കൊച്ചി: സിറോ മലബാർ സഭചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ ബിഷപ്പായി പ്രിൻസ് ആന്റണി പാണേങ്ങാടനെയും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ നിയമിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡ് യോഗത്തിലായിരുന്നു പ്രഖ്യാപനം. തോമസ് തറയിലിന്റെ നിയമന ഉത്തരവ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഫാ.എബ്രഹാം കാവിൽപുരയിടത്തിലും പ്രിൻസ് ആന്റണിയുടെ നിയമനഉത്തരവ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയായതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തോമസ് തറയിൽ നിയമിതനായത്. നിലവിൽ അതിരൂപതയുടെ സഹായമെത്രാനാണ്. ഷംഷാബാദ് രൂപത ബിഷപ്പായിരുന്ന റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് നിലവിൽ അദിലാബാദ് രൂപത ബിഷപ്പായ പ്രിൻസ് ആന്റണിയെ നിയോഗിച്ചത്. സ്ഥാനാരോഹണ ദിവസം പിന്നീട് തീരുമാനിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |