ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് ചെമ്മീൻ കയറ്റുമതിക്ക് യു.എസ് 2019-ൽ നിരോധനം ഏർപ്പെടുത്തിയത്. ഇപ്പോഴും തുടരുന്ന നിരോധനം കാരണം സമുദ്രോത്‌പന്ന കയറ്റുമതിയിൽ പ്രതിവർഷം ഇന്ത്യയ്ക്ക് ഏതാണ്ട് 2500 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. കേരളത്തിലാകട്ടെ ഒട്ടേറെ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന മേഖലയാണ് ചെമ്മീൻ സംസ്‌കരണവും കയറ്റുമതിയും. കൊച്ചിയിലെ ഏതാനും ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടാനാകാതെ പൂട്ടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ സമരരംഗത്താണ്. സംസ്ഥാനം മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ പറ്റുന്ന വിഷയമല്ലിത്. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര തലത്തിലുള്ള ഇടപെടലും സ്വാധീനവും ഉപയോഗിച്ച് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരത്തിന് ഊർജ്ജിത ശ്രമം നടത്തേണ്ടതുണ്ട്.
കേരളം മാത്രമല്ല ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ചെമ്മീൻ കൃഷിയും കയറ്റുമതിയും നടത്തുന്നുണ്ട്. ആന്ധ്രയിൽ നിന്നാണ് ചെമ്മീൻ കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത്. സംസ്ഥാനങ്ങൾ ഒന്നിച്ചുനിന്ന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ട സന്ദർഭമാണിത്. പ്രത്യേകിച്ച്, അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്ന സ്ഥിതിക്ക്. മാത്രമല്ല, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയായിരുന്നു ഏറ്റവും നല്ല വില ഇന്ത്യൻ ചെമ്മീനു നൽകിയിരുന്നത്. 30 കോടി ഡോളറിന്റെ ചെമ്മീനാണ് അമേരിക്ക പ്രതിവർഷം ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ 60 ശതമാനവും കേരളത്തിൽ നിന്നായിരുന്നു. കടലിൽ നിന്ന് വലവീശി ചെമ്മീൻ പിടിക്കുന്നത് ഇന്ത്യയിൽ കടലാമകളുടെ വംശനാശത്തിനു കാരണമാകുന്നു എന്ന യു.എസിന്റെ ആരോപണത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. കേരളത്തിലും ആന്ധ്രയിലും ചെമ്മീൻകെട്ടുകളിലാണ് കൂടുതലും ചെമ്മീനുകളെ വളർത്തുന്നത്. ഇത് വലയിട്ട് വീശി പിടിക്കുന്നതല്ല.
ഇത്തരം കാര്യങ്ങളൊക്കെ വേണ്ടതുപോലെ യു.എസിനെ ഉന്നതതലത്തിൽ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ചെമ്മീനൊപ്പം ട്രോൾ വലകളിൽ കുരുങ്ങുന്ന കടലാമകൾക്ക് കടലിലേക്കുതന്നെ രക്ഷപ്പെടാൻ വഴിയൊരുക്കുന്ന ട്രെഡ് വലകൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഈ വലകൾക്ക് രാജ്യാന്തര നിലവാരമില്ല എന്നാണ് യു. എസ് ആരോപിക്കുന്നത്. ഇത്തരം വലകൾ ഇറക്കുമതി ചെയ്ത് സബ്‌സിഡിയോടെ വിതരണം ചെയ്യാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപടികൾ ആവിഷ്‌കരിക്കേണ്ടതാണ്. ചെമ്മീന്റെ കയറ്റുമതി നിരോധനം പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പ്രസ്താവിച്ചത് പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ട്.
കടലാമയ്ക്കു പിന്നാലെ സസ്തനി സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ സമുദ്രോൽപന്നങ്ങൾക്കും നിരോധനമേർപ്പെടുത്താൻ അമേരിക്ക തുനിയുന്നതായ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. ചെമ്മീൻ കൂടാതെ ഞണ്ട്, ചൂര, കൊഞ്ച്, ട്യൂണ, തിലോപ്പിയ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയും അമേരിക്കയിലേക്ക് നിലവിൽ ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ഇതെല്ലാം തടയപ്പെട്ടാൽ ഇന്ത്യയിലെ സമുദ്രോത്‌പന്ന കയറ്റുമതി വ്യവസായം തന്നെ തകരാൻ ഇടയാക്കും. ഇന്ത്യയ്ക്കെതിരായി യു.എസിൽ പ്രവർത്തിക്കുന്ന ചില ലോബികൾ ഇതിനു പിന്നിലുണ്ടെന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യു.എസ് വിലക്കിന്റെ ആഘാതം തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ യോഗം ചേർന്ന്, കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം നയതന്ത്ര തലത്തിൽ ഇടപെട്ടാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അതിനുള്ള അടിയന്തര നടപടികളാണ് ഇനി വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |