കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയവർ കേട്ടുകേൾവിയില്ലാത്ത ദുരിതം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തൽ. ജൂൺ ഏഴിനും (വിമാന നമ്പർ എസ് .വി 5693) എട്ടിനും (എസ്. വി 5305) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടവർക്കാണ് മക്തബ് നമ്പറും താമസസൗകര്യവും വെവ്വേറേ ഏജൻസികളെ ഏൽപ്പിച്ചതുമൂലം കടുത്ത ദുരിതമനുഭവിക്കേണ്ടി വന്നതെന്ന് ഹജ്ജാജിമാർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മക്തബ് നമ്പർ 161ൽ 'ഇക്റാമു ളയീഫ്' എന്ന പേരിൽ ഒരു കമ്പനിക്ക് കീഴിൽ ആണ് വിസകൾ നൽകിയത്. മക്തബ് നമ്പർ 284ൽ 'രിഹാലത്ത വ മനാഫിഅ' എന്ന കമ്പനിയുടെ കീഴിലാണ് 573 ബിൽഡിംഗ് നമ്പറിൽ താമസസൗകര്യവും ക്രമീകരിച്ചു.
ബിൽഡിംഗ് 573ൽ എത്തിച്ചേരുമ്പോൾ തന്നെ മക്തബ് 284 ജീവനക്കാരുമായുള്ള പ്രശ്നം ആരംഭിച്ചിരുന്നു, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നുസുക് കാർഡുകളും മക്തബ് ഐഡന്റിറ്റികളും നൽകുന്നതിൽ കാലതാമസമുണ്ടായി. ചിലർക്ക് മക്തബ് ഐഡന്റിറ്റി ടാഗ് നൽകിയില്ല. മിനയിലേക്ക് 'ഇക്റാം ളുയൂഫ്' എന്ന കമ്പനിയുടെ കീഴിൽ വിസ അടിച്ച ഹാജിമാർക്ക് ബസുകൾ ഏർപ്പാടാക്കിയിരുന്നില്ല . സമയത്ത് അറഫയിൽ എത്തുമോ എന്നും ആശങ്കമുണ്ടായി. പൊലീസ് ഇടപെട്ടാണ് വളരെ വൈകിയെങ്കിലും ബസിന് പുറപ്പെടാനായത്.
കെടുകാര്യസ്ഥതകൾക്ക് കാരണമായവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സൗകര്യങ്ങളുടെ അഭാവത്തിനും മാനസികവും ശാരീരികവുമായ ആഘാതങ്ങൾ അനുഭവിച്ചതിനും തീർത്ഥാടകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഡോ.പി.കെ.പി.മുസ്തഫ, ടി.പി.കുഞ്ഞിമൊയ്തീൻ, മുഹമ്മദ് ഹസീബ്, ഷറഫുദ്ധീൻ സഖാഫി, എസ്.പി.ഉമർ ഫാറൂഖ് എന്നിവർ ആവശ്യപ്പെട്ടു.
"ടെന്റുകളിൽ നിന്ന് പുറത്താക്കി"
ടെന്റ് നമ്പർ മാറി ബാഡ്ജ് നൽകിയതിന്റെ ഫലമായി മിനയിലെ നിയുക്ത ടെന്റുകളിൽ നിന്ന് പുറത്താക്കലും ഭക്ഷണം, താമസം, ഗതാഗതം എന്നിവ നിഷേധിക്കലുമുണ്ടായി. മിനയിലെ ഹജജ് കർമ്മങ്ങളെ ഇത് ബാധിച്ചു. ടെന്റിൽ നിന്ന് പുറത്തായവർ പുറത്തും കുവൈത്ത് പള്ളിയിലും അഭയം തേടേണ്ടി വന്നു. അനധികൃതമായി താമസിക്കുന്നുവെന്ന് പറഞ്ഞ് കമ്പനി സ്റ്റാഫ് ഹാജിമാരെ കൈയേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി. റോഡ് മാർഗ ഗതാഗതം തിരഞ്ഞെടുത്തവർക്ക് അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയിൽ നിന്ന് മിനയിലേക്കും ഗതാഗതത്തിനും ഭക്ഷണത്തിനും സൗകര്യമുണ്ടാക്കിയില്ല.
573 ബിൽഡിംഗിൽ 23 മണിക്കൂറോളം ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടായെന്നും ഹജ്ജാജിമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |