മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ രാഷ്ട്രീയകക്ഷികൾ ഒത്തൊരുമിച്ചാണ് നിൽക്കേണ്ടത്. അന്യോന്യം കുറ്റം പറഞ്ഞുകൊണ്ടിരുന്നിട്ടും മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ തുടർ തർക്കം നടത്തിയിട്ടുമൊന്നും തീരുന്നതല്ല ഈ പ്രശ്നം. മാലിന്യം റോഡിൽ തള്ളുന്ന ജനങ്ങളും അതിനു പ്രേരിപ്പിക്കുന്ന വിധം സൗകര്യം ഒരുക്കാത്ത ഭരണകൂടവും ഇതിൽ കുറ്റക്കാരാണ്. അതിനാൽ എല്ലാവരും ചേർന്നിരുന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ദീർഘകാല, ഹ്രസ്വകാല പരിപാടികൾക്കാണ് മുൻതൂക്കം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കുന്നതും ഫൈനടിക്കുന്നതുമൊക്കെ നല്ല കാര്യമാണ്. പക്ഷേ അതുകൊണ്ടു മാത്രം മാലിന്യപ്രശ‌്‌നം പരിഹരിക്കാമെന്ന് ആരും കരുതേണ്ട. തത്‌കാലം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അതൊക്കെ ഉപകരിക്കുമെന്നേയുള്ളൂ.
അതിനാൽ, താത്‌കാലികമായ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം അജൈവ മാലിന്യം സംസ്കരിക്കുന്നതിന് ദീർഘകാല പദ്ധതികൾക്ക് രൂപം നൽകുകയും വേണം. മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാനും മാലിന്യപ്രശ്‌നം പരിഹരിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ ശനിയാഴ്ച സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലെങ്കിലും മാലിന്യപ്രശ്‌നത്തിന്റെ ഉത്തരവാദിത്വത്തിന്റെ പേരിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്താതിരിക്കാൻ രാഷ്ട്രീയകക്ഷികൾ ശ്രമിക്കണം. മാത്രമല്ല, ഓരോ കക്ഷിയും വിദഗ്ദ്ധരുമായി സംസാരിച്ച് തയ്യാറാക്കിയ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ സമർപ്പിക്കണം. രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും മാത്രമല്ല, കക്ഷിഭേദമെന്യേ അണിനിരക്കുന്ന യുവതീയുവാക്കളും സ്വകാര്യ കമ്പനികളുമെല്ലാം ചേർന്ന ഒരു സംവിധാനമാണ് യഥാർത്ഥത്തിൽ മാലിന്യ വിമുക്തിക്കായി പ്രവർത്തിക്കേണ്ടത്.
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി രക്തസാക്ഷിയാകുമ്പോഴും ബ്രഹ്മപുരം കത്തിയ പുകയിൽ കൊച്ചി മറയുമ്പോഴും മാത്രം ചർച്ചചെയ്യേണ്ട പ്രശ്നമല്ലിത്. ഏതൊരു സ്ഥലത്തും ജനസംഖ്യ കൂടിക്കൊണ്ടിരിക്കുമ്പോൾ വീടുകളുടെ എണ്ണം കൂടുകയും സ്ഥലത്തിന്റെ വിസ്‌തൃതി അതനുസരിച്ച് കുറയുകയും ചെയ്യും. കഴിഞ്ഞ 25 വർഷത്തിനിടയിലാണ് അജൈവ മാലിന്യത്തിന്റെ തോത് ഇത്രയധികം കൂടിയത്. വെള്ളത്തിന്റെ കുപ്പിയും ബിവറേജസിൽ നിന്നു വാങ്ങുന്ന പ്ലാസ്റ്റിക്ക് മദ്യക്കുപ്പികളുമാണ് റോഡിലും തോടിലും അടിഞ്ഞുകിടക്കുന്നതിൽ കൂടുതൽ. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങി സംസ്കരിക്കുന്നതിനുള്ള ഒരു പ്ലാന്റ് സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷന് ഉത്തരവാദിത്വമുണ്ട്. ടൂറിസ്റ്റ് സ്ഥലങ്ങളിലെ മാലിന്യം ശേഖരിച്ച് കൈമാറുന്നതിന് ടൂറിസം വകുപ്പും സംവിധാനങ്ങൾ ഏർപ്പെടുത്തണം.
വിദേശ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയതിനു ശേഷവും അത് ലംഘിക്കുന്നവർക്കാണ് ഫൈൻ അടിക്കുന്നത്. ഇവിടെ ഫൈൻ ആദ്യം, സൗകര്യം പിന്നീട് എന്ന രീതിയാണ് ദൗർഭാഗ്യവശാൽ കാര്യങ്ങൾ! കോർപ്പറേഷനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ അവർ പണം നൽകി ഏതെങ്കിലും വൻകിട സ്വകാര്യ കമ്പനികൾക്ക് ഇത് വിട്ടുകൊടുക്കാവുന്നതാണ്. അജൈവ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ ജനങ്ങൾ എതിർക്കുന്നു എന്നതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിളപ്പിൽശാല പോലുള്ള അനുഭവങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും രണ്ടു സ്ഥലങ്ങളിലായിട്ടായിരിക്കണം. ഇപ്പോൾ അജൈവ മാലിന്യം സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും അതത്രയും ശാസ്‌ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യമില്ല. സമയബന്ധിതമായി ഇതാണ് ആദ്യം പരിഹരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |