മരിച്ചയാളുടെ ശരീരം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജീർണിക്കാൻ തുടങ്ങും. അത് സ്വാഭാവികമാണ്. എന്നാൽ, ചില കോടീശ്വരന്മാരുടെ ശരീരം ജീർണിക്കില്ല. അതിനായി ഉപയോഗിക്കുന്ന മാർഗമാണ് 'ക്രയോപ്രിസർവേഷൻ'. യുഎസ് ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയാണ് ഇങ്ങനെ കോടീശ്വരന്മാരുടെ മൃതദേഹങ്ങൾ പ്രിസർവ് ചെയ്യുന്നത്. എന്നെങ്കിലും ഒരു കാലത്ത് പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സമ്പന്നന്മാർ ഇങ്ങനെ മൃതദേഹങ്ങൾ സൂക്ഷിച്ച് വയ്‌ക്കാൻ കമ്പനിയെ ഏൽപ്പിക്കുന്നത്.
അടുത്തിടെ പേപാൽ സഹസ്ഥാപകനായ പീറ്റർ തീൽ മരണശേഷം തന്റെ ശരീരം ക്രയോണിക്സ് മോഡലിൽ പ്രിസർവ് ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഒരു പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇത് നടക്കുമോയെന്ന് എനിക്കറിയില്ല. പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ പരീക്ഷിക്കണം', പീറ്റർ തീൽ പറഞ്ഞു. അമേരിക്കയിലെ അൽകോർ ലൈഫ് എക്സ്റ്റൻഷൻ ഫൗണ്ടേഷൻ എന്ന കമ്പനി 233 രോഗികളെയാണ് വർഷങ്ങൾക്ക് ശേഷം പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയിൽ ഇതിനകം പ്രിസർവ് ചെയ്‌തിരിക്കുന്നത്.
എന്താണ് ക്രയോപ്രിസർവേഷൻ ?
മനുഷ്യ ശരീരത്തെ വളരെ കുറഞ്ഞ താപനിലയിൽ തണുപ്പിച്ച് ജീർണനം ഉൾപ്പെടെയുള്ള എല്ലാ ജൈവ പ്രവർത്തനങ്ങളും നിലപ്പിക്കുന്ന രീതിയാണ് ക്രയോപ്രിസർവേഷൻ. ഭാവിയിൽ മരിച്ചയാളെ ജീവനോടെ തിരികെ കൊണ്ടുവരുന്ന പ്രക്രിയ കണ്ടെത്തുന്നത് വരെ ശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പല സമ്പന്നരും ഈ രീതി ഉപയോഗിക്കുന്നത്.
മൃതദേഹം ഐസ് വെള്ളത്തിൽ തണുപ്പിച്ച് ഓക്‌സിജൻ മാസ്‌കുകളും സിപിആറും ഉപയോഗിച്ച് ശരീര ചർമത്തിൽ ഓക്‌സിജൻ സാന്നിദ്ധ്യം നിലനിർത്തുകയും ചെയ്‌യും. പ്രത്യേകം സീൽ ചെയ്‌ത കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച് ക്രയോണിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. അവിടെ വച്ച് മൃതശരീരത്തിൽ രക്തപ്രവാഹം തുടരുന്നതിനും ഓക്‌സിജൻ നിലനിർത്താനുമായി അതിനെ ഒരു പ്രത്യേക യന്ത്രത്തിലേക്ക് മാറ്റും. ശരീര ചര്‍മം മരവിച്ച് ഐസാവാതിരിക്കാന്‍ ഒരു വിട്രിഫിക്കേഷന്‍ ലായനിയും പമ്പ് ചെയ്യും. ഇതിന് ശേഷം ദ്രവ നൈട്രജന്‍ വേപ്പര്‍ ചേമ്പറില്‍ മൃതശരീരം - 320 ഡിഗ്രിയില്‍ തണുപ്പിക്കും. ശരീരം ആവശ്യത്തിന് തണുത്ത് കഴിഞ്ഞാല്‍ അതിനെ ഒരു ദ്രവ നൈട്രജന്‍ ടാങ്കിലേക്ക് മാറ്റും. ഇതാണ് ഭാവിയിലേക്കായി സൂക്ഷിക്കുന്നത്.
ഗ്യാരന്റി ഇല്ല
നിരവധി കോടീശ്വരന്മാരാണ് തങ്ങളുടെ ശരീരം ക്രയോപ്രിസർവേഷനിലൂടെ സൂക്ഷിക്കണമെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇപ്പോഴേ കമ്പനിക്ക് ലക്ഷക്കണത്തിന് രൂപ നൽകിയവരുണ്ട്. 83 ലക്ഷം രൂപയാണ് മിഷിഗണിൽ നിന്നുള്ള 76 കാരനായ റിട്ടയേർഡ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവായ സ്റ്റീവ് ലെബെൽ നൽകിയിരിക്കുന്നത്.
മരിച്ചുപോയവരിൽ നിന്നും പണം വാങ്ങാൻ സാധിക്കാത്തതിനാൽ, കരാർ ഒപ്പിടുമ്പോൾ തന്നെ വലിയൊരു ശതമാനം തുകയും കമ്പനി കൈപ്പറ്റുന്നു. 96,39,127.50 രൂപ ($115,000 ) ആണ് മുഴുവൻ ശരീരവും പ്രിസർവ് ചെയ്യാനായി കമ്പനി ആവശ്യപ്പെടുന്നത്. തല മാത്രമാണെങ്കിൽ 20,95,462.50 രൂപ ( $25,000 ) ആണ്. പ്രായം അനുസരിച്ച് തവണകളായി പണം അടയ്‌ക്കാനുള്ള സൗകര്യവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.
വിമർശനം
തെറ്റായ പ്രതീക്ഷകൾ നൽകി ആളുകളിൽ നിന്ന് പണം കൈപ്പറ്റുകയാണെന്നാണ് പലരും കമ്പനിക്കെതിരെ ഉയർത്തുന്ന വിമർശനം. പുനരുജ്ജീവിപ്പിച്ച വ്യക്തികളുടെ ഓർമ, ഐഡന്റിറ്റി എന്നിവയും തിരികെ വീണ്ടെടുക്കാൻ സാധിക്കുമോ എന്ന സംശയവും ഇവർ ഉയർത്തുന്നുണ്ട്. ശീതീകരിക്കുമ്പോൾ മസ്‌തിഷ്‌കത്തിന് തകരാറുകൾ സംഭവിക്കില്ലേ? എന്ന ചോദ്യവും ഉയരുന്നുണ്ട്.
1967ൽ പ്രൊഫസർ ജെയിംസ് ഹിറാം ബെഡ്‌ഫോർഡിന്റെ ശരീരമാണ് ആദ്യമായി ഇത്തരത്തിൽ മരവിപ്പിച്ചത്. കാലിഫോർണിയ - ബെർക്ക്‌ലി സർവകലാശാലയിലെ മുൻ സൈക്കോളജി പ്രൊഫസറായിരുന്നു അദ്ദേഹം. 1967 ജനുവരിയിൽ വൃക്ക സംബന്ധമായ അർബുദം ബാധിച്ചാണ് മരിച്ചത്. പിന്നീട് 1980കളിൽ ആളുകളുടെ തല ഇത്തരത്തിൽ പ്രസർവ് ചെയ്യുന്ന രീതി ഉണ്ടായിരുന്നു. ഭാവിയിൽ മരിച്ചയാളുടെ മസ്‌തിഷ്‌കം കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ച് ജീവൻ തിരികെ കൊണ്ടുവരാം എന്നതായിരുന്നു ഇതിന് പിന്നിൽ.
ബിബിസിയുടെ ഒരു റിപ്പോർട്ട് പ്രകാരം, 1991ൽ ബെഡ്‌ഫോർഡിന്റെ ശരീരം പുറത്തെടുത്തിരുന്നു. അപ്പോൾ അയാളുടെ ശരീരത്തിൽ നിന്നും തണുത്തുറഞ്ഞ രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |