കലൈമാമണി കെ വി പ്രസാദ് എന്ന പേര് നാല് പതിറ്റാണ്ടിലധികമായി ദക്ഷിണേന്ത്യൻ സംഗീതത്തിലെ നിറസാന്നിദ്ധ്യമാണ്. തമിഴ്‌നാട് സർക്കാർ കലാരംഗത്ത് നൽകുന്ന അത്യുന്നത പദവിയായ കലൈമാമണി പുരസ്‌കാരം ലഭിച്ച മലയാളി കൂടിയാണ് പ്രസാദ്. ശെമ്മാങ്കുടി ശ്രീനിവാസ് അയ്യർ, എം.എസ് സുബ്ബലക്ഷ്‌മി, ഡി. കെ ജയരാമൻ, യേശുദാസ്, പാൽഘട്ട് കെ എൻ നാരായണസ്വാമി, വോൾട്ടി വെങ്കിടേശ്വരലു, ടി ബൃന്ദ തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാർക്കൊപ്പം മൃംദംഗം വായിച്ചു.
1987ൽ മോസ്‌കോയിൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ സുബ്ബലക്ഷ്മിക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഹോളണ്ട്, ഹംഗറി, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ സക്കീർ ഹുസൈൻ, ജി ഹരിശങ്കർ, ടിഎച്ച് വിനായകരം എന്നിവരെ പ്രസാദ് അനുഗമിച്ചിട്ടുണ്ട്.
'ഹിസ് ഹൈനസ് അബ്ദുള്ള,' 'ഭരതം,' 'കമലദളം,' 'കുടുംബസമേതം,' 'മണിച്ചിത്രത്താഴ്,' 'സോപാനം', 'ദേവാസുരം' തുടങ്ങിയ പ്രശസ്ത മലയാള സിനിമകളുടെ ഭാഗമായിരുന്നു. 90കളിൽ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി 500-ലധികം സിനിമകളിലും ജോൺസൺ, വിദ്യാസാഗർ, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങി എല്ലാ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. 2000-ലാണ് അദ്ദേഹത്തിന് കലൈമാമണി പട്ടം ലഭിച്ചു.
യേശുദാസിനൊപ്പമുള്ള കച്ചേരി അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് പറയുകയാണ് കെ വി പ്രസാദ്. യേശുദാസിനൊപ്പം മൃദംഗം പക്കവാദ്യം വായിക്കാൻ തുടങ്ങിയിട്ട് 40 വർഷത്തിലേറെയായെന്ന് അദ്ദേഹം പറയുന്നു.
''നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകൾ. ഒരിക്കൽ കച്ചേരി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കാനായി ഞാൻ പ്ളാസ്‌റ്റിക്ക് ബോട്ടിൽ തുറന്നു. പെട്ടെന്ന് ദാസേട്ടൻ എന്തെടാ എന്ന് ചോദിച്ചു. ഞാൻ പേടിച്ചു പോയി. നീ എന്തിനാ അത് തുറന്നേ എന്ന് അദ്ദേഹം ചോദിച്ചു. ശബ്‌ദം ഉണ്ടായതുകൊണ്ട് എന്നെ വഴക്കുപറയുകയാണെന്നാ ഞാൻ വിചാരിച്ചത്. പക്ഷേ തുറക്കുന്നതിനിടയിൽ എന്റെ കൈയിൽ ചെറിയൊരു പോറലുപോലും ഏറ്റാൽ കച്ചേരിക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടായിരുന്നു ദാസേട്ടൻ അങ്ങനെ പറഞ്ഞത്. അത്രയ‌്ക്ക് പ്രൊഫഷണലും കരുതലുമായിരുന്നു അദ്ദേഹത്തിന്.
കൊവിഡിന് ശേഷം ദാസേട്ടൻ ഇന്ത്യയിലേക്ക് വന്നിട്ടില്ല. അമേരിക്കയിലെ ഡാലസിലാണ് അദ്ദേഹം. കഴിഞ്ഞവർഷം അവിടെ പോയി കണ്ടിരുന്നു. എന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്ന് പാടിയിരുന്നു. കൊവിഡ് സമയം അല്ലായിരുന്നെങ്കിൽ മകന്റെ കല്യാണത്തിനും വന്ന് പാടുമായിരുന്നു.
അദ്ദേഹത്തിന് എറ്റവും വിഷമമുള്ളത് മൂകാംബികയിൽ വരാൻ കഴിയാത്തതാണ്. എല്ലാവർഷവും ജനുവരി 10ന് മൂകാംബികയിൽ പോയി ഭജനമിരിക്കാറുള്ളതാണ് ദാസേട്ടൻ. പക്ഷേ അദ്ദേഹം കണ്ണടച്ചാൽ മതി മൂകാംബികാ ദേവിയെ കാണാൻ പറ്റും. അത് പറഞ്ഞപ്പോൾ മൂകാംബികയിൽ പോകാൻ കഴിയാത്തതിന്റെ വിഷമം അദ്ദേഹം പ്രകടിപ്പിച്ചു.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |