തിരുവനന്തപുരം: ഗ്യാലക്സി ചിട്ടിയിൽ ഖാദിവസ്ത്രങ്ങൾ സമ്മാനം നൽകുന്ന കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാനവിതരണവും ഓണം ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനവും അയ്യങ്കാളിഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യാവസായിക ഉത്പന്നം എന്നതിലുപരി ഖാദിക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുണ്ട്. 'നമ്മൾ നൂറ്റ നൂലുകൊണ്ട്, നമ്മൾ നെയ്ത വസ്ത്രംകൊണ്ട് നിർമ്മിതം. ഇത് അനീതിക്കൊരന്ത്യാവരണം' എന്നാണ് മലയാളികളുടെ പാട്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 130 കോടി രൂപയാണ് ഖാദിവ്യവസായത്തിനായി ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ചിട്ടിയിലും പത്തിലൊരാൾക്ക് 3,500 രൂപ വിലയുള്ള ഖാദി വസ്ത്രങ്ങളാണ് കെ.എസ്.എഫ്.ഇ നൽകുന്നത്. വയനാട് ദുരന്തബാധിതർക്കായി ഖാദിബോർഡിന്റെ 10 ലക്ഷത്തിന്റെ ചെക്ക് ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദിസംഘടനകളും സംഭാവന നൽകി.
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ കെ. എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, വാർഡ് കൗൺസിലർ പാളയം രാജൻ, കെ.എസ് .എഫ്.ഇ മാനേജിംഗ് ഡയറക്ടർ സനിൽ എസ്.കെ, ഖാദിബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി.സുധാകരൻ,എസ്.അരുൺ ബോസ്, എസ് .സുശീലൻ എസ്.വിനോദ്, ടി.ബൈജു, ബി.എസ്. രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |