനിറുത്താൻ വേണ്ടിയാണ്. ആളോഹരി ഭൂമിലഭ്യത ഏറ്റവും കുറവായ സംസ്ഥാനമാണ് കേരളം. ജനസംഖ്യാ വർദ്ധനയ്ക്കനുസരിച്ച് പുതിയ പാർപ്പിടങ്ങൾക്കു പോലും ഭൂമി കിട്ടാനില്ലെന്നു വന്നപ്പോഴാണ് വർഷങ്ങളായി കൃഷിയൊന്നുമില്ലാതെ കിടക്കുന്ന നെൽവയലുകൾ വീടു നിർമ്മാണാവശ്യത്തിനായി തരം മാറ്റിയെടുക്കാൻ ആളുകൾ ശ്രമം തുടങ്ങിയത്. ആവശ്യം സർക്കാരിനു ബോദ്ധ്യമായതോടെയാണ് വീടു നിർമ്മാണത്തിനായി ചെറിയ തോതിൽ നിലം നികത്താനുള്ള അനുമതിയാകാമെന്ന നിലപാടിൽ സർക്കാർ എത്തിയത്. നിശ്ചിത അളവിനപ്പുറം നിലം നികത്തുന്നതിന് ചെറുതല്ലാത്ത ഫീസും ചുമത്തുന്നുണ്ട്. അപേക്ഷകരുടെ ബാഹുല്യം സർക്കാർ വിചാരിക്കാത്ത തരത്തിൽ ഉയർന്നതാണ് തരംമാറ്റൽ നടപടികൾ മുടന്താൻ കാരണമായത്. ഇടക്കാലത്ത് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച്, കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ ശ്രമം നടന്നെങ്കിലും കുടിശ്ശിക ഫയലുകൾക്ക് വലിയ കുറവുണ്ടായില്ലെന്നാണ് ഇപ്പോഴും കെട്ടിക്കിടക്കുന്ന അപേക്ഷകൾ തെളിയിക്കുന്നത്.
ഓരോ ആർ.ഡി ഓഫീസിലും കൃത്യമായ സമയപ്പട്ടിക തയ്യാറാക്കി തരംമാറ്റ അപേക്ഷകളിൽ തീർപ്പുണ്ടാക്കുകയാണ് കുടിശ്ശിക തീർക്കാനുള്ള ഒരേയൊരു മാർഗം. ഇതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ആത്മാർത്ഥതയെ ആശ്രയിച്ചാകും അതിന്റെ വിജയം. അനിശ്ചിതമായി അപേക്ഷകർ കാത്തിരിക്കേണ്ടി വരുമ്പോഴാണ് അവർ ഇടനിലക്കാരെ തേടി പോകേണ്ടിവരുന്നത്. കൈക്കൂലി പിരിക്കാനുള്ള ചാകരയായി തരംമാറ്റൽ അപേക്ഷകളെ കാണുന്ന ഉദ്യോഗസ്ഥരുമുണ്ടാകും. സദുദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന നല്ലൊരു നടപടി ജനങ്ങൾക്കു ദുരിതമാകാതിരിക്കാനുള്ള ശക്തമായ നടപടികളാണ് ഉണ്ടാകേണ്ടത്. പലവട്ടം ഓഫീസുകളിൽ കയറിയിറങ്ങാതെ കാര്യം നടന്നുകിട്ടാൻ വേണ്ടിയാണ് അപേക്ഷകർ വളഞ്ഞ വഴി തേടുന്നത്. സർക്കാർ സേവനങ്ങളെല്ലാം വിരൽത്തുമ്പത്തിലാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാർക്ക് പലപ്പോഴും പല കാര്യങ്ങളിലും ആശ്രയമാകുന്നത് ഇടനിലക്കാരാണെന്നത് യാഥാർത്ഥ്യമാണ്. സർക്കാർ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമായാൽ ഇടനിലക്കാർ താനേ പടിക്കു പുറത്തായിക്കൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |