മുണ്ടക്കൈയിലുണ്ടായ ദുരന്തം മുന്നറിയിപ്പ് മാത്രമല്ല, പ്രകൃതിയെ ഹനിച്ചുകൊണ്ട് നടത്തിയ പ്രവർത്തികൾക്കുള്ള താക്കീത് കൂടിയാണ്. മുണ്ടക്കൈയിൽ നിന്ന് തുടങ്ങുന്ന വെള്ളരിമല,പുത്തുമല,അരുണമല, ചേമ്പ്ര പീക്ക് എന്നിവയടങ്ങിയ ക്യാമൽ ഹമ്പ് പർവത നിരകൾ അതിസങ്കീർണവും അതീവ ലോലവുമായ പരിസ്ഥിതി സന്തുലനം നിലനിൽക്കുന്ന മർമ്മകേന്ദ്രമാണ്. മുണ്ടക്കൈ അടങ്ങിയ പശ്ചിമഘട്ടത്തിലെ മലനിരകളുടെ കിഴക്കൻ ചരിവിൽ വൻദുരന്തം വരാൻ പോകുന്നുവെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു.
1984ൽ മുണ്ടക്കെയിൽ വലിയ ദുരന്തമുണ്ടായിട്ടുണ്ട്. അന്ന് ഉരുൾപൊട്ടലിൽ 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2019 ആഗസ്റ്റ് 8ന് കേരളത്തെ നടുക്കിയ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായി. മുണ്ടക്കൈ അടുത്ത് പൂത്തുമല,കവളപ്പാറ,പാതാർ,ഇടുക്കിയിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിൽ അനവധി മനുഷ്യജീവനുകൾക്കും സ്വത്തിനും നാശം സംഭവിച്ചു. 2018ൽ കുറിച്യാർമലയിലും പഞ്ചാരക്കൊല്ലിയിലും 2020ൽ രണ്ടാംവട്ടം മുണ്ടക്കൈയിലും ഉരുൾപൊട്ടി. ജില്ലാഭരണകൂടം ജാഗ്രത പാലിച്ചതുകൊണ്ട് മാത്രം അന്ന് മനുഷ്യനാശം ഉണ്ടായില്ല. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയോട് ആവശ്യപ്പെട്ടതുപ്രകാരം ഒരു വിദഗ്ദ്ധസമിതി പഠനം നടത്തി. പക്ഷേ സമിതിയുടെ റിപ്പോർട്ടിൽ തുടർനടപടിയുണ്ടായില്ല. വയനാട് ജില്ലയിലെ മലഞ്ചരുവുകളിൽ 4000 കുടുംബങ്ങൾ പ്രകൃതി ദുരന്തമുണ്ടാകാവുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും അതാരും ഗൗനിച്ചില്ല.
1999ൽ ചേമ്പ്ര പീക്മലയിൽ വൻ ഇരുൾപൊട്ടലുണ്ടായതിനെ തുടർന്ന് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ വയനാട്ടിലെ മുണ്ടക്കൈ,പൂത്തുമല,ചേമ്പ്രാപിക്ക്,കുറിച്ചിയാർമല,കാപ്പിക്കളം തുടങ്ങിയ പ്രദേശങ്ങൾ അതീവ ഗുരുതരമായ ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലാണെന്ന് പറഞ്ഞിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. റിപ്പോർട്ട് നടപ്പിലാക്കിയാലും മുണ്ടക്കൈ പോലുള്ള ഉരുൾപൊട്ടൽ പശ്ചിമഘട്ടത്തിൽ കുറേക്കാലം കൂടി ഉണ്ടായേക്കാം. പക്ഷെ ഒരിക്കലും ഇത്രയും ഗുരുതരമായ ആഘാതം ഉണ്ടായിരിക്കില്ല. ഗാഡ്ഗിലിന്റെ മാത്രമല്ല,കസ്തൂരി രംഗന്റെയും ഉമ്മൻ പി.ഉമ്മന്റെയും റിപ്പോർട്ടിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശമേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് മുണ്ടക്കൈ.
അതീവ ലോലവും അതിസങ്കീർണവുമായ പരിസ്ഥിതി സന്തുലനം നിൽക്കുന്ന പ്രദേശത്ത് നിർമ്മിക്കുന്ന തുരങ്കം വയനാടിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയായിരിക്കും. വയനാട്ടിലെ യാത്രാപ്രശ്‌നം പരിഹരിക്കാനെന്ന പേരിലാണ് 2500 കോടിയുടെ തുരങ്കമുണ്ടാക്കുന്നത്. തുരങ്കത്തിന്റെ പണി ഉടൻ തുടങ്ങിയാലും പൂർത്തിയാക്കാൻ 20 വർഷമെങ്കിലും എടുക്കും. 100 കോടി ചിലവാക്കി നിലവിലുള്ള അഞ്ച് ചുരം റോഡുകൾ ബലപ്പെടുത്തിയാൽ രണ്ടു വർഷത്തിനിടെ ഗതാഗത പ്രശ്‌നം പരിഹരിക്കപ്പെടും. മലഞ്ചെരിവിലെ 4000 കുടുംബങ്ങളെ പുനരധിവസിക്കാൻ ഒരു കുടുംബത്തിന് 25 ലക്ഷം വച്ച് 1000 കോടി രൂപ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |