തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതിലൂടെ വിവരാവകാശ കമ്മിഷന് പല്ലും നഖവുമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം. റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യം മുമ്പ് വിവരാവകാശ കമ്മിഷൻ നിരസിച്ചിരുന്നു. എന്നാൽ, കേരളകൗമുദിയിലെ മനോജ് വിജയരാജ് അടക്കമുള്ള മാദ്ധ്യമ പ്രവർത്തകരുടെ അപേക്ഷയിൻമേൽ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട് ഡോ.ഹക്കിം പുതിയൊരു ചരിത്രം രചിച്ചു. അതിന് പല കടമ്പകൾ വേണ്ടി വന്നെങ്കിലും പഴുതുകളില്ലാതെ വിവരാവകാശ നിയമത്തിൽ ഊന്നിനിന്ന് കൃത്യമായ നിലപാട് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
റിപ്പോർട്ട് സമർപ്പിച്ചശേഷം പത്തു ദിവസത്തിനകം വന്ന വിവരാവകാശ അപേക്ഷയാണ് അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്ന വിൻസൺ എം.പോൾ തള്ളിയത്. സർക്കാരിനു പഠിക്കാനുള്ള സമയം പോലും നൽകാതെ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. എന്നാൽ അന്ന് നിലനിന്ന സാഹചര്യം ഇപ്പോഴില്ലെന്നു റിപ്പോർട്ട് പുറത്തു വിടാനുള്ള കാരണങ്ങളിലൊന്നായി ഹക്കിം ചൂണ്ടിക്കാട്ടുന്നു. പുറത്തു വിടാനാകാത്ത വിവരങ്ങൾ ഒഴിവാക്കി മറ്റു വിവരങ്ങൾ പുറത്തുവിടാമെന്ന് വിവരാവകാശ നിയമം സെക്ഷൻ പത്തിൽ പറഞ്ഞിട്ടുള്ളതും അദ്ദേഹം ഉത്തരവിൽ വിശദീകരിച്ചു.
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഹക്കിം പിന്നീട് പബ്ളിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനായി. വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും മീഡിയ അക്കാഡമി സെക്രട്ടറിയായും പ്രവർത്തിച്ചു. പി.ആർ.ഡി അഡിഷണൽ ഡയറക്ടറായി വിരമിച്ച ശേഷമാണ് വിവരാവകാശ കമ്മിഷണറാകുന്നത്. കായംകുളം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |