ചെന്നൈ: സിനിമാമേഖലയിലെ പ്രശ്നങ്ങളെച്ചൊല്ലി മാദ്ധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ളചോദ്യങ്ങളോടാണു താരം ക്ഷുഭിതനായി പ്രതികരിച്ചത്. തമിഴ് സിനിമയിൽ പ്രശ്നമില്ല. പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്ന് ജീവ പറഞ്ഞു. തേനിയിലെ സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ജീവയോട് മാദ്ധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച് പ്രതികരണം ആരാഞ്ഞത്.
നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ ആദ്യ മറുപടി. ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് മറുപടി നൽകിയത്. എന്നാൽ തുടർന്ന് ചോദ്യങ്ങളെത്തിയതോടെയാണ് ജീവ പ്രകോപിതനായത്.
മോഹൻലാലും സുരേഷ്ഗോപിയും ചോദ്യങ്ങളിൽ
നിന്നും ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് കസ്തൂരി
തിരുവനന്തപുരം: മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി കസ്തൂരി. സുരേഷ് ഗോപി ദേഷ്യപ്പെടുന്നതിനു പകരം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.
''മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല. തന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്ന് രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.'' – കസ്തൂരി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിംഗ് സെറ്റിൽ നിന്നും താൻ പോയെന്നും കസ്തൂരി പറഞ്ഞു. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി പറഞ്ഞു.
ഐ.എൻ.ടി.യു.സിയുമായി
സഹകരിക്കാൻ 'മാക്ട'
ആലുവ: സിനിമ ടെക്നീഷ്യന്മാരുടെ സംഘടനയായ മാക്ട ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനുമായി മാക്ട ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒൗദ്യോഗിക പ്രഖ്യാപനം നാലിന് തിരുവനന്തപുരത്ത് നടത്തും.
എ.ഐ.ടി.യു.സിയുമായി സഹകരിച്ചാണ് നേരത്തെ പ്രവർത്തിച്ചിരുന്നത്. കാനം രാജേന്ദ്രൻ ചെയർമാനായിരുന്നു. എന്നാൽ, ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ടും സി.പി.ഐ കത്തു കൊടുത്താൽ ചവറ്റുകുട്ടയിലാണ് തള്ളിയിരുന്നതെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. എ.കെ. ബാലൻ സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് രണ്ടുകൊല്ലം മുമ്പ് സി.പി.ഐ ബന്ധം അവസാനിപ്പിച്ചത്.
മലയാളം കൂടാതെ തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയിലും യൂണിയൻ പ്രവർത്തനം വ്യാപിപ്പിക്കും. ചലച്ചിത്ര നിർമ്മാണത്തിന്റെ പിന്നണി ജോലികൾ ചിലർ കുത്തകയാക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ആവശ്യമെങ്കിൽ ചലച്ചിത്ര നിർമ്മാണം തടസപ്പെടുത്തിയുള്ള സമരത്തിനും നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |