ഏതു നഗരത്തിലും വെള്ളവും വെളിച്ചവും ജനങ്ങളുടെ പ്രാഥമികാവശ്യങ്ങളിൽ പ്രഥമ സ്ഥാനത്തു വരുന്നതാണ്. നിർഭാഗ്യവശാൽ സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളും ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. തലസ്ഥാന നഗരമെന്ന പെരുമയുള്ള തിരുവനന്തപുരത്തു പോലും കത്താത്ത തെരുവു വിളക്കുകളെക്കുറിച്ചും അടിക്കടി മുടങ്ങുന്ന ജലവിതരണത്തെക്കുറിച്ചും ആക്ഷേപങ്ങളും പരാതികളും ഏറിവരികയാണ്. നഗരസഭയും ഇരുപതു മന്ത്രിമാരും ഭരിക്കുന്ന തലസ്ഥാനത്ത് സന്ധ്യമയങ്ങിയാൽ റോഡിലിറങ്ങാൻ കൈയിൽ ടോർച്ച് വേണമെന്നതാണ് സ്ഥിതി. ഇപ്പോഴൊന്നും തുടങ്ങിയതല്ല, കത്താത്ത തെരുവുവിളക്കുകളുമായി ബന്ധപ്പെട്ട പരാതികൾ. 'ഇപ്പ ശര്യാക്കിത്തരാം" എന്നു പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. തിരുവനന്തപുരത്തു മാത്രമല്ല സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും ഏതാണ്ട് ഇതു തന്നെയാണ് അവസ്ഥ.
നഗരജീവിതം ആനന്ദമയമാക്കാനെന്ന പേരിൽ ഓരോ വർഷവും ചെലവിടുന്നത് കോടികളാണ്. പണമൊക്കെ കുറെപ്പേരുടെ കീശയിൽ പോകുന്നുവെന്നല്ലാതെ നഗരവാസികൾക്ക് പ്രത്യേകിച്ച് പ്രയജനമൊന്നുമില്ല.
തെരുവുവിളക്കുകൾ കത്താത്തതിനു കാരണങ്ങൾ പലതുണ്ടാകും. ഫ്യൂസായ വിളക്കുകൾ മാസങ്ങളായാലും മാറ്റിയിടുന്ന പതിവില്ലാത്തതാണ് പ്രധാന കാരണം. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയും മറ്റും കരാർ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. കരാറിൽ വ്യക്തമായ വ്യവസ്ഥകളൊക്കെയുണ്ടെങ്കിലും ഒന്നുംതന്നെ പാലിക്കാറില്ല. തെരുവുവിളക്കുകൾ കത്താതിരുന്നാലും കമ്പനി തിരിഞ്ഞുനോക്കുകയില്ല. അവരെക്കൊണ്ട് അതു ചെയ്യിക്കാൻ നഗരസഭാ ഭരണക്കാരും ശ്രമിക്കാറില്ല. തലസ്ഥാന നഗരിയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി മൂന്നു കരാറുകാരെയാണ് ഏല്പിച്ചിരിക്കുന്നത്. ഓരോ കമ്പനിയുടെയും കരാർ തുക 40 ലക്ഷം രൂപയാണെന്നാണ് വിവരം.
ഭീമമായ തുക നൽകിയിട്ടും നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകൾ കത്തുന്നില്ല. തെരുവുവിളക്കുകൾ മുടങ്ങാതെ കത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട നഗര ഭരണാധികാരികളാകട്ടെ 'തമസ്സല്ലോ സുഖപ്രദം" എന്ന മട്ടിൽ കഴിയുന്നു. നഗരസഭാ യോഗങ്ങളിൽത്തന്നെ എപ്പോഴും പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് കത്താത്ത തെരുവുവിളക്കുകളുമായി ബന്ധപ്പെട്ടാണ്. സാധാരണ ട്യൂബ് ലൈറ്റുകൾ ഉപയോഗിക്കുന്നതു കാരണമാണ് അവ എളുപ്പം ചീത്തയാകുന്നതെന്ന കണ്ടെത്തലിനെത്തുടർന്നാണ്, എങ്കിലിനി എൽ.ഇ.ഡി വിളക്കുകൾ മാത്രം മതിയെന്നു തീരുമാനിച്ചത്. തിരുവനന്തപുരം നഗരത്തെ മൂന്നു ഡിവിഷനുകളായി തിരിച്ച് എൽ.ഇ.ഡി വിപ്ളവം നടപ്പാക്കാൻ പദ്ധതിയും തയ്യാറാക്കി. പദ്ധതി തുടങ്ങിയതല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കത്തിക്കൊണ്ടിരുന്ന വിളക്കുകളും ക്രമേണ കണ്ണടച്ചതോടെ നഗരം പതിയെ കൂരിരുട്ടിലേക്കു വീഴുകയും ചെയ്തു. നിത്യേന വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ശംഖുംമുഖത്തു പോലും മാസങ്ങളായി തെരുവുവിളക്കുകൾ കത്തിയിട്ട്.
തലസ്ഥാനത്ത് ഇതാണ് സ്ഥിതിയെങ്കിൽ മറ്റിടങ്ങളിലെ സ്ഥിതി പറയാതിരിക്കുകയാകും ഭേദം. ചുമതലകൾ മറക്കുന്ന അധികൃതരും പ്രതികരണശേഷിയില്ലാത്ത ജനങ്ങളുമാകുമ്പോൾ ഇതൊക്കെയാകും ഫലം. സന്ധ്യയായാൽ നഗരം അപ്പാടെ ഇരുട്ടിലാണെന്ന് പരാതിയുയരാൻ തുടങ്ങിയിട്ടു മാസങ്ങളായി. എന്തുകൊണ്ടാണ് നഗരസഭയും മന്ത്രിമാരും ഇതിൽ ഇടപെട്ട് പരിഹാരം കാണാത്തത്? ഓണനാളുകളിൽ മാത്രം മതിയോ നഗരത്തിൽ വെളിച്ചം? ഇരുട്ടുവീണ നഗര വഴികളിലൂടെ എന്നും ചീറിപ്പാഞ്ഞുപോകുന്ന മന്ത്രിമാരുടെ മുഖത്തു കണ്ണില്ലേ, നഗരം അമ്പേ ഇരുട്ടിലാണെന്നു മനസ്സിലാക്കാൻ? ഒരു തലസ്ഥാന നഗരിക്കു വേണ്ട എന്തു പകിട്ടും പത്രാസുമാണ് ഇവിടെയുള്ളത്? തെരുവുവിളക്കുകളെങ്കിലും മുടങ്ങാതെ പ്രകാശിപ്പിക്കാൻ ഇവർക്ക് നടപടി എടുത്തുകൂടേ? കള്ളന്മാർക്കും അക്രമികൾക്കും മറ്റു സാമൂഹ്യവിരുദ്ധന്മാർക്കും മാത്രമാണ് തെരുവുവിളക്കുകൾ കത്താത്തതിന്റെ ഗുണം. അവരുടെ സ്വൈരവിഹാരത്തിനു പറ്റിയ അന്തരീക്ഷം അറിഞ്ഞുകൊണ്ടല്ലെങ്കിലും ഒരുക്കിനൽകുന്നത് അധികൃതർ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |