ബംഗ്ളാദേശിൽ രണ്ടുമാസമായി തുടരുന്ന സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം ജനകീയ പ്രക്ഷോഭമായി വളർന്ന് സർക്കാരിനെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്. തെരുവീഥികൾ കൈയടക്കിയ പ്രക്ഷോഭകാരികൾ വലിയ ജനക്കൂട്ടമായി ഇരച്ചെത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൈയേറുന്നതിനു തൊട്ടുമുൻപ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുടുംബാംഗങ്ങളെയും കൂട്ടി ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടാനാണ് അവർ ഒരുങ്ങുന്നത്. 2009 മുതൽ തുടർച്ചയായി ബംഗ്ളാദേശ് ഭരണം കൈയാളിയ ഷെയ്ഖ് ഹസീനയ്ക്ക് ഇത്തരമൊരു ദുഃഖകരമായ തിരിച്ചടി അവരുടെ കടുത്ത ശത്രുക്കൾ പോലും പ്രതീക്ഷിച്ചതല്ല. 'തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്നു പറഞ്ഞതുപോലെ അധികാരവും സിംഹാസനവുമൊക്കെ ഇല്ലാതാകാൻ അധികസമയം വേണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ദുര്യോഗം.
1971-ലെ ബംഗ്ളാദേശ് വിമോചനപ്പോരാട്ടത്തിൽ പങ്കെടുത്ത സേനാംഗങ്ങളുടെ പിന്മുറക്കാർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ മുപ്പതു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കമാണ് വിദ്യാർത്ഥി കലാപത്തിൽ കലാശിച്ചത്. സുപ്രീംകോടതി വിധി വന്നതോടെ കലാപം കെട്ടടങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷങ്ങളും തീവ്രവാദ സംഘടനകളുമെല്ലാം ചേർന്ന് ഹസീനയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നത്. ചൈന ഉൾപ്പെടെയുള്ള വൻ ശക്തികളുടെ പരോക്ഷ പിന്തുണ കൂടി ലഭിച്ചതോടെ പ്രക്ഷോഭം അക്രമത്തിലേക്കു തിരിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടുകൊണ്ട് ബംഗ്ളാദേശിനെ വൻ പുരോഗതിയിലേക്കു നയിച്ച ഷെയ്ഖ് ഹസീനയ്ക്ക് ജനരോഷത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനായില്ലെന്നത് വിരോധാഭാസം തന്നെയാണ്. കിഴക്കൻ പാകിസ്ഥാൻ എന്ന ഒട്ടും ചൈതന്യമില്ലാത്ത മേൽവിലാസവുമായി നിലനിന്നിരുന്ന രാജ്യത്തിന് സ്വാതന്ത്ര്യവും സ്വന്തം ഭാഗധേയം നിർണയിക്കാനുള്ള അവകാശവും നേടിക്കൊടുത്ത മുജിബുർ റഹ്‌മാൻ എന്ന പോരാളിയുടെ അരുമ സന്തതിയായ ഷെയ്ഖ് ഹസീന വീടും നാടും ഉപേക്ഷിച്ച് ഓടേണ്ടിവന്നത് വിധിയുടെ മറ്റൊരു വിളയാട്ടം തന്നെ.
ബംഗ്ളാദേശിലെ മുഖ്യ പ്രതിപക്ഷമായ ബി.എൻ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിലൂടെയാണ് ഹസീന നാലാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പുകാലം തൊട്ടേ അവരെ അധികാരഭ്രഷ്ടയാക്കാൻ പ്രതിപക്ഷ കക്ഷികൾ തക്കം പാർത്തിരിക്കുകയായിരുന്നു. ഷെയ്ഖ് ഹസീന രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്തതോടെ ഭരണം പട്ടാളം ഏറ്റെടുത്തിരിക്കുകയാണ്. പട്ടാളം അധികാരത്തിൽ കടിച്ചുതൂങ്ങുകയില്ലെന്നും എത്രയും വേഗം സർവ കക്ഷികൾക്കും പ്രാതിനിദ്ധ്യമുള്ള ഇടക്കാല ഗവൺമെന്റുണ്ടാക്കുമെന്നും സേനാ മേധാവി വഖാറുസ്‌മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക നേതൃത്വം വൃത്തികെട്ട അധികാരക്കളിക്കു മുതിരുകയില്ലെന്ന് ആശിക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ളാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വലിയ തലവേദനയാകും സൃഷ്ടിക്കുക. ഷെയ്ഖ് ഹസീനയുടെ കാലത്ത് ബംഗ്ളാദേശ് ഇന്ത്യയുമായി ഏറെ സൗഹൃദം പുലർത്തിയിരുന്നു. അഭിവൃദ്ധിയിലേക്കു കുതിച്ചുകൊണ്ടിരുന്ന ബംഗ്ളാദേശിനെ ആവും വിധമെല്ലാം സഹായിക്കാൻ ഇന്ത്യ പ്രത്യേക താത്പര്യമെടുത്തിരുന്നു.
ഇന്ത്യയുമായി 4500 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന ബംഗ്ളാദേശിലെ രാഷ്ട്രീയാനിശ്ചിതത്വവും ഭരണമാറ്റവും ഇന്ത്യയ്ക്കു പകരുന്ന ഉൽക്കണ്ഠ ചെറുതല്ല. അവിടത്തെ പ്രതിപക്ഷ കക്ഷികളിൽ പലതും ഇന്ത്യയോട് ഒട്ടും അനുഭാവമുള്ളവരല്ലെന്നു മാത്രമല്ല, ഇന്ത്യയെ ശത്രുവായി കാണാനാണ് അവർക്കു താത്‌പര്യം. അയൽപക്കത്ത് ഒരു ശത്രുരാജ്യം കൂടി ഉയർന്നുവരുന്നത് എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തീവ്രവാദ ആശയങ്ങൾ പുലർത്തുന്ന ജമാ അത്തെ ഇസ്ളാമി ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിൽ വഹിച്ച പങ്ക് ആപൽശങ്കകളോടെ വേണം കാണാൻ. ഹസീനയുടെ ഭരണകാലത്ത് ഈ സംഘടനയെ നിരോധിച്ചതാണെങ്കിലും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അവരെയും കാണാമായിരുന്നു. പ്രക്ഷോഭത്തിന് തീവ്രസ്വഭാവം നൽകുന്നതിലും അവർക്കു ഗണ്യമായ പങ്കുണ്ടായിരുന്നു. ഏതുനിലയിൽ നോക്കിയാലും ഇന്ത്യയുടെ വിദേശ നയത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബംഗ്ളാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾ. പാകിസ്ഥാൻ ഏതാണ്ട് പൂർണമായും ചൈനീസ് സ്വാധീനത്തിലായിക്കഴിഞ്ഞു. ബംഗ്ളാദേശിലും വൻതോതിൽ ചൈനീസ് നിക്ഷേപമുണ്ട്. ഇതും ഇന്ത്യയ്ക്കു വെല്ലുവിളിയാണ്. അയൽ രാജ്യങ്ങളിലെ രാഷ്ട്രീയാസ്ഥിരത നമ്മുടെ സുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. ബംഗ്ളാദേശിൽ ഇനി എന്ത് എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |