ലോക രാഷ്ട്രീയത്തിലെ ഗതിവിഗതികളെ അതിജീവിച്ച, ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന ഉഭയകക്ഷി ബന്ധമാണ് റഷ്യയുമായുള്ളത്. ശീതസമരകാലത്ത് അമേരിക്കയുടെ എല്ലാ വാഗ്‌ദാനങ്ങളെയും തിരസ്കരിച്ചാണ് റഷ്യയുമായി ഇന്ത്യ സൗഹൃദം സ്ഥാപിച്ചത്. ഇന്ന് അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തെയും അതിജീവിച്ച് അത് മുന്നേറുന്നു. ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെട്ടു വന്നപ്പോൾ, ഇന്ത്യ- റഷ്യ ബന്ധം കുറച്ചൊന്ന് ദുർബലമായിരുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും 17 തവണ കണ്ടിട്ടുണ്ട്. ഇതിൽ അവസാനത്തേതാണ് കഴിഞ്ഞ ദിവസം മോസ്കോയിൽ നടന്ന 22-ാം വാർഷിക ഉച്ചകോടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയാണ് മോദിയെ റഷ്യ ആദരിച്ചത്.
'ഒരു പഴയ സുഹൃത്ത് രണ്ട് പുതിയ സുഹൃത്തുക്കളേക്കാൾ നല്ലതാണ് " എന്നാണ് 2016- ൽ 17-ാം ഉച്ചകോടിക്കിടെ മോദി റഷ്യയെക്കുറിച്ച് പറഞ്ഞത്. ഇന്ത്യക്കാർക്കും റഷ്യയെക്കുറിച്ച് നല്ല അഭിപ്രായമാണ്. Pew Research Centre- ന്റെ അഭിപ്രായ സർവേ പ്രകാരം, 46 ശതമാനം പേർ റഷ്യയെ വളരെ പോസിറ്റീവായി കാണുന്നു. 16 ശതമാനം മാത്രമാണ് നെഗറ്റീവ് അഭിപ്രായം. പാശ്ചാത്യരാജ്യങ്ങൾ ഒന്നാകെ റഷ്യയ്ക്കെതിരെ തീണ്ടൽ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് റഷ്യ- ഇന്ത്യ ആലിംഗനം. അമേരിക്കയുടെ അനിഷ്ടം അവഗണിച്ചാണ് മോദി മോസ്കോയിൽ പറന്നെത്തിയത്. ആരെയും അമ്പരപ്പിക്കുന്നതാണ് ഈ പ്രണയകഥയുടെ ആഴം. അതുകൊണ്ടാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവൻ, ലോകത്തെ ഏറ്റവും വലിയ 'യുദ്ധ കൊതിയനെ" ആലിംഗനം ചെയ്തു എന്ന് ആശ്ചര്യപ്പെട്ടത്. ഇന്ത്യ- റഷ്യ ബന്ധത്തിലെ പുതിയ അദ്ധ്യായത്തെ മൂന്ന് മേഖലകളിൽ വിശകലനം ചെയ്യാവുന്നതാണ്.
ഉഭയകക്ഷി
ബന്ധം
മോദി- പുട്ടിൻ ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധത്തിൽ വലിയ സഹകരണമാണ് വെളിവാകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യാപാര ഇടപാടുകളിൽ തനത് കറൻസി (Rupee- Ruble) ഉപയോഗിക്കുവാനുള്ള തീരുമാനം. മറ്റൊന്ന്, ഇന്ത്യയിൽ നിന്ന് റഷ്യ- യെക്രെയിൻ യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെട്ടവരെ തിരിച്ചയയ്ക്കാനുള്ളതാണ്. പരസ്പരമുള്ള വ്യാപാരം 2030-ഓടുകൂടി 100 ബില്യൺ ഡോളർ ആക്കുവാനാണ് തീരുമാനം. ഇപ്പോൾത്തന്നെ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യം റഷ്യയാണ്. ഇത് വർദ്ധിക്കുവാനാണ് സാദ്ധ്യത.
ഉച്ചകോടിക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ വ്യാപാരവും വികസനപരമായി ബന്ധപ്പെട്ട് നികുതി ഇളവ്, സ്വന്തം നാണ്യത്തിലുള്ള വ്യാപാരം, ചെന്നൈ- വ്ളാഡിവോസ്ടോക് സമുദ്ര വ്യാപാരപാത, ഇറാനിലൂടെയുള്ള അന്താരാഷ്ട്ര ഉത്തര- ദക്ഷിണ വ്യാപാര ഇടനാഴി, ഉർജ്ജ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഒമ്പതിലധികം വിഷയങ്ങൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്. കൂടാതെ, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണാപത്രവുമുണ്ട്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉഭയകക്ഷിബന്ധം വാണിജ്യ- വ്യാപാര ബന്ധത്തിന് ഊന്നൽ നൽകുന്നതായി കാണാം. അതേസമയം പടക്കോപ്പുകളുടെയും സാങ്കേതികവിദ്യയുടെയും സംയുക്ത നിർമ്മാണവും അജൻഡയിലുണ്ട്.
ബഹുധ്രുവ
ലോകക്രമം
ഇന്ത്യയ്ക്കും റഷ്യയ്ക്കും ഉരുത്തിരിഞ്ഞുവരുന്ന ലോകക്രമത്തെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണ്. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന ഏകധ്രുവ ലോകത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. അമേരിക്കൻ മേധാവിത്വത്തിന് തടയിടുക എന്നത് റഷ്യയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പങ്ക് അംഗീകരിച്ചെങ്കിലേ ഇത് സാദ്ധ്യമാകൂ. ഇതിനാവശ്യം ഒരു ബഹുധ്രുവ ലോകമാണ്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിനും വ്യാപാരത്തിനും ഇതാവശ്യമാണ്. എല്ലാ കാര്യങ്ങളിലും പൂർണമായും അമേരിക്കയെ ആശ്രയിക്കുന്നത് ബുദ്ധിയല്ല. അതുകൊണ്ടാണ് റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യ വിവക്ഷിക്കുന്ന ലോകക്രമത്തിൽ ഇന്ത്യയ്ക്കും റഷ്യയ്ക്കും സ്ഥാനമുണ്ട്. ലോകക്രമത്തെക്കുറിച്ചുള്ള ഈ പൊതുകാഴ്ചപ്പാടാണ് അമേരിക്കൻ എതിർപ്പിനെ മറികടന്ന് പുട്ടിനൊപ്പം സമയം ചെലവഴിക്കുവാൻ മോദിയെ പ്രേരിപ്പിച്ചത്.
ശാക്തിക
സമവാക്യം
മോദിയുടെ റഷ്യ സന്ദർശനത്തിൽ ആഗോള ഭൗമ-രാഷ്ട്രീയ സമവാക്യങ്ങളിലെ വിചിത്രമായ ഒരു രസക്കൂട്ടുണ്ട്. ഇത് ഇന്ത്യ- റഷ്യ- ചൈന-അമേരിക്ക ഉൾപ്പെടുന്ന ചതുർരാഷ്ട്ര ബലപരീക്ഷണ വേദിയാണ്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് റഷ്യയും അമേരിക്കയും. ഇതിൽ റഷ്യയും അമേരിക്കയും പരസ്പരവൈരികളാണ്. ഇന്ത്യയുടെ എതിരാളിയാണ് ചൈന. ഇന്ന് ചൈനയുടെ ഏറ്റവും പ്രധാന സുഹൃത്താണ് റഷ്യ. ചൈന ഒരു പരിധിക്കപ്പുറം റഷ്യയുമായി അടുക്കുന്നത് തടയുക എന്നത്, മോദിയുടെ സന്ദർശനത്തിന്റെ ഒരു ലക്ഷ്യമാണ്. അതുപോലെ, ഇന്ത്യ അമേരിക്കയോട് അതിരുവിട്ട് അടുക്കുന്നത് റഷ്യയ്ക്ക് ഇഷ്ടമല്ല. ഇന്ത്യയ്ക്കാകട്ടെ, പ്രധാന എതിരാളിയായ ചൈനയെ നേരിടാൻ യു.എസ് സൗഹൃദം അനിവാര്യവും! അതായത്, ഒരേസമയം അമേരിക്കയോടും റഷ്യയോടും തന്ത്രപരമായ സൗഹൃദം പുലർത്തി, ചൈനീസ് ഭീഷണിയെ നേരിടുകയാണ് ഇന്ത്യ ചെയ്യുന്നത്.
മറ്റൊരു തലത്തിൽ പൂർണമായും ചൈനയെ ആശ്രയിക്കുന്ന നയം റഷ്യയ്ക്കും അഭികാമ്യമല്ല. അതായത്, ശത്രു- മിത്ര ബന്ധങ്ങിലെ സമവാക്യങ്ങളും സന്തുലിതാവസ്ഥയും വളരെ സൂക്ഷ്മമായി പ്രയോഗിക്കപ്പെടേണ്ട ലോക രാഷ്ട്രീയത്തിലെ ഏറ്റവും രസകരവും വിചിത്രവുമായ ഒരു കാഴ്ചയാണ് ഈ ചതുർരാഷ്ട്ര ബന്ധത്തിൽ കാണുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് അമേരിക്ക പറയാനുള്ള കാരണം, അമേരിക്കയും ഈ സമവാക്യങ്ങളുടെ പരിധിയിൽ വരുന്നതുകൊണ്ടാണ്. മോദിയുടെ റഷ്യ സന്ദർശനം, ഇന്ത്യയുടെ മാറുന്ന വിദേശനയത്തിന്റെയും ആഗോള രാഷ്ട്രീയ മാറ്റങ്ങളുടെയും സമ്മേളനമായി കാണാവുന്നതാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പിന്തുണ, തങ്ങൾ ഒറ്റയ്ക്കല്ല എന്ന സന്ദേശം നൽകുന്നു. സ്വന്തം വിദേശനയം തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുവാനുള്ള ധൈര്യവും തന്റേടവും ഈ സന്ദർശനത്തിലൂടെ ഇന്ത്യ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
(കേരള സർവകാലാശാലാ പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ആണ് ഡോ. സി.എ. ജോസുകുട്ടി. റിസർച്ച് സ്‌കോളർ ആണ് അമീന റീം)
ക്യാപ്ഷനുകൾ:
1. വിഴിഞ്ഞം തുറമുഖത്തിന്റെ ബെർത്തിൽ മന്ത്രി വി.എൻ. വാസവൻ. സാൻ ഫെർണാണ്ടോ കപ്പലാണ് പശ്ചാത്തലത്തിൽ
2. നരേന്ദ്രമോദിയും വ്ളാഡിമിർ പുട്ടിനും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |