അവകാശപ്പെട്ട നികുതി വിഹിതം ലഭിക്കുന്നില്ലെന്ന് കേന്ദ്രത്തോട് പരാതിപ്പെടാത്ത ഒരു സംസ്ഥാനവുമില്ല. അതേസമയം അർഹിക്കുന്നതിനേക്കാൾ നൽകിയെന്നവകാശപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് കണക്കുകൾ നിരത്തുകയും ചെയ്യും. അടുത്തിടെ കേരളമാണ് ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കേരളത്തിന് അടിയന്തര ധനസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആവശ്യപ്പെട്ട അത്രയും തുക നൽകാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതുമില്ല. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ സഹകരണത്തിലൂടെയും സമന്വയത്തിലൂടെയുമാണ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ മുന്നോട്ടുപോകുന്നതും നിലനിൽക്കുന്നതും. എന്നിരുന്നാലും ചില വിഷയങ്ങളിൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ അധികാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇത്തരം അധികാര തർക്കങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഖനികളിലും ധാതുക്കളിലും നികുതി ഏർപ്പെടുത്താനുള്ള അധികാരം സംബന്ധിച്ചത്. സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ ആ തർക്കത്തിന് അന്തിമ തീർപ്പ് ഉണ്ടായിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ ഖനികൾക്കും ധാതുനിക്ഷേപങ്ങളുള്ള ഭൂമിക്കും ക്വാറികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം നിയന്ത്രിക്കാൻ കേന്ദ്രത്തിന് അവകാശമില്ലെന്നാണ് ഭൂരിപക്ഷ (8-1) വിധിയിലൂടെ കോടതി വ്യക്തമാക്കിയത്. നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിൽ വെള്ളം ചേർക്കുന്നത് വരുമാനം ഉയർത്താനുള്ള അവരുടെ ശ്രമങ്ങളെ തടയുന്നതിനു തുല്യമാണ്. വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ടായതിനാൽ അതിൽ ഇടപെടുന്നതിന് ഭരണഘടനാനുസൃതമായി പാർലമെന്റിന് അവകാശമില്ലെന്നാണ് വിധി.
ഖനികളും ധാതുക്കളുമായി ബന്ധപ്പെട്ട 1957-ലെ നിയമപ്രകാരം സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന റോയൽറ്റിക്കു പുറമെ നികുതി ചുമത്താമോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്. റോയൽറ്റി തുകയെ നികുതിയായി കണക്കാക്കാൻ കഴിയില്ലെന്നതിൽ ഒൻപതു ജഡ്‌ജിമാരും യോജിച്ചു. റോയൽറ്റിയെ നികുതിയായി തരം തിരിച്ച 1989-ലെ സുപ്രീംകോടതി വിധി തെറ്റാണെന്നും ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടി. ധാതുവിഭവങ്ങളാൽ സമ്പുഷ്ടമായ ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണെന്നതും സംസ്ഥാനങ്ങൾക്ക് അനുകൂലമായ വിധി പറയുന്നതിന് അനുകൂല ഘടകമായി. വിവിധ സംസ്ഥാനങ്ങളും മൈനിംഗ് കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും സമർപ്പിച്ചിരുന്ന 86 അപ്പീലുകളിൽ തീർപ്പു കൽപ്പിച്ചുകൊണ്ടാണ് വിധി. നിലവിൽ ഈ വിധിയുടെ പ്രയോജനം കൂടുതൽ ലഭിക്കുക നാലോ അഞ്ചോ സംസ്ഥാനങ്ങൾക്കാണെങ്കിലും ഭാവിയിൽ കൂടുതൽ ധാതുസമ്പത്തുകൾ കണ്ടെത്തുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ഗുണകരമായി മാറും.
ഭൂമി സംബന്ധമായ നികുതി പിരിക്കാനുള്ള അവകാശം സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 49 പ്രകാരം സംസ്ഥാന സർക്കാരുകൾക്കാണ്. ഇതിൽ അതത് സംസ്ഥാനങ്ങളിലെ ധാതുനിക്ഷേപമുള്ള ഭൂമിയും ഉൾപ്പെടുമെന്നും അതിനാൽ സംസ്ഥാന സർക്കാരുകൾക്കാണ് നികുതി ഏർപ്പെടുത്താനുള്ള അവകാശമെന്നുമാണ് കോടതി തീർപ്പു കൽപ്പിച്ചത്. എന്നാൽ മറ്റ് ഭൂമിയെന്നതുപോലെ ധാതുസമ്പത്തുള്ള ഭൂമിയിലെ നികുതി പിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നാണ് വിയോജന വിധിയിൽ ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കിയത്.
ടൈറ്റാനിയം, കരിമണൽ തുടങ്ങിയ ധാതുസമ്പത്തിന്റെ കാര്യത്തിൽ കേരളം അനുഗൃഹീതമാണെങ്കിലും അത് വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിൽ കേരളം പല കാരണങ്ങളാൽ ഇപ്പോഴും മടിച്ചുനിൽക്കുകയാണ്. ഈ പുതിയ വിധിയുടെ വെളിച്ചത്തിൽ മാറിയ സമീപനം സ്വീകരിക്കാൻ നമ്മുടെ സംസ്ഥാനവും ആലോചിച്ചു തുടങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |