പരസ്‌പര വിശ്വാസവും സ്നേഹവുമാണ് വിവാഹബന്ധത്തിന്റെ അടിത്തറ. പല കാരണങ്ങളാൽ ഈ ബന്ധത്തിൽ വിള്ളലുകൾ വീഴാം. ഭർത്താവിന്റെയോ ഭാര്യയുടെയോ കുടുംബങ്ങളുടെ അമിതമായ ഇടപെടൽ പോലും ചിലപ്പോൾ ദാമ്പത്യബന്ധം തകരാൻ ഇടയാക്കാം. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് പറയപ്പെടാറുള്ളതെങ്കിലും വിശ്വാസവും സ്‌നേഹവും നഷ്ടപ്പെട്ടാൽ ദാമ്പത്യം നരകതുല്യമായി പരിണമിക്കാം. മക്കൾക്കു വേണ്ടിയും സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പേടിച്ചും എങ്ങനെയെങ്കിലും ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള താത്‌പര്യമൊന്നും പുതിയ തലമുറയിലുള്ളവർ കാണിക്കാറില്ല. പുതിയ കാലത്ത് അതിന്റെ ആവശ്യവുമില്ല. അപ്പോൾപ്പിന്നെ വിവാഹമോചനമാണ് ദമ്പതികളുടെ മുന്നിലുള്ള രക്ഷാമാർഗം. സമൂഹത്തിൽ വിവാഹ മോചനത്തിന്റെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. കോടതികൾ പോലും വിവാഹമോചനം അനുവദിക്കുന്നതിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹമോചനം അനുവദിക്കുന്നതിനൊപ്പം തന്നെ സ്വത്തുക്കളും ഭാഗം ചെയ്തു നൽകാൻ പുരുഷൻ ബാദ്ധ്യസ്ഥനാണ്. ഇന്ത്യയിൽ അങ്ങനെയൊരു നിയമമില്ല. ഭൂരിപക്ഷം വിവാഹമോചന കേസുകളിലും വിവാഹവേളയിൽ നൽകിയ സ്വർണവും സ്‌ത്രീധനവും മറ്റും തിരികെ നൽകിയാൽ ജീവനാംശം പോലും ചോദിക്കാതെ പിരിഞ്ഞുപോകാനാണ് പെണ്ണിന്റെ വീട്ടുകാർ തുനിയാറുള്ളത്. ഇനി ഇതൊന്നും കിട്ടിയില്ലെങ്കിലും എങ്ങനെയെങ്കിലും ഒഴിഞ്ഞുപോയാൽ മതിയെന്നു കരുതി ഇതെല്ലാം നഷ്ടപ്പെടാൻ പോലും തയാറാകുന്നവരും കുറവല്ല. അതായത്, വിവാഹമോചനം നേടുന്നവരിൽ പകുതി പേർ പോലും ജീവനാംശത്തിന് കേസിനു പോകാറില്ലെന്ന് ചുരുക്കം. വിവാഹബന്ധം ഒഴിഞ്ഞാലും മക്കളുടെ വിദ്യാഭ്യാസപരവും അല്ലാതെയുമുള്ള ചുമതലയിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒഴിയാനാവില്ല.
അതിനാൽ, വരുമാനമുള്ള പുരുഷൻ തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ജീവനാംശമായി നൽകേണ്ടത് നിയമബാദ്ധ്യതയ്ക്കപ്പുറം ധാർമ്മികബാദ്ധ്യത കൂടിയാണ്. ഇതിൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ സൃഷ്ടിക്കുന്നത് പ്രാകൃതമായ രീതിയാണ്. ഇത്തരം സമീപനത്തിന്റെ വേരുകൾ പിഴുതെറിഞ്ഞുകൊണ്ട് മുസ്ളിം സ്‌ത്രീകൾക്കും സി.ആർ.പി.സി പ്രകാരം ജീവനാംശം ആവശ്യപ്പെടാമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ ചരിത്രപരമായ വിധിയായി വിശേഷിപ്പിക്കാം. ജീവനാംശം ദാനമല്ലെന്നും അത് വിവാഹിതരായ എല്ലാ മതത്തിലും പെട്ട സ്‌ത്രീകളുടെ അവകാശമാണെന്നുമാണ് വ്യത്യസ്ത വിധിന്യായങ്ങളിലൂടെ ജഡ്‌ജിമാരായ ബി.വി. നാഗരത്‌ന, അഗസ്‌റ്റിൻ ജോർജ് മസീഹ് എന്നിവർ വ്യക്തമാക്കിയത്. സി.ആർ.പി.സിയിലെ 125-ാം വകുപ്പ് വിവാഹിതരായവർക്കു മാത്രമല്ല, എല്ലാ മതത്തിലുമുള്ള എല്ലാ സ്‌ത്രീകൾക്കും ബാധകമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സി.ആർ.പി.സി പോലെയുള്ള മതനിരപേക്ഷ നിയമത്തേക്കാൾ മുൻഗണന 1986-ലെ മുസ്ളിം സ്‌ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമത്തിന് ലഭിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മുസ്ളിം വനിതകളെ സി.ആർ.പി.സി വഴി നിയമപരിഹാരം തേടാൻ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ നിഷേധമാണെന്നും, മുത്തലാക്ക് വഴി വിവാഹമോചിതരായവർക്കും സി.ആർ.പി.സി മുഖേന കോടതിയെ സമീപിക്കാമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് നാഗരത്ന വിധിന്യായമെഴുതിയത്. അതേസമയം സി.ആർ.പി.സി പ്രകാരം ജീവനാംശം തേടുന്ന കാര്യത്തിൽ മുസ്ളിം സ്‌ത്രീക്ക് നിയന്ത്രണമില്ലെന്നും രണ്ടിലും തുല്യമായ ജീവനാംശ അവകാശങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇരു നിയമങ്ങളും നിലനിൽക്കുന്നതെന്നും ജസ്റ്റിസ് മസീഹ് വ്യാഖ്യാനിച്ചു. വിവാഹമോചിതയായ ഭാര്യയ്ക്ക് മാസം പതിനായിരം രൂപ ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുഹമ്മദ് അബ്‌ദുൾ സമദ് നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതി ഭരണഘടനയുടെ അന്തഃസത്ത എല്ലാ രീതിയിലും ഉയർത്തിപ്പിടിക്കുന്ന ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |