കർഷകരെ അവഗണിക്കുകയും കോർപ്പറേറ്റുകളെ വാരിപ്പുണരുകയും ചെയ്യുന്ന ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചത്. കാർഷിക മേഖലയെ കയ്യൊഴിയുന്നതിന്റെ പ്രഖ്യാപനം കൂടിയാകുന്നു ഈ ബഡ്ജറ്റ് എന്നത് നിരാശാജനകവും പ്രതിഷേധാർഹവുമാണ്. ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജ് അനുവദിച്ചതു കൂടാതെ അസാമിനും ഹിമാചൽപ്രദേശിനും ഉത്തരഖണ്ഡിനും സിക്കിമിനും വെള്ളപ്പൊക്കം കാരണം സംഭവിച്ച നഷ്ടത്തിന് പ്രത്യേക സഹായങ്ങളും പ്രഖ്യാപിച്ചിട്ടു പോലും, 2018 ലെ മഹാപ്രളയവും തുടർന്നുളള വർഷങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും മൂലം കടുത്ത പ്രയാസത്തിലായ കേരളത്തിന് ഒരു സഹായവുമില്ലെന്നത് പൂർണ അവഗണനയാണ്.
പ്രഖ്യാപനമുണ്ട്,
പണം എവിടെ?
2016-17ൽ രാജ്യത്ത് കാർഷിക മേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് നടപ്പു സാമ്പത്തികവർഷം 1.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 2022-23ൽ 1,24,000 കോടിയും, 2020-21ൽ 1,34,399.77 കോടിയും കാർഷിക മേഖലയിൽ ബഡ്ജറ്റ് വിഹിതമുണ്ടായിരുന്നതാണ് ഇപ്പോൾ 1,22,528.77 കോടിയായി വെട്ടിക്കുറച്ചിരിക്കുന്നത്. ഉത്പാദനക്ഷമത കൂടിയ സുസ്ഥിര കൃഷിയെന്ന് കേന്ദ്രം വിവക്ഷിക്കുന്നുണ്ടെങ്കിലും ഇതിന് തുകയൊന്നും വക കൊള്ളിച്ചിട്ടില്ല!
കർഷകർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്‌കീം. കാർഷിക വായ്പയെടുക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുവാൻ ഈ പദ്ധതി സഹായകമായിരുന്നു.ആവശ്യമായ പലിശ ഇളവ്, ഈ പദ്ധതിയിൽ വകകൊള്ളിക്കുന്ന തുകയിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനുള്ള തുക 23,000 കോടിയിൽ നിന്ന് 22,600 കോടിയായാണ് കുറച്ചിരിക്കുന്നത്. പതിനായിരം എഫ്.പി.ഒ (ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ) എന്നത് കേന്ദ്രസർക്കാർ ഏറ്റവും കൊട്ടിഘോഷിച്ച പദ്ധതിയാണ്. രാജ്യത്താകെ പതിനായിരം കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കുവാനുള്ള പദ്ധതിക്കായുള്ള വിഹിതം 955 കോടിയിൽ നിന്ന് 581.67 കോടിയായി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ഗവേഷണത്തിലെ
ഗൂഢലക്ഷ്യം
ഐ.സി.എ.ആർ (ഇൻഡ്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച്) നടപ്പാക്കുന്ന പദ്ധതികൾക്കൊന്നും പദ്ധതി വിഹിതം വർദ്ധിപ്പിക്കാതെയാണ് ഗവേഷണം പരിഷ്‌കരിക്കുമെന്നും പുതുതായി 109 വിത്തിനങ്ങൾ പുറത്തിറക്കുമെന്നും പറഞ്ഞിട്ടുളളത്. ഐ.സി.എ.ആർ 2022-23 ൽ 467 ഇനം വിത്തുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രഖ്യാപനം സ്വകാര്യ ഗവേഷണ മേഖല വികസിപ്പിക്കുവാനും കമ്പനികൾക്ക് അമിത ലാഭം കൊയ്യുവാൻ വഴിയൊരുക്കാനുള്ളതും മാത്രമാണ്.
കൃഷിയിടത്തിലെ വന്യമൃഗ ശല്യം, കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കൃഷിനാശം എന്നിവ നേരിടാനുള്ള പദ്ധതികളോടും ബഡ്ജറ്റ് മുഖംതിരിച്ചു നിൽക്കുകയാണ്. കൂടുതൽ വിളകൾക്ക് തറവില പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അവഗണിച്ചു. റബ്ബറിന്റെ തറവില 250 രൂപയാക്കി നൽകുവാൻ അധിക സഹായം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ബഡ്ജറ്റിലുണ്ടായിട്ടില്ല. സംസ്ഥാനത്തു നിന്നുള്ള സുഗന്ധവിളകൾക്ക് രാജ്യാന്തര വിപണിയിൽ താത്പര്യമുണ്ടായിട്ടും, അതിലൂടെ വിദേശനാണ്യം നേടിയെടുക്കാൻ സാഹചര്യമുണ്ടായിരുന്നിട്ടും ആ മേഖലയെ അപ്പാടെ അവഗണിച്ചു. കർഷകന് വരുമാന സാദ്ധ്യതകളുള്ള ഫാം ടൂറിസത്തെ തീരെ പരിഗണിച്ചിട്ടില്ല.
പാരിസ്ഥിതിക മേഖലകൾ പരിഗണിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തുമുള്ള കാർഷിക സാധ്യതകൾ ഉൾക്കൊള്ളാൻ ഈ ബഡ്ജറ്റിനു കഴിഞ്ഞിട്ടില്ല. ഡിജിറ്റൽ വിള സർവേ കൊണ്ടുവരുമെന്നു പറയുന്നതിൽ ചതിക്കുഴികളുണ്ടോ എന്ന് കർഷകർക്ക് ആശങ്കയുണ്ട്. കേരളം വർഷങ്ങളായി തുടരുന്ന ക്ലസ്റ്റർ അടിസ്ഥാന ത്തിലുള്ള പച്ചക്കറി വികസനം കേന്ദ്ര സർക്കാരും വിഭാവനം ചെയ്യുന്നു എന്നത് കേരളാ മോഡൽ വികസനത്തെ അംഗീകരിക്കുന്നതിനു തെളിവാണ്. കേരളത്തെ പകർത്തുന്നവർ അതേസമയം സംസ്ഥാനത്തെ അവഗണിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുകയാണ്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |