സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രാബല്യത്തിലിരിക്കുന്ന ഓൾ പാസ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണ്. പരീക്ഷകളിൽ പത്തുശതമാനം മാർക്കുണ്ടെങ്കിലും ക്ളാസ് കയറ്റം നൽകുന്ന തലതിരിഞ്ഞ ഏർപ്പാട് എത്രയോ നാളായി നിലനിൽക്കുകയാണ്. പത്താം ക്ളാസ് ജയിക്കുന്ന കുട്ടികൾക്കുപോലും രണ്ടു വാചകം തെറ്റില്ലാതെ എഴുതാനോ പാഠഭാഗങ്ങൾ പോലും തെറ്റില്ലാതെ കൂട്ടിവായിക്കാനോ കഴിയാത്തവിധം വിദ്യാഭ്യാസ നിലവാരം പാതാളത്തോളം താഴ്‌ന്നതിന് മാറിമാറി വന്ന ഭരണകൂടങ്ങൾ മാത്രമാണ് ഉത്തരവാദികൾ. ക്ളാസ് പരീക്ഷകളിൽ മാത്രമല്ല, അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കടമ്പയായി കരുതപ്പെടുന്ന എസ്.എസ്.എൽ.സി പരീക്ഷയിലും ഉദാര സമീപനം സ്വീകരിച്ചതിനാൽ വിജയ ശതമാനം ഇപ്പോൾ നൂറിനടുത്ത് എത്തിയിരിക്കുന്നു. എഴുത്തുപരീക്ഷയിൽ പത്തുശതമാനം മാർക്കെങ്കിലും നേടിയാൽ ഒരു കുട്ടിക്ക് ഉപരിപഠന യോഗ്യത നേടാമെന്ന സ്ഥിതിവിശേഷം ഉന്നത പഠനരംഗത്ത് സൃഷ്ടിക്കുന്ന സമ്മർദ്ദം ചില്ലറയൊന്നുമല്ല.
അദ്ധ്വാനിക്കാൻ മടിയുള്ള അദ്ധ്യാപകരുടെയും അവർ അംഗങ്ങളായ വിവിധ അദ്ധ്യാപക സംഘടനകളുടെയും രൂക്ഷമായ എതിർപ്പുകൾക്കിടയിലാണ് ഓൾ പാസ് അവസാനിപ്പിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. അതു നടപ്പാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നാണ് സർക്കാരിനോട് ഞങ്ങൾക്കു പറയാനുള്ളത്. കുട്ടികളുടെ ഭാവിക്കും ഉന്നമനത്തിനും ഉതകുന്ന തീരുമാനമാണിത്. ഹൈസ്‌കൂൾ ക്ളാസുകളിൽ എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയാലേ അടുത്ത ക്ളാസിലേക്ക് പ്രവേശനം നൽകാവൂ എന്നാണ് പുതിയ നിബന്ധന. ഈ വർഷം തന്നെ എട്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് പുതിയ തീരുമാനം ബാധകമാക്കും. അടുത്ത വർഷം ഒൻപതാം ക്ളാസിൽ. എസ്.എസ്.എൽ.സിക്ക് 2027-ൽ പരിഷ്കാരം ബാധകമാക്കിയാൽ മതിയാകുമെന്നാണു തീരുമാനം. മിനിമം മാർക്ക് നിബന്ധന ഏർപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും മുന്നോട്ടു വന്നുകഴിഞ്ഞു.
തോറ്റ വിഷയത്തിന് നിശ്ചിത മിനിമം മാർക്ക് നേടാൻ രണ്ടാഴ്ചയ്ക്കകം പുനഃപരീക്ഷ നടത്താൻ അവസരം നൽകുന്നതാണ്. ഈ വിഷയങ്ങൾക്ക് കുട്ടികളെ വിജയികളാക്കാൻ അദ്ധ്യാപകർ ആവശ്യമായ ട്യൂഷൻ നൽകിയാൽ മതിയാകും. 1977 മുതൽ പ്രാബല്യത്തിലുള്ള ഓൾ പ്രൊമോഷൻ സമ്പ്രദായം വിദ്യാർത്ഥി സമൂഹത്തിന് എത്രമാത്രം ദോഷം ചെയ്തുവെന്ന് പറയേണ്ടതില്ല. എല്ലാവരും ജയിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ വിദ്യാഭ്യാസ മേഖലയുടെ അത്യുന്നത നേട്ടമായി പോലും തല്പരകക്ഷികൾ വിശേഷിപ്പിച്ചു. ഈ സത്യം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ക്രൂശിക്കപ്പെട്ടതും മറക്കാറായിട്ടില്ല.
പത്താം ക്ളാസിലും നിരന്തര മൂല്യനിർണയം പ്രാബല്യത്തിലുള്ളതിനാൽ ക്ളാസ് പരീക്ഷയിൽ പത്തു മാർക്കെങ്കിലുമുണ്ടെങ്കിൽ പാസാകും. അദ്ധ്യാപകരുടെ ഉദാര സമീപനം കാരണം 20 മാർക്ക് ഉറപ്പാണ്. പൊതു പരീക്ഷയിലും ഇതു തന്നെയാണ് സ്ഥിതി. ഉപരിപഠനത്തിനെത്തുമ്പോഴാണ് ഓൾ പാസ് വഴി കടന്നുകൂടിയവർ ശരിക്കും വിയർക്കുന്നത്. പുതിയ പാഠഭാഗങ്ങളുമായി പൊരുത്തപ്പെടാനാവാതെ പലരും പിൻതള്ളപ്പെടുന്നു. മത്സര പരീക്ഷകളിലാകട്ടെ ബഹുദൂരം പിന്നിലാകും ഇത്തരക്കാരുടെ സ്ഥാനം.
പഠിച്ചില്ലെങ്കിലും പാസാകാമെന്ന സ്ഥിതി വന്നാൽ അത് ഏറ്റവുമധികം ദോഷം ചെയ്യുന്നത് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാകും. വൈകിയാണെങ്കിലും ഓൾ പാസ് സമ്പ്രദായം നിറുത്തലാക്കാനുള്ള തീരുമാനം സമൂഹത്തിന്റെ ഉത്തമ താത്‌പര്യത്തിന് യോജിക്കുന്നതു തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |