വൈപ്പിൻ: എഴുപത്തിനാലു വർഷം മുമ്പ് കോഴിക്കോട് ഫറൂഖ് കോളേജിന് ദാനമായി ഭൂമി നല്കിയപ്പോൾ തീറാധാരത്തിൽ വഖഫായി നല്കുന്നു എന്നതിന്റെ പേരിൽ വില കൊടുത്ത് വാങ്ങിയ ഭൂമിയിൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുകയാണ് മുനമ്പം പള്ളിപ്പുറം മേഖലയിലെ 610 കുടുംബങ്ങൾ. 1989 മുതൽ പല അവസരങ്ങളിലായി ഫറൂഖ് കോളേജിൽ നിന്ന് വില കൊടുത്ത് ഭൂമി തീറ് വാങ്ങി ആധാരം പോക്ക് വരവ് ചെയ്ത് താമസിക്കുന്നവരാണ് കിടപ്പാടം നഷ്ടമാകുമോയെന്ന് ഭയന്ന് കഴിയുന്നവർ. വീടുകൾ കൂടാതെ കടകൾ , കടപ്പുറം വേളാങ്കണ്ണി പള്ളി , വൈദിക മന്ദിരം , സെമിത്തേരി , കോൺവെന്റ് എന്നിവയും വസ്തുവകകളിൽ ഉൾപ്പെടുന്നു.
മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരുണ്ട് ഇവരിൽ. വഖഫ് ബോർഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. 2022 വരെ കരമടച്ച് കൈവശം വച്ചു പോന്ന ഭൂമിയിൽ അവകാശമുന്നയിച്ച് വഖഫ് ബോർഡ് കത്ത് നൽകിയതോടെ ഉടമകൾക്ക് റവന്യൂ ഇടപാടുകൾ നിഷേധിക്കപ്പെട്ടു. കരംപോലും സ്വീകരിക്കുന്നില്ല. വിൽക്കാനോ പണയംവയ്ക്കാനോ കെട്ടിടം നിർമ്മിക്കാനോ സാധിക്കാതെ കെണിയിലായ അവസ്ഥയാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ കൂടിയ രൂപത രാഷ്ട്രീയ സമിതി ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ പഠനം, വിവാഹം, ഭവന നിർമ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങൾ വഴിമുട്ടി നിൽക്കുകയാണ്.
114 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളവും
1902 ൽ തിരുവിതാംകൂർ മഹാരാജാവ്, അബ്ദുൾ സത്താർ മുസ്സ സേഠുവിന് കൃഷി ആവശ്യത്തിനായി പാട്ടത്തിന് നൽകിയ 404 ഏക്കർ ഭൂമി 1948ൽ പിന്തുടർച്ചാവകാശിയായ സിദ്ധിഖ് സേഠ് ഇടപ്പള്ളി സബ് രജിസ്ട്രാഫീസിൽ നിന്നും രജിസ്റ്റർ ചെയ്തു വാങ്ങി. കടൽകയറി ഭൂമി നഷ്ടപ്പെട്ട് വെറും 114 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളവും മാത്രമായി ഈ സ്ഥലം ചുരുങ്ങി. 1950ൽ ഭൂമി ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ സിദ്ദിഖ് സേഠ് ഫറൂഖ് കോളേജിന് ദാനമായി നൽകി. 1951ൽ ഫറൂഖ് കോളേജ് ഭൂമിക്ക് പട്ടയം വാങ്ങി. 34 വർഷത്തെ കേസുകൾക്ക് ശേഷം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഭൂമി ഫറൂഖ് കോളേജിന്റേതാണെന്ന് വിധിച്ചു. തുടർന്നാണ് താമസക്കാർ ഫറുഖ് കോളേജിൽ നിന്നും വില കൊടുത്ത് ഭൂമി തീറ് വാങ്ങിയത്.
'35 വർഷത്തിനു ശേഷം ഇപ്പോൾ വഖഫ് ബോർഡ് ഈ സ്ഥലത്തിന് അന്യായമായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് .ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം
ഫാ.ആന്റൺ ജോസഫ് ഇലഞ്ഞിക്കൽ,പി.ആർ. ഒ. കോട്ടപ്പുറം രൂപത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |