ആരോഗ്യമേഖലയിൽ സ്തുത്യർഹമായ പുരോഗതി നേടിയിട്ടും മഴക്കാലമായാൽ കേരളം പകർച്ചവ്യാധികളുടെ പിടിയിലമരുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ കുറെയധികം വർഷങ്ങളായി ഇതാണ് അവസ്ഥ. ലോകത്തുള്ള സകല പകർച്ചരോഗങ്ങളും കൂട്ടത്തോടെയാണ് എത്തുന്നതും മനുഷ്യരെ കീഴ്‌പ്പെടുത്തുന്നതും. ഏറ്റവും ഒടുവിൽ കോളറ എന്ന മഹാവ്യാധിയെയും നേരിടേണ്ടിവന്നിരിക്കുകയാണ്. നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ സംഘടന നടത്തുന്ന ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന യുവാവാണ് കോളറ മൂലം മരണമടഞ്ഞത്. മറ്റൊരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, പകർച്ചപ്പനി, മസ്‌തിഷ്ക ജ്വരം എന്നിവയുൾപ്പെടെയുള്ളവ ബാധിച്ച് ആയിരക്കണക്കിനാളുകൾ ചികിത്സയിലാണ്. പനിക്കാരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിയുന്നു.
സാധാരണ പനിയുമായി മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവർ പതിമൂന്നു ലക്ഷത്തോളമാണ്. മരണവും ഉണ്ടാകുന്നുണ്ട്. എലിപ്പനി ബാധിച്ചവരിൽ 65 പേർ ഇതിനകം മരണമടഞ്ഞുവെന്നാണ് സർക്കാർ കണക്ക്. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പിടിപെട്ടവരുടെ സംഖ്യയും വളരെയാണ്. വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ തക്കവിധം സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര സജ്ജമല്ലെന്നാണ് നാനാകേന്ദ്രങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ. സാമ്പത്തിക സ്ഥിതിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ പോവുകയാണ് പതിവ്. എന്നാൽ, വരുമാനം കുറഞ്ഞ വിഭാഗത്തിൽപ്പെടുന്നവർക്കും പാവപ്പെട്ടവർക്കും സർക്കാർ ആശുപത്രികൾ തന്നെയാണ് ശരണം. അവിടെയാകട്ടെ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലതാനും.
മരുന്നു കമ്പനികൾക്ക് കോടിക്കണക്കിനു രൂപ കുടിശ്ശികയായതോടെ പല ആശുപത്രികളിലും മരുന്നുക്ഷാമമുണ്ട്. എന്തും നേരിടാൻ തക്കവിധം ആരോഗ്യമേഖല സുസജ്ജമാണെന്ന് അവകാശപ്പെടുമ്പോഴും അനുഭവം മറിച്ചാണെന്ന പരാതികളാണ് സാർവത്രികമായി ഉയരുന്നത്. പകർച്ചവ്യാധികൾ കൂട്ടത്തോടെ എത്തുന്നതിനു പിന്നിൽ പ്രധാന കാരണം ശുചിത്വ വിഷയത്തിൽ തുടർച്ചയായുണ്ടായ അലംഭാവമാണ്. ജലസ്രോതസുകൾ മലിനമാക്കുന്നതിൽ ഓരോ നാടും മത്സരിക്കുകയാണ്. അറവു മാലിന്യങ്ങളും വിസർജ്ജ്യങ്ങളും വീടുകളിൽ വേണ്ടാത്ത സകല വസ്തുക്കളും കൊണ്ടുചെന്നു തള്ളാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു ഇവിടെയുള്ള നദികളും നീർച്ചാലുകളും കാനകളുമൊക്കെ. മഴക്കാലത്തിനു മുമ്പ് പേരിനെങ്കിലും ഇവ ഭാഗികമായെങ്കിലും ശുചിയാക്കുന്ന പതിവുണ്ടായിരുന്നു. ഈ വർഷം അതുണ്ടായില്ല. അതിന്റെ വിലയാണ് പലതരം പകർച്ചവ്യാധികളായി ജനങ്ങൾ നൽകേണ്ടിവരുന്നത്.
ശുചീകരണം എന്ന പ്രാഥമിക ചുമതല നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ പാടേ മറന്ന മട്ടാണ്. ജലസ്രോതസുകൾ മാലിന്യപൂരിതമായതാണ് പതിവില്ലാത്ത വിധം ഇപ്പോൾ മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണമായത്. കൊതുകുകൾ സംസ്ഥാനമൊട്ടാകെ പെരുകിയിട്ടും നശീകരണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല. അതിനുള്ള ഒരു യത്നവും തദ്ദേശ വകുപ്പിന് ഇല്ലെന്നാണു തോന്നുന്നത്. പണ്ട് ഇതിനായി ഉണ്ടായിരുന്ന സംവിധാനങ്ങൾ പോലും നിറുത്തലാക്കുകയാണ് ചെയ്തത്. കൊതുകു നിർമ്മാർജ്ജനം ഇപ്പോൾ ജനങ്ങളുടെ ചുമതലയാണ്. മഴക്കാലം മാറി കാലാവസ്ഥ പ്രസന്നമാകുന്നതോടെ പകർച്ചവ്യാധികളിൽ നിന്ന് മോചനമുണ്ടാകാറാണു പതിവ്. എല്ലാ വർഷവും പതിവായിക്കഴിഞ്ഞതിനാൽ ജനങ്ങളും ഇതിനോട് ഏതാണ്ടു പൊരുത്തപ്പെട്ടുകഴിഞ്ഞു. വീടും പരിസരവുമെന്നപോലെ പൊതു ഇടങ്ങളും ശുചിയായി വയ്ക്കാൻ കഴിയുമ്പോഴേ പകർച്ചവ്യാധികളെ തടയാനാവൂ. അതിനുള്ള സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കാൻ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |