തിരുവനന്തപുരം:സംസ്ഥാനത്തെ പട്ടികജാതി -പട്ടിക വർഗ്ഗക്കാരിലെ ഉപ വിഭാഗങ്ങളുടെ സാമൂഹിക ,സാമ്പത്തിക സ്ഥിതി
നിർണ്ണയിക്കുന്നതിനും അവർക്കിടയിലെ അതി പിന്നാക്കക്കാർക്ക് സംവരണം ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചേക്കും.പട്ടിക വിഭാഗങ്ങളിലെ ക്രീമിലെയർ വിഭാഗത്തെ കണ്ടെത്തി
സംവരണത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടി വരും.
സർക്കാർ സർവീസിൽ ഉൾപ്പെടെ പട്ടിക ഉപ വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യക്കുറവ് ശാസ്ത്രീയവും ,കൃത്യവുമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണമെന്നാണ് സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.ഇത് തോന്നുംപടിയോ രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിറുത്തിയോ ആവരുതെന്നും തീരുമാനം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.സർക്കാർ ഉദ്യോഗസ്ഥരെയും രേഖകളും വിളിച്ചു വരുത്താൻ കമ്മിഷന് അധികാരമുണ്ടാവും.ശാസ്ത്രീയ പഠനത്തിന് വിദഗ്ദ്ധ അംഗങ്ങളയും കമ്മിഷനിൽ ഉൾപ്പെടുത്തിയേക്കും.വിവിധ പട്ടിക വിഭാഗ സമുദായങ്ങളുമായി ചർച്ച നടത്തിയ ശേഷമാവും സർക്കാർ തീരുമാനം.
ക്രീമിലെയർ നിർണയം
കുരുക്കാവും
പട്ടിക വിഭാഗങ്ങളിലെ ഓരോ ഉപ ജാതിക്കുമായി സംവരണം വീതം വയ്ക്കുക എളുപ്പമല്ല.ചില വിഭാഗങ്ങൾക്ക് മാത്രമായി സംവരണം ഇനി തുടരാനുമാവില്ല.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെടെയുള്ള ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കണം.ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ നിർണ്ണയത്തിന് വാർഷിക കുടുംബ വരുമാനം 8 ലക്ഷമാണ്. പട്ടിക വിഭാഗങ്ങളിൽ ഇതിന് പുതിയ മാനദണ്ഡം കണ്ടെത്തണം. നഗര പ്രദേശങ്ങളിലുള്ള ക്രീമിലെയർ വിഭാഗം സംവരണത്തിൽ നിന്ന് പുറന്തള്ളപ്പെടുമ്പോൾ,ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് അവസരം ലഭിക്കുമെന്നാണ് വിവക്ഷ.
എന്നാൽ, പഠനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളില്ലാത്ത ഗ്രാമീണ ഉദ്യോഗാർത്ഥികൾ ഉന്നത പഠനത്തിലും ഉയർന്ന ഉദ്യോഗങ്ങളിലും നിന്ന് പിന്തള്ളപ്പെടും.സംവരണ നഷ്ടമാവും ഫലം.
സംസ്ഥാനത്തെ പട്ടിക ഉപവിഭാഗങ്ങളുടെ കണക്ക് ലഭ്യമെങ്കിലും ഓരോ ഉപ വിഭാഗത്തിലെയും ജനസംഖ്യയും
ജീവിത നിലവാരവും സംബന്ധിച്ച കണക്കില്ല.സംവരണം ലഭിക്കാത്ത അതി ദരിദ്രരും കൂട്ടത്തിലുണ്ട്.പട്ടിക
ജാതിയിൽ 54ഉം പട്ടിക വർഗത്തിൽ 37ഉം ഉപജാതികളുണ്ടെന്നാണ് കണക്ക്.സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് 8
ശതമാനവും പട്ടിക വർഗക്കാർക്ക് 2 ശതമാനവുമാണ് സംവരണം.
ജാതി സെൻസസ്:
ഭയപ്പെട്ട് സർക്കാർ
പട്ടിക വിഭാഗം ഉൾപ്പെടെ സംസ്ഥാന വിവിധ സമുദായങ്ങളുടെ മുന്നാക്ക-പിന്നാക്കാവസ്ഥ കൃത്യമായി കണ്ടെത്തുന്നതിനും
പിന്തള്ളപ്പെട്ടവർക്ക് മതിയായ പ്രതിനിദ്ധ്യം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുകയാണ് പരിഹാരം.
എന്നാൽ,മുന്നാക്ക സമുദായങ്ങളുടെ എതിർപ്പ് ഭയന്ന് ഇടതു സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നാണ് പിന്നാക്ക-പട്ടിക
വിഭാഗക്കാരുടെ ആക്ഷേപം.
കേന്ദ്ര സർക്കാരാണ് ജാതി സെൻസസ് നടത്തേണ്ടതെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ,തങ്ങൾ
തയാറല്ലെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നടത്താമെന്നും മോദി സർക്കാർ വ്യക്തമാക്കി.സംസ്ഥാനങ്ങളുടെ
ജാതി സെൻസസിന് സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു.തുടർന്നാണ് തമിഴ്നാട്,കർണാടക ,ബീഹാർ
തുടങ്ങിയ സംസ്ഥാനങ്ങൾ ജാതി സെൻസസുമായി മുന്നോട്ടു പോയത്.എന്നിട്ടും,തൊടു ന്യായം പറഞ്ഞ് സർക്കാർ
ഒഴിഞ്ഞു മാറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |