വിദ്യാഭ്യാസത്തിലും കരിയറിലും വിജയിക്കുന്നതിന് കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്, താൽപ്പര്യം, അഭിരുചി, ലക്ഷ്യം, പ്രോഗ്രാമിന്റെ പ്രസക്തി എന്നിവ അടിസ്ഥാനമാക്കി ശരിയായ തീരുമാനമെടുക്കണം.
സാങ്കേതിക-ആശയവിനിമയ-സാമൂഹിക സ്‌കില്ലുകളെ ആശ്രയിച്ചിരിക്കുന്നു തൊഴിൽ സാധ്യത. വിദ്യാർത്ഥികൾ തൊഴിൽ ലഭ്യതാ മികവിന് ഊന്നൽ നൽകേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളിൽ ആശയവിനിമയ സ്‌കില്ലുകൾ കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആശയവിനിമയം, മാതൃഭാഷയിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം, കംപ്യൂട്ടർ പ്രാവീണ്യം തുടങ്ങിയവ മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ശ്രമങ്ങൾ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. പൊതുവിജ്ഞാനത്തിന് പതിവായി ദിനപത്രം വായിക്കണം.
ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിലൊന്ന് 18-24 വയസിനിടയിലുള്ളവരാണ്. ഇവർക്കിടയിൽ തൊഴിലില്ലായ്മ 42 ശതമാനത്തിലധികമാണ്. സാക്ഷരതയിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും മികവ് പുലർത്തുന്ന കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 31.8 ആണ്.
വിജ്ഞാനവും മനോഭാവവും
........................................
വിജ്ഞാനത്തോടൊപ്പം മനോഭാവാധിഷ്ഠിത നൈപുണ്യവും തൊഴിലവസരം വർദ്ധിപ്പിക്കും. യുവാക്കൾക്ക് തൊഴിലവസരം മെച്ചപ്പെടുത്തുന്നതിന് മൂല്യവർദ്ധിത കോഴ്‌സുകൾക്കൊപ്പം അപ്‌സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ സംരംഭമായ കൃഷിയിലൂടെ അസംഘടിത മേഖലയിൽ 92 ശതമാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നു. വ്യവസായ മേഖലയിലെ 73 ശതമാനം തൊഴിലവസരങ്ങളും എം.എസ്.എം.ഇ മേഖലയുടെ കീഴിലാണ്. കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള സംഘടിത കമ്പനികൾക്കും സർക്കാർ മേഖലയ്ക്കും 27 ശതമാനം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനാകൂ.
ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള കോഴ്‌സുകൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സേവന മേഖലയിലാണ് ധാരാളം അവസരങ്ങളുള്ളത്. എന്നാൽ ഇതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്.
തൊഴിൽ തരും കോഴ്സുകൾ
.....................................
ജനറേറ്റീവ് AI, മാരിടൈം ടെക്‌നോളജി, ഡിജിറ്റൽ മാരിടൈം & സപ്ലൈ ചെയിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓട്ടോമേഷൻ, ലോജിസ്റ്റിക് മാനേജ്‌മെന്റ്, കളിനറി ആർട്‌സ്, ഹോട്ടൽ മാനേജ്‌മെന്റ്, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, ഡിസൈൻ, ഡാറ്റ സയൻസ്, ഫുഡ് ടെക്‌നോളജി, അഗ്രിബിസിനസ് മാനേജ്‌മെന്റ്, അഗ്രി അനലിറ്റിക്‌സ്, ഹെൽത്ത് അനലിറ്റിക്‌സ്, നഴ്‌സിംഗ്, ഫിസിയോതെറാപ്പി, ഓട്ടോമേഷൻ, ഫിൻടെക്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്‌മെന്റ് &. ക്വാളിറ്റി കൺട്രോൾ, അക്കൗണ്ടിംഗ്, ക്യാബിൻ ക്രൂ, പൈലറ്റ്, സൈക്കോളജി, ഡെവലപ്‌മെന്റ് സയൻസ്, ഹൈടെക് ഹോർട്ടികൾച്ചർ മുതലായവ ഭാവിയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ചില കോഴ്‌സുകളാണ്.
ആനിമേഷൻ, ഓഗ്മെന്റഡ് & വെർച്വൽ റിയാലിറ്റി, കോസ്‌മെറ്റോളജി, ന്യൂട്രിഷൻ & ഡയറ്ററ്റിക്‌സ്, ഹെൽത്ത് ആൻഡ് വെൽനസ്, ഡെർമറ്റോളജി, കോമിക്‌സ്, ഗെയിമിംഗ് ടെക്‌നോളജി, ഊർജ്ജവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ, കാലാവസ്ഥാ ശാസ്ത്രം, പരിസ്ഥിതി കോഴ്‌സുകൾ, റീട്ടെയിൽ മാനേജ്‌മെന്റ്, പോർട്ട് മാനേജ്‌മെന്റ്, ഓൺട്രപ്രണർഷിപ്പ് മാനേജ്‌മെന്റ് എന്നിവ വളർന്നുവരുന്ന കോഴ്‌സുകളിൽ ചിലതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്
.....................................
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ഇന്റേൺഷിപ്പ് ഇടപെടലുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതമികവ് വർദ്ധിപ്പിക്കണം. മേജർ, മൈനർ കോഴ്‌സുകൾ ആലോചിച്ചു തീരുമാനിക്കണം. പ്ലെയ്‌സ്‌മെന്റും ഇൻഡസ്ട്രി അധിഷ്ഠിത ഗവേഷണവും സുഗമമാക്കണം.
എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ വിദ്യാർത്ഥികൾ താൽപര്യപ്പെടുന്നത് ആർക്കിടെക്ചർ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, എൻജിനിയറിംഗ് ഫിസിക്‌സ്, മെറ്റീരിയൽ സയൻസ്, ബയോടെക്‌നോളജി, സിവിൽ എൻജിനിയറിംഗ് എന്ന ക്രമത്തിലാണ്. ഈ വർഷം ആർക്കിടെക്ചറാണ് ഏറ്റവും ഇഷ്ടപ്പെട്ട കോഴ്‌സ്.
ബയോ എൻജിനിയറിംഗ്, റീജനറേറ്റീവ് ബയോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, മോളിക്യുലാർ മെഡിസിൻ, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം, സംയോജിത നിയമ പ്രോഗ്രാമുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് മുതലായവ STEM കോഴ്‌സുകൾക്കൊപ്പം ആവശ്യമുള്ള ചില കോഴ്‌സുകളായി ഉയർന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |